ലണ്ടൻ: ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതോടെ ബ്രിട്ടനിൽ ഇന്ത്യൻ വംശക്കാരുടെ ഓരോ നേട്ടവും മാധ്യമ ലോകം ആഘോഷമാക്കുകയാണ്. അനേകകാലം ബ്രിട്ടന്റെ കോളനി രാജ്യമായി കിടന്ന ഇന്ത്യ ഇന്ന് ബ്രിട്ടനേക്കാൾ വലിയ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്ന വാർത്തകൾ ലോകം ആഘോഷമാക്കുമ്പോൾ തന്നെയാണ് ഇന്ത്യൻ വംശജർ ബ്രിട്ടനിൽ നടത്തുന്ന വിജയ തേരോട്ടങ്ങളും വാർത്തയാകുന്നത്.

ഇത്തരത്തിൽ വലിയ ശ്രദ്ധ നേടിയ വാർത്തയാണ് ഇന്നലെ ബ്രിട്ടീഷ് മാധ്യമങ്ങൾ ഒന്നാം പേജിൽ ആഘോഷമാക്കി മാറ്റിയത്. ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ എത്തുന്ന ബ്രാഡ്ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ ആയി ഇന്ത്യൻ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാൻ ചുമതലയേറ്റ വിവരമാണ് മാധ്യമങ്ങളിൽ മറ്റൊരു ഇന്ത്യൻ തേരോട്ടമായി പ്രത്യക്ഷപ്പെട്ടത്.

ഏഷ്യൻ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന വനിത

ബ്രിട്ടനിലെ ഇന്ത്യൻ അധിനിവേശം ഋഷിയിൽ അവസാനിക്കുന്നില്ല എന്നാണ് അനിതയുടെ പുതിയ റോൾ വെളിപ്പെടുത്തുന്നത്. ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന ബ്രിട്ടനിലെ ബ്രാഡ്ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ അനിത റാണി ജന്മം കൊണ്ട് ഋഷിയെ പോലെ ബ്രിട്ടീഷ് ആണെങ്കിലും വേരുകൾ ഇന്ത്യയിൽ പഞ്ചാബിലേക്ക് നീളുകയാണ്. മുൻ ടെലിവിഷൻ അവതാരിക കൂടിയാണ് അനിത റാണി.

ഏഷ്യൻ സ്ത്രീകൾ ജീവിതത്തിൽ പരാജയപ്പെടാൻ കുടുംബം അനുവദിക്കാറില്ലെന്നി അനിത വെളിപ്പെടുത്തിയിട്ടുള്ളത് സ്വന്തം അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ്. ''ഏതു രംഗത്തും സ്ത്രീകൾ ഒന്നാമതായി എത്താൻ ഏഷ്യൻ കുടുംബങ്ങൾ നൽകുന്ന ശ്രദ്ധ വലുതാണ്. ലോകം മാതൃകയാകേണ്ടതുമാണിത്'' , പല തവണ ഏഷ്യൻ പാരമ്പര്യത്തിൽ ഉള്ള അഭിമാനം വാക്കുകളിൽ പ്രകടിപ്പിച്ചിട്ടുള്ള അനിതയുടെ നിലപാടാണിത്.

സ്വാഭാവികമായും ചെറിയൊരു വാർത്തയായി പോകേണ്ട സംഭവം അനിതയുടെ ഇന്ത്യൻ പശ്ചാത്തലവും സെലിബ്രിറ്റി സ്റ്റാറ്റസും ഒക്കെയാണ് അവരെ ഗ്ലാമർ ലുക്കിൽ ഒന്നാം പേജിൽ എത്തിച്ചത്. ഫാഷൻ മോഡലുകൾക്ക് ഇണങ്ങും വിധം ഉള്ള കോസ്റ്റ്യൂമിൽ അനിത പ്രത്യക്ഷപ്പെട്ടതോടെ മാധ്യമ കണ്ണിൽ ഒഴിവാക്കാനാകാത്ത ഒന്നാം പേജ് വാർത്തയായി അനിത മാറി. ഇതോടെ ലോകമെങ്ങും അനിതയുടെ പ്രശസ്തി എത്താനും ഇന്ത്യൻ വംശജ ബ്രിട്ടനിൽ നിർണായക പദവിയിൽ എത്തി എന്നതിന് കൂടുതൽ പ്രചാരണം ലഭിക്കാനും കാരണമായി. ബ്രിട്ടനിൽ ജനിച്ചു വളർന്ന ഋഷിക്ക് എങ്ങനെ ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടാനാകും എന്ന ചോദ്യം അനിതയുടെ കാര്യത്തിലും വിമർശകർ ഉയർത്താനിടയുണ്ട്.

ഒരു പഞ്ചാബി പെൺകുട്ടി ബ്രിട്ടീഷ് സർവകലാശാലയുടെ ചാൻസലറോ?

ബ്രാഡ്‌ഫോർഡിൽ വളർന്ന ഒരു ഇന്ത്യൻ കുടുംബത്തിലെ ഒരു പെൺകുട്ടി ഈ പദവിയിൽ എത്തുക എന്നത് വിശ്വസിക്കാമോ എന്നാണ് തന്റെ പദവിയെക്കുറിച്ചു അനിത സ്വയം ചോദിക്കുന്നത്. തന്റെ ജീവിതത്തിൽ ബ്രാഡ്ഫോർഡ് എന്നും പ്രിയപ്പെട്ടതാണ് എന്നും അവർ കൂട്ടിച്ചേർത്തു. മികച്ച ഭാവിയോടെ മുന്നേറാൻ ബ്രാഡ്‌ഫോർഡിൽ എത്തുന്ന ഓരോ വിദ്യാർത്ഥിക്കും പ്രചോദനമാകേണ്ടതാണ് അനിതയുടെ സ്വന്തം ജീവിതം.

