ഗസ്സ: സെൻട്രൽ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 200 പേർ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫീസിന്റെ അവകാശവാരദം. ഗസ മുനമ്പിൽ വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. ഇത് സെൻട്രൽ ഗസ്സയിലെ ജനങ്ങൾക്കിടയിൽ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.

ശനിയാഴ്ച സെൻട്രൽ ഗസ്സയിലെ ദേർ എൽ-ബാല, നുസ്രേത്ത് എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. നിരവധി പേർ ആക്രമണത്തിൽ പരിക്കേറ്റ് അൽ-അക്‌സ മാർട്ടിയർ ആശുപത്രിയിൽ ചികിത്സ തേടിയതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും കുട്ടികളും വനിതകളുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പരിക്കേറ്റ പലരും നിലത്താണ് കിടക്കുന്നത്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരോഗ്യപ്രവർത്തകർ തുടരുകയാണ്. ആശുപത്രികളിൽ പ്രാഥമിക സൗകര്യം മാത്രമേയുള്ളു. മരുന്നുകൾക്കും ഭക്ഷണത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്ധനമില്ലാത്തതിനാൽ ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പരിക്കേറ്റ നിരവധി പേർ ഇപ്പോഴും തെരുവുകളിൽ കിടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ഗസ്സയിൽ 8000 കുരുന്നുകളെ കൂട്ടക്കൊല നടത്തിയ ഇസ്രയേലിനെ കരിമ്പട്ടികയിൽപെടുത്തി യു.എൻ. ഒരു വർഷത്തിനിടെ കുട്ടികൾക്കു നേരെയുള്ള അതിക്രമം കണക്കിലെടുത്താണ് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇസ്രയേലിനെ കരിമ്പട്ടികയിൽ പെടുത്തിയത്.

കുട്ടികളുടെ കുരുതിക്ക് പുറമെ അടിയന്തര സഹായ വാഹനങ്ങൾക്ക് അനുമതി നിഷേധിക്കലും സ്‌കൂളും ആശുപത്രികളും തകർക്കലും ഇസ്രയേലിനെ പട്ടികയിൽപെടുത്താൻ കാരണമായതായാണ് വിശദീകരണം. അടുത്തയാഴ്ച രക്ഷാസമിതിക്ക് മുമ്പാകെ അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇസ്രയേലിന്റെ പേരുള്ളത്. ഹമാസ്, ഫലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് സംഘടനകളെയും യു.എൻ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ ബന്ദികളെ മോചിപ്പിച്ച ഇസ്രയേൽ കഴിഞ്ഞ ദിവസം വൻ നേട്ടവും കൊയ്തു. 8 മാസങ്ങൾക്ക് മുമ്പ്, 2023 ഒക്ടോബർ ഒക്ടോബർ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാലുപേരെയാണ്, ഹമാസ് ഭീകരരെ തുരത്തി യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന റെസ്‌ക്യൂ ഓപ്പറേഷനായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആക്രമണം നടന്ന ദിവസം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നോവ അർഗമണി (25), ആൽമോഗ് മെയിർ ജാൻ (21), ആൻഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് ഇസ്രയേലി സേന രക്ഷപ്പെടുത്തിയത്. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ പരിശോധനകൾക്കായി മെഡിക്കൽ സെന്ററിലേക്ക് ഇവരെ മാറ്റി.

മധ്യഗസ്സയിലെ നുസ്രിയത്ത് മേഖലയിലെ രണ്ട് ഹമാസ് കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിലാണ് ബന്ദികളെ കണ്ടെത്തിയത്. ഇതിൽ നോവ അർഗമണി (25) എന്ന പെൺകുട്ടി ചൈനീസ് വംശജയാണ്. അർഗമണിയെ ഹമാസ് ഭീകരർ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലരുതേയെന്ന് കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം. ഇത് അർഗമണി തന്നെയാണെന്ന് പെൺകുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിരുന്നു. അർഗമണിയെ പോലെ ബന്ദികളാക്കപ്പെട്ട നിരവധി പേരെ ഇനിയും മോചിപ്പിക്കാനുണ്ട്.

ഐഡിഎഫും, ഷിൻ ബെറ്റും, ഇസ്രയേൽ പൊലീസിന്റെ യമാം യൂണിറ്റും ചേർന്ന് നടത്തിയ സങ്കീർണ്ണമായ ഓപ്പറേഷനിൽ രക്ഷപ്പെടുത്തിയത്. ഷിൻ ബെറ്റ്, യമാം യൂണിറ്റ്‌ഫോഴ്‌സും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ആക്രമിച്ചാണ് ഹമാസിനെ തുരത്തി ബന്ദകളെ രക്ഷപ്പെടുത്തിയതെന്ന് ഐഡിഎഫ് പത്രക്കുറിപ്പിൽ പറഞ്ഞു. ഐഡിഎഫ് വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരി വീരോചിതം എന്നാണ് ഈ ഓപ്പറേഷനെ തന്റെ ടെലിവിഷൻ പ്രസ്താവനയിൽ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരർ വെടിയുതിർക്കുന്നതിനിടെയാണ് ഐഡിഎഫും യമാമും രണ്ട് കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറിയത്. ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ ഒരു യമം സൈനികൻ ആശുപത്രിയിലാണ്.