- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉറപ്പ്; റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ആയുധം എടുക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഇറാനും കളിതുടങ്ങും; ലോക പോലീസാവാന്‍ ഒരുങ്ങി ചൈനയും; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ
ലോക പോലീസാവാന്‍ ഒരുങ്ങി ചൈന; യുദ്ധ ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് നാറ്റോ
വാഷിങ്ടണ്‍: അഞ്ച് വര്‍ഷത്തിനകം ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ പൊതുവേ എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ണമായ തോതില്‍ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് നാറ്റോ സഖ്യം. ഏഷ്യയിലും യൂറോപ്പിലും ഇപ്പോള്‍ യുദ്ധമുഖങ്ങളുണ്ട്. യുക്രൈന്‍-റഷ്യ യുദ്ധം അനന്തമായി നീണ്ടു പോകുന്നു. ഇതോടൊപ്പമാണ് പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കി ഇസ്രായേല്‍ ലെബനിലേക്കും കടന്നുകയറാന്‍ ഒരുങ്ങുന്നത്. ഈ യുദ്ധങ്ങള്‍ക്ക് പുറമേ വിശാലമായ പ്ലാനോടെ ചൈനയും രംഗത്തുവന്നാല്‍ മൂന്നാം ലോക യുദ്ധം ആസന്നമാകും.
മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ വന്‍ തോതില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുളള പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലേക്ക് നാറ്റോ സഖ്യം പോലും കടന്നിട്ടുണ്ട്. നാറ്റോയുടെ ലോജിസ്റ്റിക്സ് കമാന്‍ഡിന്റെ തലവനായ ലഫ്റ്റണന്റ് ജനറല്‍ അലക്സാണ്ടര്‍ സോള്‍ഫ്രാങ്കാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചത്. യുദ്ധമുന്നണിയില്‍ നിന്ന് പരിക്കേറ്റവരെ ചികിത്സക്കായി എങ്ങനെ മാറ്റണം എന്നത് സംബന്ധിച്ച പദ്ധതികളാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. നേരത്തേ നാറ്റോ സഖ്യം ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെല്ലാം ഇടപെട്ടത് പോലെ ആയിരിക്കില്ല ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ സംഭവിക്കുക എന്ന് സോള്‍ ഫ്രാങ്ക് ചൂണ്ടിക്കാട്ടി. എന്നാല്‍ റഷ്യ നാറ്റോയെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.
റഷ്യയുടെ അതിശക്തമായ വ്യോമസേനയും അവരുടെ കൈവശമുള്ള മിസൈലുകളുടേയും റോക്കറ്റുകളുടേയും വന്‍ ശേഖരവുമെല്ലാം വന്‍തോതില്‍ ആള്‍നാശം ഉണ്ടാക്കുന്നത് മാത്രമല്ല പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയും ഉണ്ടാകും എന്ന് നാറ്റോ തലവന്‍ ചൂണ്ടിക്കാട്ടുന്നു. ഈ സന്ദര്‍ഭത്തില്‍ പിന്നെ ചെയ്യാന്‍ കഴിയുന്നത് ട്രെയിനുകളില്‍ ആശുപത്രി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അതീവ ഗുരുതരമായി പരിക്കേറ്റവരുടെ കാര്യം ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഏറെ ബുദ്ധിമുട്ടാകാനാണ് സാധ്യത. 2029 ഓടെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെട്ട ഒരു രാജ്യത്തെ റഷ്യ ആക്രമിക്കും എന്ന് തന്നെയാണ് പൊതുവേ കരുതപ്പെടുന്നത്.
നാറ്റോയുടെ ജോയിന്റ് സപ്പോര്‍ട്ട് ആന്‍ഡ് എനേബിളിംഗ് കമാന്‍ഡിന്റെ പ്രധാന ചുമതലക്കാരനായ സോള്‍ ഫ്രാങ്ക് ജര്‍മ്മന്‍കാരനാണ്. ഒരു യുദ്ധം ഉണ്ടായാല്‍ യൂറോപ്പില്‍ ഉടനീളം സൈനികരെയും ടാങ്കുകളേയും എത്തിക്കുന്നതിന്റെയും ആയുധങ്ങള്‍ സംഭരിക്കുന്നതിന്റെയും പ്രധാന ചുമതല ഈ വിഭാഗത്തിനാണ്. 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചത് മുതല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള
ബന്ധം ഏറെ വഷളായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ റഷ്യയുമായി ഒരു കരയുദ്ധത്തിനുള്ള സാധ്യതകള്‍ സോള്‍ഫ്രാങ്ക് ഉള്‍പ്പെടെയുള്ള നാറ്റോ പ്രമുഖര്‍ മുന്‍കൂട്ടി കാണുകയാണ്.