തന്റെ ജീവിതത്തിലൂടെ കടന്നു പോയ ആളുകളും അനുഭവവുമാണ് തന്നെ ഈ പദവിയിൽ എത്തിച്ചതെന്നും അവർ വ്യക്തമാക്കുന്നു. യുകെയിലെ ആദ്യ ഏഷ്യൻ വനിതയായി ചാൻസലർ പദവിയിൽ എത്തുന്ന വ്യക്തിയാണ് അനിത എന്ന് കരുതപ്പെടുന്നു. ഈ നേട്ടത്തിലൂടെ യുകെയിലെ മുഴുവൻ ഏഷ്യൻ വംശജരെയും പ്രചോദിപ്പിക്കാൻ അനിതയ്ക്ക് കഴിയുന്നു എന്നും യൂണിവേഴ്‌സിറ്റി സഹപ്രവർത്തകർ വിശ്വസിക്കുന്നു.

പാരമ്പര്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരമായി കല്യാണ വിശേഷം

എന്നാൽ പാരമ്പര്യ ഹിന്ദു കുടുംബത്തിൽ തന്നെയാണ് അവർ ജനിച്ചതും വളർന്നതും എന്നാണ് ഇന്ത്യൻ ആരാധകരുടെ അവകാശവാദം, ബ്രിട്ടീഷ് മണ്ണിൽ ജനിച്ചു വളരുന്ന നല്ല പങ്കു ഇന്ത്യൻ കുടിയേറ്റക്കാരും സ്വന്തം അസ്തിത്വം നിലനിർത്തുന്നതിൽ അഭിമാനിക്കുന്നവർ ആണെന്നും ജീവിതത്തിൽ ഒരിക്കൽ എങ്കിലും വംശീയത സംബന്ധിച്ച ഒരു ചോദ്യമോ നോട്ടമോ ഏൽക്കാത്തവരായി അവരിൽ ആരും കാണില്ല എന്നത് തന്നെ ഋഷിയുടെയോ അനിതയുടെയോ ഒക്കെ പാരമ്പര്യത്തെ സംശയത്തോടെ നോക്കുന്നവരോട് അവരുടെ ആരാധകർക്ക് പറയാനുള്ളതും.

മാധ്യമ പ്രവർത്തകയായി തിളങ്ങിയ അനിത ബ്രാഡ്‌ഫോർഡിൽ ജനിച്ചു വളർന്നത് ഹിന്ദുവായ അച്ഛന്റെയും സിഖ് വിശ്വാസിയായ അമ്മയുടെയും തണലിലാണ്. ജനിച്ചു വളർന്ന പട്ടണത്തിലെ തന്നെ സർവകലാശാലയുടെ അധിപയായി എത്തുന്നു എന്നതും പ്രത്യേകതയാകുകയാണ്. മകൾ ആരെ വിവാഹം കഴിക്കുന്നതിലും എതിർപ്പില്ല പക്ഷെ അതൊരു ഇന്ത്യൻ വംശജൻ ആയിരിക്കണം എന്ന അനിതയുടെ അമ്മയുടെ ആഗ്രഹം പോലെ പാരമ്പര്യ രീതിയിൽ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു അനിതയുടേതും ഭർത്താവ് ഭൂപീന്ദർ റാഹേലിന്റെതും എന്ന് വെളിപ്പെടുമ്പോൾ അവരുടെ പാരമ്പര്യം സംബന്ധിച്ച സകല ചോദ്യങ്ങൾക്കും കൂടിയാണ് ഉത്തരമാകുന്നത്. അനേകം ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായി ബ്രാഡ്ഫോർഡ് യൂണിവേഴ്‌സിറ്റി മാറുന്നതും അനിതയുടെ വരവിൽ സവിശേഷ ശ്രദ്ധ നേടുകയാണ്.

മുത്തച്ഛന്റെ ആദ്യ ഭാര്യയും കുട്ടികളും ഇന്ത്യൻ വിഭജന ലഹളക്കാലത്തു കൊല്ലപ്പെട്ടത് ഉൾപ്പെടെ അനുഭവങ്ങളുടെ വലിയൊരു ശേഖരമുള്ള കുടുംബ താവഴിയാണ് അനിതയുടേത്. മുത്തച്ഛൻ ബ്രിട്ടീഷ് പട്ടാളത്തിലും തുടർന്ന് വിഭജന ശേഷം ഇന്ത്യൻ പട്ടാളത്തിലും സേവനം ചെയ്താണ് പഞ്ചാബിയായ പട്ടാളക്കാരൻ എന്ന മേൽവിലാസം സൃഷ്ടിച്ചെടുത്തത്. ഇന്ത്യയിലുടനീളം സഞ്ചരിച്ചു കാറുകളുടെ ഉപയോഗത്തിൽ ഇന്ത്യക്കാരുടെ അഭിരുചി കണ്ടെത്തിയ ചാനൽ ഡോക്യൂമെന്ററിയും അനിതയുടെ സംഭാവനയാണ്. മികച്ച പാശ്ചാത്യ നർത്തകി കൂടിയായ അനിത സ്ട്രിക്റ്റ്ലി കം ഡാൻസിങ് മത്സരാർത്ഥി ആയി സെമി ഫൈനൽ വരെ എത്തിയിട്ടുണ്ട്.