- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി സ്വതന്ത്രമാധ്യമം; ഇന്ത്യ ബ്രിട്ടന്റെ പ്രധാനപ്പെട്ട അന്താരാഷ്ട്ര പങ്കാളി; ഊഷ്ടളമായ നയതന്ത്രബന്ധം തുടരണം; വിവാദ ഡോക്യുമെന്ററിയിൽ പ്രതിഷേധം തുടരവെ പ്രതികരിച്ച് യു കെ ഭരണകൂടം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയ്‌ക്കെതിരെ രാജ്യത്തിനകത്തും പ്രവാസ ലോകത്തും പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സർക്കാർ. ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവർത്തിക്കുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടർന്നും സർക്കാർ അങ്ങനെ തന്നെ ഇന്ത്യയെ പരിഗണിക്കും. ഡോക്യുമെന്ററിയെ ഇന്ത്യ അപലപിച്ചത് ചൂണ്ടിക്കാട്ടിയുള്ള ചോദ്യങ്ങളോടായിരുന്നു ബ്രിട്ടീഷ് സർക്കാരിന്റെ പ്രതികരണം.
ഗുജറാത്ത് വംശഹത്യയടക്കം പ്രമേയമായി വരുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഭരണകൂടം വിശദീകരണം നൽകിയത്. ബിബിസി സ്വതന്ത്രമാധ്യമമാണെന്നും ഉള്ളടക്കത്തിന്റെ കാര്യത്തിൽ സർക്കാരിൽ നിന്നും സ്വതന്ത്രമായാണ് ബിബിസിയുടെ പ്രവർത്തനമെന്നും സർക്കാർ വക്താവ് പറയുന്നു. ഡോക്യുമെന്ററിയുടെ പേരിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നയതന്ത്ര ബന്ധത്തെ ചൂണ്ടിക്കാട്ടി കൊണ്ട് സർക്കാർ പ്രതികരണം നടത്തിയത് എന്നാണ് വിവരം.
'മോദി: ദി ഇന്ത്യ ക്വസ്റ്റ്യൻ' ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതിൽ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.
ഡോക്യുമെന്ററി ഇന്ത്യയിലാകെ നിരവധി രാഷ്ട്രീയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചതോടെ ബിബിസി ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത് മുന്നൂറിലധികം പ്രവാസികളാണ്. ഡോക്യുമെന്ററി പക്ഷപാതപരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഡൽഹി ബിബിസി ഓഫീസിന് മുന്നിലും ഹിന്ദു സേനയുടെ പ്രതിഷേധം നടന്നു.
ബിബിസി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡൽഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബിബിസി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.
ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തിറങ്ങിയ സമയത്ത് തന്നെ ഇന്ത്യയിൽ സംപ്രേഷണ വിലക്കേർപ്പെടുത്തിയിരുന്നു.ഡോക്യുമെന്ററിയുടെ ലിങ്കുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ട്വിറ്ററും യൂട്യൂബും നീക്കം ചെയ്തിരുന്നു. 2021ലെ ഐ.ടി നിയമ പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ലിങ്കുകൾ നീക്കം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചത്.
എന്നാൽ കേന്ദ്രസർക്കാരിന്റ നിരോധന നടപടികൾക്കിടയിലും കോൺഗ്രസ്, സിപിഎം അടക്കമുള്ള പ്രതിപക്ഷ സംഘടനകളും വിദ്യാർത്ഥി സംഘടനകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചിരുന്നു.
വിവാദ ഡോക്യുമെന്ററി വിഷയത്തിൽ ബിബിസിക്കെതിരെ വിമർശനവുമായി റഷ്യ. തങ്ങൾക്കെതിരെയെന്ന പോലെ ഇതര സ്വതന്ത്ര ശക്തികൾക്കെതിരെയും ബിബിസി കുറ്റങ്ങൾ നിരത്തി ആക്രമണം നടത്തുകയാണെന്നു റഷ്യ ആരോപിച്ചു. ബിബിസി സ്വതന്ത്ര സ്ഥാപനമല്ലെന്നും ചില താൽപര്യങ്ങൾക്കു വിധേയമായാണു പ്രവർത്തിക്കുന്നതെന്നും വിവാദ ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ഇന്ത്യ ഇതിനോടു കൃത്യമായി പ്രതികരിച്ചു കഴിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി.
അതേ സമയം ബിബിസി ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ രണ്ടു ഹർജികൾ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ ഹർജിയും അഭിഭാഷകനായ എം.എൽ.ശർമയുടെ ഹർജിയുമാണ് പരിഗണിക്കുന്നത്.
അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങൾ ഹർജികളിലുണ്ട്.
ഡോക്യുമെന്ററി വിലക്കിയ നടപടി വഞ്ചനാപരവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം.എൽ.ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കുന്നതിനെതിരെയാണ് പ്രശാന്ത് ഭൂഷൺ, എൻ.റാം തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