- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാള അട്ടിമറി നടന്ന നൈജറിൽ സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; വ്യോമഗതാഗതവും നിലച്ച അവസ്ഥയിൽ; അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ മുൻകരുതലുകളെടുക്കണമെന്നും നിർദ്ദേശം; നൈജർ പ്രസിഡന്റ് ബസൂം വീട്ടുതടങ്കലിൽ വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്നു; അരക്ഷിതാവസ്ഥയിൽ ആഫ്രിക്കൻ രാഷ്ട്രം
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ നൈജറിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു. ഇതോടെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ വിദേശ മന്ത്രാലയം നിർദ്ദേശം നൽകി. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
'നൈജറിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യത്തിൽ നൈജറിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് തന്നെ രാജ്യം വിടണം. വ്യോമഗതാഗതം നിലവിൽ നിലച്ചു. അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർ ആവശ്യമായ മുൻകരുതലുകളെടുക്കണം, ആവശ്യമായ സുരക്ഷ ഉറപ്പു വരുത്തണം'- വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
നൈജറിൽ പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. പ്രസിഡന്റായിരുന്ന മുഹമ്മദ് ബസൗം നിലവിൽ വീട്ടുതടങ്കലിലാണ്. 2011 മുതൽ പ്രസിഡന്റിന്റെ സേനയുടെ മേധാവിയായി പ്രവർത്തിക്കുന്ന ജനറൽ അബ്ദുറഹ്മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങൾ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സർക്കാർ ഓഫീസുകൾ അടച്ച് മുദ്രവെച്ചു. സേനകൾചേർന്ന് നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.
നിലവിലെ സർക്കാർ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും രാജ്യസുരക്ഷയുറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങൾ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിർത്തികൾ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറൽ അബ്ദുറഹ്മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു
അതിനിടെ പട്ടാളം പുറത്താക്കി വീട്ടുതടങ്കലിലാക്കിയ പ്രസിഡന്റ് മുഹമ്മദ് ബസൂമിന്റെ ഭക്ഷണശേഖരവും കുടിവെള്ളവും കുറഞ്ഞുകൊണ്ടിരിക്കുന്നു. വൈദ്യുതിയില്ലാതെയാണ് ബസൂമും കുടുംബവും കഴിയുന്നതെന്ന് അദ്ദേഹത്തിന്റെ ഉപദേശകൻ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു.
അരിയും ടിന്നിലടച്ചു കിട്ടുന്ന ചില ഭക്ഷണസാധനങ്ങളുമേ ശേഷിക്കുന്നുള്ളൂ. ബസൂം ആരോഗ്യവാനാണെന്നും പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്നും ഉപദേശകൻ പറഞ്ഞു. പ്രസിഡന്റിനും കുടുംബത്തിനും പൈപ്പുവെള്ളം ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ പാർട്ടി സ്ഥിരീകരിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ നയതന്ത്രശ്രമങ്ങളെക്കുറിച്ച് ചൊവ്വാഴ്ച ബസൂമിനോട് ഫോണിൽ സംസാരിച്ചെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
അതിനിടെ, ബസൂമിനെ പ്രസിഡന്റ് സ്ഥാനത്ത് പുനരവരോധിക്കണമെന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ നിർദ്ദേശം അനുസരിക്കാത്ത പട്ടാളം പുതിയ ഭരണാധികാരികളെ നിയമിച്ചുതുടങ്ങി. മുൻ ധനമന്ത്രി അലി മഹാമൻ ലമിൻ സീനെയാണ് പുതിയ പ്രധാനമന്ത്രി. 2010-ൽ പട്ടാളം അട്ടിമറിയിലൂടെ പുറത്താക്കിയ സർക്കാരിൽ ധനമന്ത്രിയായിരുന്നു സീനെ. പിന്നീട് ഇദ്ദേഹം ആഫ്രിക്കൻ വികസന ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.
പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിരിക്കയാമ് നൈജറിലെ പട്ടാള ഭരണകൂടം. പുറത്താക്കിയ പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് ഭരണം തിരിച്ചുനൽകണമെന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെ അന്ത്യശാസനം തള്ളിയാണ് പട്ടാള ഭരണകൂടത്തിന്റെ നടപടി. തലസ്ഥാനമായ നിയമെയിലെ സ്റ്റേഡിയത്തിൽ പട്ടാള ഭരണത്തെ അനുകൂലിക്കുന്നവരുടെ റാലിയാണ് സേന നേതാക്കളുടെ പ്രഖ്യാപനം.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്‌സിന്റെ (ഇകോവാസ്) നേതൃത്വത്തിൽ സൈനിക നടപടിക്ക് സാധ്യതയുള്ളതിനാലാണ് വ്യോമാതിർത്തി അടക്കുന്നതെന്ന് സൈനിക ഭരണകൂട വക്താവ് ജനറൽ അമദോവു അബ്ദുറഹ്മാനെ പറഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് വ്യോമാതിർത്തി അടച്ചിരിക്കുന്നത്. നൈജറിൽ ഇടപെടുന്നതിനായി രണ്ട് മധ്യാഫ്രിക്കൻ രാജ്യങ്ങളിൽ മുൻകൂറായി സേനകളെ വിന്യസിച്ചിട്ടുണ്ടെന്ന് വക്താവ് ആരോപിച്ചു. എന്നാൽ, രാജ്യങ്ങൾ ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അതേസമയം, നൈജറിനുമേൽ പൈട്ടന്നുള്ള സൈനിക ഇടപെടലിന് സാധ്യതയില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിക്ക് തയ്യാറെടുക്കാൻ ഇകോവാസിന് കൂടുതൽ സമയം ആവശ്യമാണെന്ന് അംഗരാജ്യങ്ങളിലൊന്നിന്റെ ഉയർന്ന സൈനിക കമാൻഡറെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മറുനാടന് ഡെസ്ക്