ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നയതന്ത്ര കുറിപ്പ് കൈമാറി. വിചാരണ നടപടികള്‍ക്കായി ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി ഇന്ത്യയ്ക്ക് കത്ത് കൈമാറിയതായി ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍ ആണ് വ്യക്തമാക്കിയത്.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 16 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. 77-കാരിയായ മുന്‍ പ്രധാനമന്ത്രി ഓഗസ്റ്റ് അഞ്ച് മുതല്‍ ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിക്കുകയാണ്. ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി തൗഹീദ് ഹുസൈന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹസീനയെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാന്‍ സൗകര്യമൊരുക്കാന്‍ തന്റെ ഓഫീസ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചതായി ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീര്‍ ആലമും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക വിലയിരുത്തല്‍ ഇതുവരെ വന്നിട്ടില്ല.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റിവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞാഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കം.

നേരത്തെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ കൂടിയായ മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീനയ്ക്കെതിരെ വിമര്‍ശനവുമായെത്തിയിരുന്നു. ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് ബംഗ്ലാദേശിനെതിരേ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നുവെന്നായിരുന്നു യൂനുസിന്റെ വിമര്‍ശനം. അതേസമയം ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തു 3500 പേരെ ദുരൂഹമായി കാണാതായ സംഭവങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടതായി ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.

കാണാതായ ചിലരെങ്കിലും ഇന്ത്യയിലെ ജയിലുകളിലുണ്ടെന്ന് കമ്മിഷനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ കൂട്ടായി ശ്രമിച്ച് ഇന്ത്യയിലെ ജയിലുകളിലുള്ള ബംഗ്ലദേശ് പൗരരെ തിരിച്ചറിയാന്‍ നടപടിയുണ്ടാകണമെന്നു കമ്മിഷന്‍ ആവശ്യപ്പെട്ടു. വിരമിച്ച സുപ്രീം കോടതി ജഡ്ജി മൈനുല്‍ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് 5 അംഗ കമ്മിഷന്‍.