- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിലിറങ്ങി പാക്കധീന കശ്മീരിലെ ജനങ്ങൾ
ശ്രീനഗർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് പാക്കിസ്ഥാൻ. പാക് ജനത പൊറുതിമുട്ടിയ അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കൾക്ക് അടക്കം തൊട്ടാൽ പൊള്ളുന്ന വിലയാണ് പാക്കിസ്ഥാനിൽ. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങളുടെ ജീവിതമാകട്ടെ അടിച്ചമർത്തപ്പെട്ട അവസ്ഥയിലുമാണ്. ജീവിക്കാൻ മാർഗ്ഗമില്ലാതെ പൊറുതി മുട്ടിയ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്.
ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പിഒകെയിലെ തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷത്തിൽ കലാശിച്ചു. ദാദ്യാൽ, മിർപുർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പിഒകെയുടെ മറ്റു ഭാഗങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മുസാഫറാബാദിൽ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി) ആഹ്വാനം ചെയ്ത പണിമുടക്കിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയത്. മംഗള ഡാമിൽനിന്നുള്ള നികുതിരഹിത വൈദ്യുതി, ഗോതമ്പ് പൊടിക്ക് സബ്സിഡി എന്നിവ ആവശ്യപ്പെട്ടാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വടികൊണ്ട് അടിച്ച് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാക്കിസ്ഥാൻ റേഞ്ചേഴ്സ്, ഫ്രോണ്ടിയർ കോർപ്സ് എന്നിവയിൽനിന്നു കൂടുതൽ സൈനികരെ വിന്യസിച്ചും പ്രവർത്തകരെ അറസ്റ്റ് ചെയ്തും പ്രതിഷേധം അടിച്ചമർത്താനാണ് പാക്ക് സർക്കാരിന്റെ നീക്കം.
വ്യാപാര സ്ഥാപനങ്ങളും സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞ്കിടക്കുകയാണ്. ശനിയാഴ്ചത്തെ സംഘർഷത്തിൽ ഒരു പൊലീസുകാരനും പ്രദേശവാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരുമായും പൊലീസുകാരും സമരക്കാരുമായുള്ള ഏറ്റുമുട്ടലിൽ നിരവധിപ്പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജമ്മു ആൻഡ് കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയും വ്യാപാരികളുമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. ഇതോടെ വ്യാപര സ്ഥാപനങ്ങൾ അടച്ചിടുന്ന അവസ്ഥയിലേക്കെത്തി. വലിയ ഗതാഗതക്കുരുക്കാണ് മേഖലയിലെങ്ങുമുള്ളത്.
സമാധാനപരമായി സമരം ചെയ്തവർക്കുനേരെയുള്ള അടിച്ചമർത്തലിൽ പ്രതിഷേധിച്ച് വരും ദിവസങ്ങളിൽ വലിയ സമരത്തിലേക്കാണ് കാര്യങ്ങൾ പോവുന്നതെന്ന് ജമ്മു ആൻഡ് കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി അംഗവും മുസഫറാബാദ് ട്രേഡേഴ്സ് അസ്സോസിയേഷൻ ചെയർമാനുമായ സൗകത് നവാസ് മിർ പ്രതികരിച്ചു. അവകാശ സംരക്ഷണത്തിനായി നടക്കുന്ന പോരാട്ടത്തിന് എല്ലാവരുമിറങ്ങണമെന്നും സൗകത് ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റ് മാസത്തിലും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാക്കധീന കശ്മീരിലെ വിവിധയിടങ്ങളിൽ സമരം നടന്നിരുന്നു. വൈദ്യുതി ഉത്പ്പാദന കേന്ദ്രത്തിലെ ഉത്പ്പാദനച്ചെലവുകൾക്കനുസൃതമായി ആളുകൾക്ക് വൈദ്യുതി നൽകണം. അല്ലാത്തപക്ഷം വൈദ്യതിബില്ലിലെ നികുതി നൽകില്ലെന്നും സൗകത് നവാസ് മിർ ചൂണ്ടിക്കാട്ടി. പാക്കധീന കശ്മീർ ഇന്ത്യയുടേതാണെന്നും ഒരു ശക്തിക്കും അത് തട്ടിയെടുക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
സംഘർഷം രൂക്ഷമായതോടെ സ്ഥലത്ത് പാക്കധീന കശ്മീർ അധികാരികൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്നു ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് നൽകിയതിനു പിന്നാലെ രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളെ തുടർന്ന പാക്കിസ്ഥാൻ പണപ്പെരുപ്പത്തിൽ വലയുകയാണ്. വൈദ്യുതി ചാർജുകൾ വർധിപ്പിച്ചത് പ്രശ്നങ്ങൾ രൂക്ഷമാക്കുകയും പാക്കിസ്ഥാനിലെ ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാവുകയുമായിരുന്നു. അടുത്തിടെ സാമ്പത്തികമായി തകർന്ന പാക്കിസ്ഥാൻ കഞ്ചാവ് കൃഷിക്കും അനുമതി നൽകിയിരുന്നു.