- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്രാൻ ഖാന്റേതെന്ന പേരിൽ സെക്‌സ് ഓഡിയോ വൈറൽ; രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് യുട്യൂബിലൂടെ പുറത്തുവിട്ടത് മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ; പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ലൈംഗിക സംഭാഷണത്തിന്റെ ക്ലിപ്പും പാക്കിസ്ഥാനിൽ കോളിളക്കമാകുന്നു; ഇമ്രാൻ ഖാൻ, ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് പരിഹാസം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ വിവാദങ്ങൾക്ക് വഴിതെളിച്ച് മുൻ പാക് പ്രധാനമന്ത്രിയുടെ ഓഡിയോ ക്ലിപ്പ് പുറത്തായി. ഇത് പാക്കിസ്ഥാനിൽ വിവാദമായി മാറിയിരിക്കയാണ്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ വെട്ടിലാക്കുന്നതാണ് പുറത്തുവന്ന സെക്‌സ് ഓഡിയോ ക്ലിപ്പ്.
പാക്ക് മാധ്യമപ്രവർത്തകനായ സയ്യിദ് അലി ഹൈദർ യുട്യൂബിൽ പങ്കുവച്ച ഓഡിയോ ക്ലിപ്പുകൾ പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തു വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. ഈ വർഷമാദ്യം ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയിൽ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകൾ.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് ക്ലിപ്പിലുള്ളത്. നേരിൽകാണുന്നതിന് സ്ത്രീയെ പുരുഷൻ നിർബന്ധിക്കുകയും എന്നാൽ അവർ വിസമ്മതിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം കാണുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ''എന്റെ കുടുംബവും കുട്ടികളും വരുന്നതിനാൽ സാധിക്കുമോയെന്ന് നോക്കാം. അവർ വരുന്നത് വൈകിപ്പിക്കാൻ ശ്രമിക്കാം'' എന്ന് പുരുഷശബ്ദം പറയുന്നു. ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിക്കുന്നതും ഓഡിയോ ക്ലിപ്പിൽ കേൾക്കാം.
എന്നാൽ ഓഡിയോ ക്ലിപ്പുകൾ വ്യാജമാണെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) വൃത്തങ്ങൾ പറഞ്ഞു. ഇമ്രാൻ ഖാനെ ലക്ഷ്യമിട്ട് സർക്കാർ വ്യാജ വിഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും അവർ ആരോപിച്ചു. ''വ്യാജ ഓഡിയോകളും വിഡിയോകളും സൃഷ്ടിക്കുന്നതല്ലാതെ രാഷ്ട്രീയമായി എതിർക്കാൻ എതിരാളികൾക്ക് അറിയില്ല.'' പിടിഐ നേതാവ് അർസ്ലാൻ ഖാലിദ് പറഞ്ഞു.
ക്ലിപ്പുകളിലെ ശബ്ദം ഇമ്രാൻ ഖാന്റേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും സൈബറിടങ്ങളിൽ മുൻ പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധമാണ്. ലൈംഗിക കോളുകൾ ചോർന്നതോടെ ഇമ്രാൻ ഖാൻ, ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് മാധ്യമപ്രവർത്തകയും സൗത്ത് ഏഷ്യ ലേഖികയുമായ നൈല ഇനായത്ത് ട്വീറ്റ് ചെയ്തു.
തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരും സൈനിക മേധാവികളുമാണ് പിന്നിലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി പുറത്തുവിട്ടതെന്ന് ചില വാർത്ത പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഓഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോയിലെ അജ്ഞാത സ്ത്രീയെക്കുറിച്ച് തനിക്ക് അറിയാമെന്നാവകാശപ്പെട്ട് മാധ്യമപ്രവർത്തകൻ മൻസൂർ അലി ഖാൻ രംഗത്തെത്തി.
രണ്ടാഴ്‌ച്ച മുമ്പും ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയും ഒരു മുതിർന്ന ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖകൾ പുറത്തുവന്നിരുന്നു. ഇതും ഇമ്രാനെ വെട്ടിലാക്കുന്നതായിരുന്നു. ഇമ്രാൻ ഖാന് സമ്മാനമായി ലഭിച്ച റിസ്റ്റ് വാച്ചുകൾ വിൽക്കുന്നത് സംബന്ധിച്ചുള്ള സംഭാഷണമടങ്ങുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ വിറ്റഴിച്ചുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഫോൺ സംഭാഷണം പുറത്തുവരുന്നത്.