അത് കൊണ്ടാണ് ആദ്യമേ തന്നെ നാറ്റോ സഖ്യം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുന്നത്. വന്‍തോതില്‍ റെയില്‍ -റോഡ് സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പരിക്കേറ്റവര്‍ക്ക് പെട്ടെന്ന് തന്നെ മതിയായ ചികിത്സ നല്‍കാന്‍ കഴിയുകയുള്ളൂ
എന്ന സത്യം നാറ്റോ മനസിലാക്കുന്നു. റഷ്യ ആക്രമിക്കാന്‍ എത്തിയാല്‍ അമേരിക്കന്‍ സേനയെ എങ്ങനെ വിന്യസിക്കണം എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നാറ്റോ പങ്കാളികളായ പല രാജ്യങ്ങളും തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ഇപ്പോള്‍ സജീവമാക്കിയിരിക്കുകയാണ്. ജര്‍മ്മനിയും പോളണ്ടും എല്ലാം ഇതിനായി വന്‍ തുകയാണ് മാറ്റി വെച്ചിരിക്കുന്നത്. അതിനിടയിലാണ് ഇറാനും അവരുടെ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ പിന്തുണയില്‍ റഷ്യയില്‍ നിന്നം ആയുധങ്ങള്‍ വാങ്ങാന്‍ ഹൂത്തികള്‍
യെമനിലെ ഹൂത്തി വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇറാന്‍ ഇടനിലക്കാരായിട്ടാണ് ഹൂത്തി വിമതര്‍ക്ക് കപ്പല്‍വേധ മിസൈലുകള്‍ നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് സൂചന. ഇക്കാര്യം ഇറാന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ചെങ്കടലില്‍ ഹൂത്തികള്‍ ചരക്ക് കപ്പലുകള്‍ക്ക് നേര്‍ക്ക് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തി പകരുന്നതാകും റഷ്യയുടെ ഈ നീക്കം. ഗാസയിലെ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇസ്രയേല്‍ ബന്ധമുളള കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കുന്നത്. ഏതായാലും റഷ്യ-യുക്രൈന്‍ യുദ്ധവും പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലും എല്ലാം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തന്നെയായിരിക്കും വഴി വെയ്ക്കുക എന്ന് തന്നെയാണ് നാറ്റോ സഖ്യ കക്ഷികള്‍ വിശ്വസിക്കുന്നത്.
ഈ വര്‍ഷം രണ്ടു തവണ ഹൂതികളും റഷ്യന്‍ പ്രതിനിധികളും ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായാണു വിവരം. മിസൈല്‍ കൈമാറ്റം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചയെന്ന് 'ഇറാന്‍ ഇന്റര്‍നാഷനല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 300 കി.മീറ്റര്‍ ദൂരം വരെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് ഹൂതികള്‍ക്ക് കൈമാറാന്‍ ആലോചന നടക്കുന്നത്. വരും ദിവസങ്ങളിലും ഈ ചര്‍ച്ച തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആയുധ ഇടപാടിനു കൂടുതല്‍ പ്രാധാന്യമേറുകയാണ്. റഷ്യ ഹൂതികള്‍ക്ക് യാക്കോന്റ് മിസൈലുകള്‍ നല്‍കിയാല്‍ അത് മേഖലയിലെ സുരക്ഷയെ ഒന്നാകെ ബാധിക്കുമെന്നാണ് അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനായ ഫാബിയന്‍ ഹിന്‍സ് 'ഹാരെറ്റ്സി'നോട് പറഞ്ഞത്. ഹൂതികള്‍ ഇതുവരെ ഉപയോഗിച്ച മിസൈലുകളെക്കാള്‍ പ്രഹരശേഷിയുള്ളതാണ് പി-800. എന്നാല്‍, പശ്ചിമേഷ്യയിലെ യുഎസ് നിരീക്ഷണം കടന്ന് എങ്ങനെ മിസൈലുകള്‍ ഹൂതികള്‍ക്ക് കൈമാറാനാകുമെന്നാണ് ഹിന്‍സ് സംശയമുയര്‍ത്തുന്നത്. ഇതിനു പുറമെ മിസൈലുകള്‍ ഉപയോഗിക്കാനുള്ള പരിശീലനവും സംഘത്തിനു നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹൂതി ഭീഷണിയില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുഗതാഗതം സ്തംഭിച്ചതോടെ അന്താരാഷ്ട്ര വ്യാപാരരംഗത്ത് ശതകോടികളുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെങ്കടല്‍ പാത ഒഴിവാക്കി എത്രയോ ദൂരം ചുറ്റിത്തിരിഞ്ഞാണ് ഇപ്പോള്‍ കപ്പലുകള്‍ ഇസ്രായേലിലെത്തുന്നത്. ഇതോടെ ഉപരോധം മറ്റു സമുദ്രപാതകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഹൂതികള്‍. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ചരക്കുഗതാഗതത്തിനെതിരെയും ഹൂതികള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അദാനി, അമ്പാനി കമ്പനികളെ ഉള്‍പ്പെടെ ഇതു വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.
