- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി തിരികെ നാട്ടിലെത്തി. ആൻ ടെസ്സ ജോസഫ് എന്ന യുവതിയാണ് നാട്ടിലെത്തിയത്. ഇക്കാര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂർ സ്വദേശി ആൻ ടെസ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്.
വാഴൂർ കാപ്പുകാട് താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനിയാണ് ആൻ ടെസ്സ ജോസഫ്. കഴിഞ്ഞ ഒമ്പതുമാസമായി കപ്പലിൽ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു ആൻ. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലിൽ ജോലിക്ക് കയറിയത്. കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആൻ ടെസ ജോസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു.
ഇറാൻ പിടികൂടിയ കപ്പലിൽ മൊത്തം 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഇതിലൊരാളായ ആൻ ടെസയാണ് ഇപ്പോൾ തിരികെ നാട്ടിലെത്തിയിരിക്കുന്നത്. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്‌തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
തൃശ്ശൂർ വെളുത്തൂർ സ്വദേശികളും കോട്ടയം കൊടുങ്ങൂരിൽ താമസക്കാരുമായ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകൾ ആൻ ടെസ ജോസഫ്. കൊടുങ്ങൂരിലെ വീട്ടിലേക്ക് അടുത്തദിവസം ആൻ ടെസ്സ എത്താനിരിക്കുകയായിരുന്നു. ബി.എസ്സി. നോട്ടിക്കൽ സയൻസ് പാസായ ആൻ ടെസ്സ പരിശീലനത്തിന്റെ ഭാഗമായി ഒൻപതുമാസം മുൻപാണ് എം.എസ്.സി. ഏരിസ് എന്ന കപ്പലിൽ എത്തിയത്.
കപ്പലിലകപ്പെട്ട കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി, കപ്പലിലെ സെക്കൻഡ് എൻജിനിയർ ശ്യാംനാഥ് തേലാംപറമ്പത്ത് ഇതേ കമ്പനിയിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 10 വർഷമായിരുന്നു. കഴിഞ്ഞ പ്രാവശ്യം ലീവിനുവന്നശേഷം കല്യാണംകഴിഞ്ഞ് സപ്തംബറിലാണ് ശ്യാംനാഥ് തിരിച്ചുപോയത്. ഫെബ്രുവരിയിൽ വരാനിരിക്കുന്‌പോൾ ലീവിനുപോയ ഒപ്പമുണ്ടായിരുന്ന എൻജിനിയർ തിരിച്ചുവരാത്തതിനാൽ യാത്ര മുടങ്ങുകയായിരുന്നു. അടുത്ത മാസം തിരിച്ചുവരാനിരിക്കയായിരുന്നു.
വിദേശകാര്യ മന്ത്രാലയവും ഇറാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ ശക്തമായ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. വിദേശ കാര്യമന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് മടങ്ങിവരവ് സാധ്യമായതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വൾ എക്‌സിലൂടെ അറിയിച്ചു.
ഇറാൻ കപ്പൽ റാഞ്ചിയ വിവരം പുറത്ത് വന്നതോടെ ഇന്ത്യക്കാരായ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി എച്ച് അമിറാബ്ദുള്ളാഹിയാനുമായി നാലു ദിവസം മുമ്പ് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ എംബസി ഉദ്യോഗസ്ഥർക്ക് ഇറാൻ അനുവാദം നൽകി. ഇതിന് പിന്നാലെയാണ് ആൻ ടെസ ജോസഫിന്റെ മോചനം സാധ്യമായത്.