- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിബിസി ഡോക്യുമെന്ററിയുടെ ടൈമിങ് നിഷ്ക്കളങ്കമെന്ന് കരുതാൻ വയ്യ; ആഗോളതലത്തിൽ മോദി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിൽ ബിജെപി; ബ്രിട്ടീഷ് സർക്കാരിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കും; ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിൽ ബിബിസിയും
ന്യൂഡൽഹി: ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി വലിയ വിവാദമായിരിക്കുകയാണ്. ഡോക്യുമെന്ററി നീണ്ട നാളത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയതാണെന്ന വാദത്തിൽ ബിബിസി ഉറച്ചുനിൽക്കുമ്പോൾ, ഇന്ത്യ ശക്തമായ പ്രതിഷേധത്തിലാണ്. വിഷയം സർക്കാർതലത്തിൽ ഉന്നയിക്കാനാണ് തീരുമാനം. ജനാധിപത്യ സർക്കാറിനെയും പാർലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന് കേന്ദ്രസർക്കാർ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും.
നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാാനിരിക്കെ, മോദിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ കേന്ദ്ര സർക്കാറിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബിജെപി വിലയിരുത്തുന്നു. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണെന്നും കേന്ദ്രസർക്കാർ കരുതുന്നു.
ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ പ്രമുഖരും ഇതിനോടകം സർക്കാറിനെയും ബിബിസിയെയും കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുകെ പാർലമെന്റംഗവും വ്യവസായിയുമായ ലോർഡ് റാമി റേഞ്ചറാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡെയ്വിന് കത്തയച്ചത്. ജി20യുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ബ്രിട്ടനും നിർണായ ചച്ചകൾക്ക് തുടക്കമിടാനിരിക്കെ പുറത്തുവന്ന ഡോക്യുമെന്ററി വ്യാപാര ബന്ധങ്ങളെയടക്കം ബാധിക്കുമെന്ന് കത്തിൽ മുന്നറിയിപ്പുണ്ട്,.
അതേസമയം ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യാൻ നിലവിൽ ആലോചനയില്ലെന്ന് ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിൽ, ബിബിസി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങൾ എന്ന് ബിബിസി പറഞ്ഞു. ഡോക്യുമെന്ററി ചിത്രീകരണത്തിൽ ഇന്ത്യൻ സർക്കാരിന്റെ മറുപടി തേടിയിരുന്നു. എന്നാൽ, സർക്കാർ അത് നിഷേധിച്ചു. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തി. വിശദമായ ഗവേഷണങ്ങൾക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം.
രണ്ടുഭാഗങ്ങളായുള്ള ഡോക്യുമെന്ററിയുടെ ആദ്യം ഭാഗം ചൊവ്വാഴ്ച സംപ്രേഷണം ചെയ്തിരുന്നു. രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും. ആദ്യ എപ്പിസോഡിൽ, മോദിയുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് വയ്പ്, ബിജെപിയിലെ ഉയർച്ച, ഗുജറാത്ത് മുഖ്യമന്ത്രി ആയുള്ള നിയമനം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിൽ നിന്നും ബിബിസിക്ക് ലഭ്യമായ ഇതുവരെ പുറത്തുവിടാത്ത റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഡോക്യുമെന്ററി. ഗുജറാത്ത് കലാപത്തിനിടെയുള്ള നരേന്ദ്ര മോദിയുടെ പ്രവർത്തികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഡോക്യുമെന്ററി. 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ബി.ബി.സി പുറത്തിറക്കിയത്. എന്നാൽ, മോദിക്കെതിരെ ആരോപണമുന്നയിക്കുന്ന ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ഡോക്യുമെന്ററി പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും മുൻവിധിയോടെയുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങൾ ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. ഇതിലെ വിവരങ്ങളാണ് തങ്ങൾ പുറത്തുവിടുന്നതെന്ന് ബി.ബി.സി ഡോക്യുമെന്ററിയിൽ അവകാശപ്പെടുന്നു. ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഗുജറാത്തിലേക്ക് അയച്ചുവെന്നും വിശദമായ റിപ്പോർട്ട് ഇവർ സമർപ്പിച്ചുവെന്നും 2001-2006 കാലത്തെ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. അതേസമയം, ഇന്ത്യയിൽ പ്രദർശിപ്പിക്കാത്ത ഈ ഡോക്യുമെന്ററി വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. മുൻവിധിയും വസ്തുനിഷ്ഠതയില്ലായ്മയും കൊളോണിയൽ മാനസികാവസ്ഥയും വ്യക്തമായി കാണാം. ഈയൊരു ആഖ്യാനം പ്രചരിപ്പിക്കുന്ന ആളുകളുടെയും ഏജൻസികളുടെയും താൽപര്യങ്ങളുടെ പ്രതിഫലനമാണ് ഡോക്യുമെന്ററി. ഇതിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ഇതിന് പിന്നിലെ അജണ്ടയെ കുറിച്ചും ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുകയാണ്. ഇത്തരം സംഭവങ്ങളെ മുഖവിലക്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ സർക്കാർ ബിബിസിയുടെ മോദി ഡോക്യുമെന്ററിയെ വിമർശിക്കുന്നു എന്ന തലക്കെട്ടിൽ ബിബിസി ഓൺലൈനിൽ വാർത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