വാഷിങ്ടണ്‍: ആഗോള സമാധാനത്തിന്റെ ദൂതനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മാറുമോ? സമാധാന നോബല്‍ നേടാന്‍ വേണ്ടിയുള്ള തീവ്രപരിശ്രമമാണ് ട്രംപ് നടത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നത് കൂടാതെ മറ്റൊരു സംഘര്‍ഷവും ട്രംപ് ഇടപെട്ട് പരിഹരിച്ചു. അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാര്‍ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മീനിയ പ്രധാനമന്ത്രി നീക്കോള്‍ പഷിന്‍യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്. ഇതോടെ ട്രംപ് നോബല്‍ സമ്മാനത്തിലേക്ക് ഒരു പടി കൂടി അടുത്തുവെന്നാണ് വിലയിരുത്തല്‍.

'സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാന്‍ വാഷിങ്ടനിലെത്തിയ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനെയും അര്‍മീനിയ പ്രധാനമന്ത്രി നീക്കോള്‍ പഷിന്‍യാനെയും അഭിനന്ദിക്കുന്നു. 35 വര്‍ഷത്തോളം ഇവര്‍ ശത്രുതയിലായിരുന്നു, ഇപ്പോള്‍ ഇവര്‍ സുഹൃത്തുക്കളാണ്, ഇനിയും ഒരുപാട് കാലം ഇവര്‍ സുഹൃത്തുക്കളായിരിക്കും. പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുക. നയതന്ത്ര ബന്ധം പുനരാരംഭിക്കാനും വ്യാപാരമുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം പുനസ്ഥാപിക്കാനും അവസരം കൈവന്നിരിക്കുകയാണ്.' ട്രംപ് പറഞ്ഞു.

ഊര്‍ജ, വാണിജ്യ, നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളുമായി യുഎസ് കരാറുകള്‍ ഒപ്പുവച്ചു. പ്രതിരോധ സഹകരണത്തില്‍ അസര്‍ബൈജാന് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം യുഎസ് പിന്‍വലിച്ചു. സമാധാന കരാര്‍ ഒപ്പിട്ടതോടെ, മൂന്നു പതിറ്റാണ്ടിലേറെ പ്രദേശിക തര്‍ക്കങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങള്‍ക്കിടയില്‍ ഒരു ഗതാഗത ഇടനാഴിക്ക് തുടക്കമാകും.

അതിര്‍ത്തിപ്രശ്‌നത്തില്‍ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ ഇരുരാജ്യങ്ങളും തമ്മില്‍ 35 വര്‍ഷമായി രൂക്ഷമായ സംഘര്‍ഷത്തിലായിരുന്നു. അസര്‍ബൈജാന്‍ അര്‍മീനിയ സമാധാനക്കരാര്‍ ട്രംപിന് നേട്ടമായപ്പോള്‍ തങ്ങളുടെ സ്വാധീന വലയത്തിനുള്ളിലെന്നു കണക്കാക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ സമാധാനം നടപ്പാക്കാന്‍ യുഎസിന് സാധിച്ചത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം ഡോണള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കുന്നതിന് പിന്തുണച്ചു കണ്ടാണ് ഇരു രാജ്യങ്ങളും രംഗത്തുവന്നത്. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് അര്‍മേനിയക്കൊപ്പം നോമിനേഷന് പിന്തുണ നല്‍കി കത്തയച്ചു. താനും പ്രധാനമന്ത്രി പാഷിന്യാനും നൊബേല്‍ കമ്മിറ്റിക്ക് ട്രംപിന് സമാധാന നൊബേല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ട്രംപിന് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി നികോള്‍ പാഷിന്‍യാന്‍ പറഞ്ഞു. താന്‍ പാക്കിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷം അവസാനിപ്പിച്ചതായി ട്രംപും ചടങ്ങില്‍ അവകാശപ്പെട്ടു.

ഇതോടെ നൊബേല്‍ സമ്മാനത്തിന് ട്രംപിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. നേരത്തെ പാകിസ്താനും ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.

കംബോഡിയയും ട്രംപിന്റെ നൊബേല്‍ സമ്മാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യുദ്ധങ്ങള്‍ അവസാനിപ്പിച്ചതില്‍ ഉള്‍പ്പടെ ട്രംപ് സ്വീകരിച്ച നടപടികള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം. ഇന്ത്യ-പാകിസ്താന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ താന്‍ ഇടപ്പെട്ടുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. കംബോഡിയ-തായ്‌ലാന്‍ഡ് സംഘര്‍ഷം അവസാനിപ്പിച്ചതിലും ട്രംപ് ഇടപ്പെട്ടിരുന്നു.