ഈ മാസം ആദ്യത്തില്‍ മധ്യ ഇസ്രായേല്‍ ലക്ഷ്യമിട്ടും ഹൂതി മിസൈല്‍ ആക്രമണം നടന്നിരുന്നു. ലൂദിലെ ബെന്‍ ഗുരിയോന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്. ഹൈപ്പര്‍സോണിക് മിസൈലാണ് ഇതെന്നാണ് ഹൂതികള്‍ പറയുന്നത്. അതിര്‍ത്തി കടന്നുമുള്ള ഹൂതി ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു. ചെങ്കടലിലെ ഹൂതി ഭീഷണിയെ ചെറുക്കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ 20 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് നാവികസഖ്യം രൂപീകരിച്ചിരുന്നെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു. ചെങ്കടല്‍ മേഖലയിലുള്ള യൂറോപ്യന്‍-യുഎസ് യുദ്ധക്കപ്പലുകളും ഹൂതി ആക്രമണ ഭീഷണി നേരിടുന്നുണ്ട്.
ആണുവായുധ മിസൈല്‍ പ്രയോഗിച്ചു ചൈനയും
ഒരു മൂന്നാം ലോകമഹായുദ്ധം ആസന്നമായിരിക്കുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ ചൈന പസഫിക്ക് സമുദ്രത്തിലേക്ക് അണുവായുധ മിസൈല്‍ പ്രയോഗിച്ചു എന്ന വാര്‍ത്ത ലോകം ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്. ഭൂഖണ്ഡാന്തര മിസൈലാണ് ചൈന പ്രയോഗിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചൈന ഇത്തരമൊരു മിസൈല്‍ പരീക്ഷണം നടത്തുന്നത്.
പസഫിക്ക് മേഖലയെ കുറിച്ച് അമേരിക്കയുമായി അവകാശത്തര്‍ക്കങ്ങള്‍ നടത്തുന്ന സമയത്താണ് ചൈന ഈ ഒരു നടപടിക്ക് ഒരുങ്ങുന്നത് എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. പസഫിക്ക് സമുദ്രത്തിലെ ലക്ഷ്യസ്ഥാനത്തേക്കാണ് ഈ മിസൈല്‍ കൃത്യമായി പതിച്ചത് എന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരമായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമാണ് എന്നാണ് ചൈന അവകാശപ്പടുന്നത്. 1980 ലാണ് അവസാനമായി ചൈന ഇത്തരത്തില്‍ ഒരു ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്.
തികച്ചും അപ്രതീക്ഷിതമായി ചെയ്ത ഈ നടപടിയില്‍ മേഖലയിലെ പല രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാന്‍ സര്‍ക്കാരാണ് ആദ്യം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചത്. യാതൊരു തരത്തിലും ഉള്ള മുന്നറിയിപ്പുകളും ഇല്ലാതെയാണ് ചൈന മിസൈല്‍ പരീക്ഷണം നടത്തിയത് എന്ന് ജപ്പാന്റെ ഔദ്യോഗിക വക്താവ് കുറ്റപ്പെടുത്തി. ന്യൂസിലന്‍ഡും ചൈനയുടെ ഈ അപ്രതീക്ഷിത നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ചൈന അടുത്ത നാളുകളില്‍ അവരുടെ ആയുധ നിര്‍മ്മാണത്തിന് വേഗം കൂട്ടിയതായും ആണവായുധങ്ങള്‍ വ്യാപകമായ നിര്‍മ്മിക്കുന്നതായും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയുടെ കൈവശം കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 500 ഓളം ആണവായുധങ്ങള്‍ ഉണ്ടെന്നും 2030 ഓടെ ഇതിന്റെ എണ്ണം ആയിരമായി
വര്‍ദ്ധിക്കും എന്നുമാണ് പറയപ്പെടുന്നത്. ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത്. ചൈനയുടെ ബഹിരാകാശ പദ്ധതികളുടെ ചുമതലയും ഇവര്‍ക്ക് തന്നെയാണ്. ചൊവ്വാ ഗ്രഹത്തില്‍ ഇവരുടെ ഒരു ബഹിരാകാശ പേടകം ഇറക്കാന്‍ കഴിഞ്ഞതും ചന്ദ്രനില്‍ ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ കഴിഞ്ഞതും വലിയ നേട്ടമായിട്ടാണ് ചൈന കണക്കാക്കുന്നത്. ബഹിരാകാശ മേഖലയില്‍ നിന്ന് ചൈന വന്‍തോതിലുള്ള സാമ്പത്തിക നേട്ടമാണ് ഓരോ വര്‍ഷവും നേടിക്കൊണ്ടിരിക്കുന്നതും.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണവായുധങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ അമേരിക്കയുമായി ഇക്കാര്യത്തില്‍ ഇനി സംഭാഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. അമേരിക്ക തെയ്്വാന് ആയുധങ്ങള്‍ നല്‍കിയതാണ് ചൈനയെ പ്രകോപിപ്പിക്കാന്‍ കാരണമായത്. ഈ വര്‍ഷം തങ്ങളുടെ പ്രതിരോധ ബജറ്റ് വിഹിതം വര്‍ദ്ധിപ്പിച്ചതായും ചൈന പ്രഖ്യാപിച്ചിരുന്നു.