21 സെക്കന്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ ബുഷ്റാ ബീബിയും പിടിഐ ഉദ്യോഗസ്ഥനായ സുൽഫി ബുഖാരിയും നടത്തിയ സംഭാഷണമാണ് ഇമ്രാൻ ഖാനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്. ' ഖാൻ സാഹിബിന്റെ കുറച്ച് വാച്ചുകൾ കൂടിയുണ്ട്. അദ്ദേഹം അത് വിൽക്കാനായി നിങ്ങളെ ഏൽപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഈ വാച്ചുകൾ ഉപയോഗിക്കില്ല. അതുകൊണ്ടാണ് വിൽക്കാൻ നോക്കുന്നത്,' എന്നായിരുന്നു ബുഷ്റ ബീബി ഫോണിലൂടെ പറഞ്ഞത്. 'തീർച്ചയായും. ഇക്കാര്യം ഞാൻ ചെയ്തോളാം,' എന്ന ബുഖാരിയുടെ ഉറപ്പോടെയാണ് ഫോൺ സംഭാഷണം അവസാനിച്ചത്.
പിടിഐയുടെയും പിഎംഎൽ-എന്നിന്റെയും ചില അനൗദ്യോഗിക സംഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകൾ പൊതുജനമധ്യത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ഈ ഓഡിയോ ക്ലിപ്പും ഇപ്പോൾ ചർച്ചയാകുന്നത്. എന്നാൽ ഓഡിയോ ക്ലിപ്പ് വൈറലായതോടെ ഇത് നിഷേധിച്ച് സുൽഫി ബുഖാരി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഒരു വാച്ചും വിൽക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് ഓഡിറ്റ് നടത്തണമെന്നും സുൽഫി പറഞ്ഞു. ഓഡിറ്റിനായുള്ള പണം നൽകാൻ താൻ തയ്യാറാണെന്നും സുൽഫി കൂട്ടിച്ചേർത്തു.
സൗദി കീരിടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകിയ ലക്ഷക്കണക്കിന് ഡോളർ വിലയുള്ള ആഡംബര വാച്ചുകൾ വിറ്റുവെന്ന ആരോപണമാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എതിരെ ഉയർന്നത്. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിൽ സമ്മാനമായി ലഭിച്ച വാച്ചുകളിൽ നാലിലധികം വാച്ചുകൾ താൻ വിറ്റിരുന്നുവെന്ന് ഇമ്രാൻ ഖാൻ സമ്മതിക്കുകയും ചെയ്തിരുന്നു. അതേസമയം 21.5 മില്യൺ രൂപ നൽകി രാജ്യത്തിന്റെ ദേശീയ ട്രഷറിയിൽ നിന്നും സംഭരിച്ച സമ്മാനങ്ങളും വിറ്റതായി അദ്ദേഹം പറഞ്ഞു. വിലകൂടിയ റിസ്റ്റ് വാച്ച്, കഫ്‌ളിങ്കുകൾ, വിലകൂടിയ പേന, ഡയമണ്ട് മോതിരം, നാല് റോളക്‌സ് വാച്ചുകൾ എന്നിവയാണ് ഇമ്രാന് ലഭിച്ച സമ്മാനങ്ങളിൽ ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
പാക്കിസ്ഥാനിൽ നിലവിലിരിക്കുന്ന നിയമമനുസരിച്ച് രാജ്യത്ത് ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തിന്റെ ട്രഷറിയിലോ തോഷ്‌കാനയിലോ മൂല്യനിർണ്ണയത്തിനായി സമർപ്പിക്കേണ്ടതാണ്. ഏത് സർക്കാർ ഉദ്യോഗസ്ഥന് ലഭിക്കുന്ന സമ്മാനങ്ങളും ഇപ്രകാരം മൂല്യനിർണ്ണയത്തിനായി സമർപ്പിക്കേണ്ടതാണ്. വ്യാജ സത്യവാങ്മൂലം നൽകിയതിന്റെ പേരിൽ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഇമ്രാൻ ഖാന് വിലക്കേർപ്പെടുത്തിയതോടെയാണ് സമ്മാനങ്ങൾ വിറ്റഴിച്ചുവെന്ന വാർത്ത പുറത്തായത്.
നേരത്തെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെയാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. സ്ഥാനം നഷ്ടമായതിന് പിന്നാലെ ഇമ്രാൻ ഖാനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ അന്വേഷണ ഏജൻസിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി പദത്തിലിരിക്കെ സമ്മാനമായി ലഭിച്ച 18 കോടി രൂപ വിലമതിക്കുന്ന നെക്ലേസ് സർക്കാരിന് കൈമാറുന്നതിന് പകരം ഒരു ജൂവലറിക്ക് മറിച്ചുവിറ്റുവെന്ന ആരോപണത്തെ തുടർന്നുള്ള കേസിലാണ് ഇമ്രാനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
അഴിമതി, സാമ്പത്തിക ദുർഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ഉയർത്തിക്കാട്ടി മാർച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷ പാർട്ടികൾ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. അവിശ്വാസ പ്രമേയ0 നീട്ടിക്കൊണ്ടുപോയെങ്കിലും വിഷയത്തിൽ പാക് സുപ്രീം കോടതിയും പട്ടാളവും ഇടപെട്ടതോടെ ഇമ്രാന് മുന്നിലുള്ള വഴികൾ അടയുകയായിരുന്നു.
മറുനാടന് ഡെസ്ക്