വിയന്ന: യൂറോപ്പിന്റെ വലതു വ്യതിയാനം ഇപ്പോള്‍ ലോകമാകെ ചര്‍ച്ചയാവുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുന്നു ആസ്ട്രിയ. കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പില്‍, ഇതാദ്യമായി വലതു തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി വന്‍ വിജയം നേടിയിരിക്കുന്നു. നേരത്തെ പല തവണ ഇവര്‍ അധികാരത്തില്‍ ഇരുന്നിരുന്നെങ്കിലും ഇത്രയധികം വോട്ടുകള്‍ നേടുന്നത് ഇതാദ്യമായാണ്. അറുപത് ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാര്‍ട്ടി 29.1 ശതമാനം വോട്ടുകള്‍ നേടിക്കഴിഞ്ഞിരിക്കുന്നു.

ഇത്ര വലിയ വിജയം നേടിയാലും, പാര്‍ട്ടിക്ക് ഒറ്റക്ക് ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍, മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലേയും പോലെ, ആസ്ട്രിയയിലും ഒരു വലതു മുന്നേറ്റം ഭൗമ രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ആശങ്കയോടെയാണ് കാണുന്നത്. കുടിയേറ്റക്കാരോടുള്ള വിരോധം, പണപ്പെരുപ്പം, കോവിഡ് നിയന്ത്രണങ്ങള്‍ എന്നിവയൊക്കെയാണ് വലതുപക്ഷത്തിന് വളരാന്‍ വളമേകിയതെന്ന് കരുതപ്പെടുന്നു.

നിലവിലെ സര്‍ക്കാരിന്റെ കുടിയേറ്റ നയം പരാജയമാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആസ്ട്രിയയെ ആര്‍ക്കും കയറാന്‍ ആകാത്ത ഒരു കോട്ടയാക്കി മാറ്റുമെന്നുമാണ് പാര്‍ട്ടി നേതാവ് ഹെര്‍ബെര്‍ട്ട് കിക്കി പറയുന്നത്. ടെയ്ലര്‍ സ്വിഫ്റ്റ് പരിപാടിക്കിടയിലെ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം സര്‍ക്കാരിന്റെ തെറ്റായ കുടിയേറ്റ നയം കാരണമാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.




നിലവിലെ വോട്ടു നില അനുസരിച്ച് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷി ആയേക്ജ്കും. 26.3 ശതമാനം വോട്ടുകളാണ് ഇതുവരെ അവര്‍ നേടിയിട്ടുള്ളത്. കിക്കിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും റീമൈഗ്രേഷന്‍ എന്ന ആശയമാണ് ഉയര്‍ത്തിക്കാട്ടുന്നത്. യൂറോപ്യന്‍ വംശ പാരമ്പര്യ പശ്ചാത്തലമില്ലാത്ത കുടിയേറ്റക്കാരെ ഒന്നടങ്കം നാടുകടത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മാത്രമല്ല, റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുട്ടിനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന കിക്കി അധികാരത്തിലെത്തിയാല്‍ യുക്രെയിനുള്ള പിന്തുണ പിന്‍വലിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

മദ്ധ്യ- ഇടത് ആശയക്കാരായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 21 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് എന്നത് യൂറോപ്പിന്റെ മണ്ണില്‍ ഇടത് ആശയങ്ങള്‍ക്ക് ആരാധകര്‍ കുറഞ്ഞു വരുന്നു എന്നതിന്റെ സൂചനയാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇറ്റലി, ഫിന്‍ലാന്‍ഡ്, സോള്‍വാക്യ, ഹംഗറി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ ആറോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ വലതുപക്ഷം വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട്. നെതര്‍ലാന്‍ഡ്‌സില്‍ ഇസ്ലാമിക വിരുദ്ധനായി അറിയപ്പെടുന്ന ഗ്രീറ്റ് വൈല്‍ഡേഴ്സ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.




അടുത്തിടെ നടന്ന ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ യ്ക്ക് വന്‍ മുന്നേറ്റം നടത്താനായി. ഫ്രാന്‍സിലും ജര്‍മ്മനിയിലും അവര്‍ മുന്നേറ്റം നടത്തുന്ന്. വര്‍ദ്ധിച്ചു വരുന്ന വലത് സ്വാധീനം യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്താന്‍ തുടങ്ങിയാല്‍ അത് കുടിയേറ്റക്കാര്‍ക്ക് വന്‍ ഭീഷണിയാകും സൃഷ്ടിക്കുക എന്ന് കരുതപ്പെടുന്നു. മാത്രമല്ല, അത് ഭൗമ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയെഴുതിയേക്കും.