അതേസമയം തെയ്വാനിലും ഫിലിപ്പൈന്‍സിലും അമേരിക്ക മധ്യദൂര മിസൈലുകള്‍ സ്ഥാപിച്ചതും ചൈനക്ക് തിരിച്ചടിയായി മാറി. തോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധ ധാരണകള്‍ ഉണ്ടാകുന്നതായി കാണാം. ബംഗ്ലാദേശിലെ ഭരണമാറ്റം പോലും ചൈനയുടെ സ്വാധീനം തടയാനുള്ള അമേരിക്കന്‍ പദ്ധതിയെന്ന വിലയിരുത്തലുകളുമുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചാല്‍ സ്വന്തം സഖ്യരാജ്യങ്ങളെ സംരക്ഷിക്കുന്നതില്‍ പോലും അമേരിക്ക പരാജയപ്പെടുമെന്ന മുന്നറിയിപ്പുകള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ലോകത്തെ സ്വയം പ്രഖ്യാപിത പൊലീസായ അമേരിക്കയ്ക്ക് എത്രകാലം ഈ സാങ്കല്‍പിക പദവിയില്‍ തുടരാനാകുമെന്ന സംശയമുണ്ട്.
ലോകത്തെ ഞെട്ടിപ്പിക്കാന്‍ തക്ക വിപുലമായ സൈനിക ശേഷിയാണ് അമേരിക്കയുടെ പ്രതിരോധ ബന്ധങ്ങളുടെ അടിസ്ഥാനം. അമേരിക്കയുടെ സൈനികശേഷിയില്‍ സംശയം തോന്നിയാല്‍ സഖ്യരാജ്യങ്ങളുടെ പോലും പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാകില്ല. അലംഭാവവും നീണ്ടുപോയ സൈനിക അധിനിവേശങ്ങളുമാണ് അമേരിക്കന്‍ സൈന്യത്തിന്റെ നിലവിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. പുതിയ വിമാനവാഹിനി കപ്പലുകളും മുങ്ങിക്കപ്പലുകളും പോലുള്ളവ നിര്‍മിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിജയിച്ച് പുറത്തുകടക്കാന്‍ അമേരിക്കയ്ക്ക് ഇരുപത് വര്‍ഷത്തോളമാണ് വേണ്ടിവന്നത്. എന്നാല്‍ ഈ 20 വര്‍ഷം റഷ്യയും ചൈനയും അവരുടെ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു.
ചൈനയുടെ സൈനിക ശക്തിയിലുണ്ടായ വന്‍ വര്‍ധനയും അമേരിക്കയ്ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെ മേഖലയിലെ സ്വാധീനം വര്‍ധിക്കുന്നത് അമേരിക്കയുടെ തന്ത്രപ്രധാന സഖ്യരാജ്യങ്ങള്‍ക്ക് കൂടി ഭീഷണിയാണ്. അമേരിക്കയുടെ ശക്തി തിരിച്ചറിഞ്ഞ് അതിനുള്ള മറുപടി തയ്യാറാക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത രാജ്യമാണ് ചൈന. ശീതയുദ്ധകാലത്തും പിന്നീടും അമേരിക്കയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്ന മിസൈല്‍ പ്രതിരോധ സംവിധാന മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ചൈനക്കായിട്ടുണ്ട്.