- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമല ഹാരിസിനെ പിന്തുണച്ച് ഒബാമയും മിഷേലും; പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്; ട്രംപിന്റെ ജനപ്രീതി ഇടിച്ച് സര്‍വേകള്‍
വാഷിങ്ടണ്‍: യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അമേിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥിയാകുന്നതിന് ആവശ്യമായ വിവിധ ഔദ്യോഗിക രേഖകളില്‍ അവര്‍ ഒപ്പു വെച്ചു. ഇതോടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമല തന്നെയാകുമെന്ന കാര്യം അന്തിമമായി. ഓരോ വോട്ടും നേടാന്‍ താന്‍ കഠിനാധ്വാനം ചെയ്യുമെന്നും നവംബറില്‍ നടക്കുന്ന ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ഞായറാഴ്ച പ്രസിഡന്റ് ജോ ബൈഡന് അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. തുടര്‍ന്ന് അദ്ദേഹമാണ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിര്‍ദേശിച്ചത്. ഡെമോക്രാറ്റിക് സെനറ്റര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും അംഗീകാരം ലഭിച്ച കമല ഹാരിസിന് കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും മിഷേലും പിന്തുണ അറിയിച്ചിരുന്നു.
അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടാണ് യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് പിന്തുണ പ്രഖ്യാപിച്ചത്. സ്വകാര്യ ടെലഫോണ്‍ കാളിലൂടെയാണ് ബറാക് ഒബാമയും ഭാര്യ മിഷേലും കമല ഹാരിസിനുള്ള പിന്തുണ അറിയിച്ചത്.
ജോ ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ബറാക് ഒബാമ പിന്തുണക്കുന്നില്ലെന്ന വാര്‍ത്തകളായിരുന്നു പുറത്തു വന്നിരുന്നത്. 'നിങ്ങളെ പ്രസിന്റായി അവരോധിക്കാന്‍ ആവശ്യമായതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നും നിങ്ങള്‍ യു.എസിന്റെ മികച്ച പ്രസിഡന്റായി മാറുമെന്നും ഒബാമ പറഞ്ഞു. കമലയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഇതു ചരിത്രമാകുമെന്നും മിഷേല്‍ പറഞ്ഞതായും യു.എസ്.മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പിന്തുണക്ക് നന്ദി അറിയിച്ച കമല ഹാരിസ് ഒബാമയും മിഷേലും നല്കിയ പിന്തുണ താന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നെന്നും വെളിപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന് പ്രസിഡന്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുന്നതും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരു നിര്‍ദേശിക്കുന്നതും.
അതേസമയം കമല സ്ഥാനാര്‍ഥിയായി എത്തിയതോടെ സര്‍വേകളില്‍ ട്രംപിന്റെ ജനസമ്മതി ഇടിയുന്നുണ്ട്. അതിനിടെ കമലയെ ലക്ഷ്യമാക്കി മറ്റു പ്രചരണങ്ങളും റിപ്പബ്ലിക്കന്‍സ് നടത്തുന്നുണ്ട്. കമല ഹാരിസിനെ കുട്ടികളില്ലാത്ത സ്ത്രീയെന്ന് വിശേഷിപ്പിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെ.ഡി.വാന്‍സിന്റെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയാക്കിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാവായ കമല ഹാരിസിന് പിന്തുണ വ്യാപിക്കുന്ന ഘട്ടത്തിലാണ് 2021ല്‍ നടന്ന അഭിമുഖം വീണ്ടും ചര്‍ച്ചയായത്. ഇതോടെ കമലയ്ക്ക് പിന്തുണയുമായി കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യയിലെ മകള്‍ എല്ല.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ എല്ല എംഹോഫ് പങ്കുവെച്ച സ്റ്റോറി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. " നിങ്ങള്‍ എങ്ങനെയാണ് കുട്ടികളില്ലാത്തവരായി തീരുക. ഞാനും സഹോദരന് കോളും നിങ്ങളുടെ മക്കളാണ്, ഞാന്‍ എന്റെ മൂന്ന് രക്ഷിതാക്കളെയും സ്നേഹിക്കുന്നു." എന്നായിരുന്നു എല്ല കുറിച്ചത്. എല്ലയുടെ പ്രിയപ്പെട്ട 'മോമല'യാണ് കമല ഹാരിസ്. അടുത്തിടെ, പലസ്തീന് അഭയാര്‍ത്ഥികളെ സഹായിക്കുന്ന സംഘടനയായ യുഎന്‍ആര്‍ഡബ്ള്യുഎയുടെ ധനസമാഹരണത്തിലേക്കുള്ള ലിങ്ക് എല്ലാ എംഹോഫ് തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാദമായതോടെ ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
2008ലാണ് ഡഗ് എംഹോഫിനും ആദ്യ ഭാര്യ കെര്‍സ്റ്റിനും വിവാഹമോചിതരാകുന്നത്. ഇതിനുശേഷം 2014ലാണ് ഡഗും കമല ഹാരിസും വിവാഹിതരായത്. ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തിനെതിരെ ഡഗ് എംഹോഫിന്റെ ആദ്യ ഭാര്യ കെര്‍സ്റ്റിനും രംഗത്തെത്തിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമെന്നായിരുന്നു കെര്സ്റ്റിന് വിഷയത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി മക്കള്‍ക്ക് കമലയും താനും ഡഗും രക്ഷിതാക്കള്‍ തന്നെയാണെന്ന് കെര്സ്റ്റിന് പറയുന്നു.