ടെല്‍അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ഇസ്രായേലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്.

മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് വരെ സിന്‍വാര്‍ ഒന്നും കഴിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് നീക്കം ചെയ്തുവെന്നും ഇസ്രായേല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു. വെടിയേറ്റ മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചുവെങ്കിലും പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ പറയുന്നു.

ഒക്ടോബര്‍ 16നാണ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് വരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി 'ഇസ്രായേല്‍ ഹായോം' റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിഎന്‍എ സാമ്പിള്‍ ലഭിക്കാനായി സിന്‍വാറിന്റെ കൈവിരല്‍ മുറിച്ചതായും ഇസ്രായേലി നാഷനല്‍ ഫോറന്‍സിക് ഇന്‍സിറ്റിറ്റിയൂട്ട് ഡയറക്ടര്‍ ചെന്‍ കൂഗെല്‍ പറഞ്ഞു. മുമ്പ് ജയിലില്‍ കഴിഞ്ഞതിനാലും മെഡിക്കല്‍ റെക്കോര്‍ഡ് ഉള്ളതിനാലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

തലയ്ക്ക് വെടിയേറ്റെങ്കിലും ഏറെനേരം അതിജീവിച്ച സിന്‍വാര്‍ മസ്തിഷ്‌ക ക്ഷതം കാരണം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗല്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. അതേസമയം സിന്‍വറിന്റെ വയറ്റില്‍ ഭക്ഷണമില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് ഹമാസ് ഇസ്രായേലിനെതിരെ ആയുധമാക്കുകയാണ്.

ഇസ്രായേലിന്റെ പട്ടിണി യുദ്ധത്തിന്റെ തെളിവാണ് ഇതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയിലെ ജനം ദുരിതത്തില്‍ കഴിയുമ്പോഴും സിന്‍വാര്‍ തുരങ്കത്തില്‍ സുഖകരമായ ജീവിതം നയിക്കുകയാണെന്ന ആരോപണവും ഇസ്രായേല്‍ ഉന്നയിച്ചിരുന്നു. ഈ വാദത്തിനെതിരെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉപയോഗിക്കുന്നത്. 2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രായേല്‍ യഹിയ സിന്‍വാറിനെ വധിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹിയ സിന്‍വാറാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണത്തെ തുടര്‍ന്നാണ് സിന്‍വാര്‍ ചുമതലയേറ്റെടുത്തത്.

സിന്‍വാറിന്റെ മരണശേഷം പുതിയ നേതാവിനെ ഹമാസ് ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. സിന്‍വാറിന്റെ മരണത്തോടെ ഹമാസ് നിലപാടുകളില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഹമാസ് തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നാല് തടവുകാരെ കൈമാറുന്നതിന് പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാമെന്ന നിര്‍ദേശം ഹമാസ് നിരസിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി.

ഈജിപ്താണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്. നാല് തടവുകാരെ കൈമാറുന്നതിന് പകരം 48 മണിക്കൂര്‍ വെടിനിര്‍ത്തലായിരുന്നു നിര്‍ദേശത്തിലുള്ളത്. സ്ത്രീകള്‍, പ്രായമായവര്‍, രോഗബാധിതര്‍ എന്നിവരെ ആദ്യം മോചിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന് പകരമായി 100 ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുകയും വേണം. തുടര്‍ന്ന് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിനായി ഇസ്രായേലും ഹമാസും ചര്‍ച്ച തുടരണമെന്നുമായിരുന്നു നിര്‍ദേശം. ദീര്‍ഘകാല വെടിനിര്‍ത്തല്‍ ഉറപ്പുനല്‍കിയാല്‍ മാത്രമേ താല്‍ക്കാലിക വെടിനിര്‍ത്തലിന് അംഗീകാരം നല്‍കൂവെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേല്‍ ഇത് വിസമ്മതിച്ചതോടെ ഈജിപ്തിന്റെ നിര്‍ദേശം വെറുതെയായി.

ഗസ്സയിലുള്ള 101 ബന്ദികളെ മോചിപ്പിച്ചാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പറയുന്നുണ്ട്. അതേസമയം, ഈജിപ്തിന്റെ നിര്‍ദേശം തള്ളിയെങ്കിലും മധ്യസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ചര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. ചര്‍ച്ചയില്‍ പ്രതികരിക്കാനായി തെരഞ്ഞെടുപ്പ് ഫലം വരാന്‍ കാത്തിരിക്കുകയാണ് ഇരുകൂട്ടരും.

താല്‍ക്കാലിക വെടിനിര്‍ത്തലിനായി ഖത്തറും നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 11 മുതല്‍ 14 വരെ ബന്ദികളെ വിട്ടുകൊടുക്കുന്നതിന് പകരം നിരവധി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഒരു മാസത്തെ വെടിനിര്‍ത്തലുമാണ് നിര്‍ദേശത്തിലുള്ളത്. എന്നാല്‍, ഈ നിര്‍ദേശവും ഹമാസ് അംഗീകരിക്കില്ലെന്നാണ് ഇസ്രായേലിലെ ചാനല്‍ 12 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.