- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധാനന്തര ഗസ്സ ആര് ഭരിക്കും? ഹമാസിനെ പരിസരത്ത് പോലും അടുപ്പിക്കില്ലെന്ന് ഉറപ്പിച്ചു ഇസ്രയേൽ; നീക്കം നടക്കുന്നത് ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെ നിയമിക്കാൻ; പ്രാദേശിക ഓഫീസുകൾ ഭരിക്കുന്ന സംവിധാനം വരും; അതിർത്തി മേഖലകൾ ബഫർസോണാക്കി മാറ്റുമെന്ന് നെതന്യാഹു
ടെൽ അവീവ്: ഗസ്സയിൽ വെടിനിർത്തൽ ഇപ്പോഴും അനിശ്ചിതമായി നീണ്ടുപോകുകയാണ്. ഇതിന്റെ കെടുതിയിലാണ് ജനങ്ങൾ. യുദ്ധം അവസാനിച്ചാൽ ഗസ്സയുടെ ഭാവി എന്താകുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ പഴയ ഗസ്സ ആകില്ല യുദ്ധാനന്തര ഗസ്സ എന്നാണ് ലഭിക്കുന്ന സൂചനകൾ. യുദ്ധാനന്തര ഗസ്സയിൽ ഇസ്രയേലിന് പൂർണ്ണ നിയന്ത്രണമുള്ള ഒരു ഭരണകൂടത്തെ സൃഷ്ടിക്കാനാണ് ശ്രമം. ഇത് സംബന്ധിച്ച പദ്ധതി ഇസ്രയേൽ തയ്യാറാക്കിയിട്ടുണ്ട്.
ഹമാസ് ഒരു കാരണവശാലും ഗസ്സയിൽ ഭരണം സ്വപ്നം കാണേണ്ട എന്നാണ് ഇസ്രയേൽ നൽകുന്ന മുന്നറിയിപ്പ്. യുദ്ധാനന്തര ഭറണം എങ്ങനെയാകണം എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വ്യക്തമാക്കി. , ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ സ്ഥലങ്ങളിലെല്ലാം ജനവാസമോ കെട്ടിടങ്ങളോ അനുവദിക്കാതെ ബഫർസോണാക്കി മാറ്റുമെന്നും യുദ്ധകാല കാബിനറ്റ് യോഗത്തിൽ അവതരിപ്പിച്ച പദ്ധതിയിൽ നെതന്യാഹു പറയുന്നു.
ഗസ്സയുടെ ഭരണത്തിനായി പ്രാദേശിക ഓഫീസുകൾ സ്ഥാപിക്കും. ഹമാസിന് പകരം ഈ ഓഫീസുകളായിരിക്കും ഗസ്സയുടെ ഭരണം നടത്തുക.ഹമാസിനെ പൂർണ്ണമായും തകർക്കുന്നത് വരെ ഇസ്രയേൽ പ്രതിരോധസേന ഗസ്സയിലെ യുദ്ധം തുടരും. യുദ്ധാനന്തരം ഗസ്സ മുനമ്പിൽ ഇസ്രയേൽ പ്രതിരോധ സേനക്ക് പൂർണ്ണ നിയന്ത്രണമുണ്ടാവും.
ഈജിപ്ത്-ഗസ്സ അതിർത്തി അടക്കും. എന്നാൽ, ഇസ്രയേലിന്റെ പുതിയ പദ്ധതിയെ അറബ് രാജ്യങ്ങൾ ഉൾപ്പടെയുള്ളവർ അംഗീകരിക്കില്ല. ദ്വിരാഷ്ട്രമെന്ന നിലപാടിൽ നിന്നും പിന്നോട്ട് പോവില്ലെന്ന് അറബ് രാജ്യങ്ങൾ ഉൾപ്പടെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസീയുസസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയിൽ മൂന്നാം തവണയും ഗസ്സയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യുഎസ്, ഹേഗിൽ രാജ്യാന്തര കോടതിയിലും (ഐസിജെ) ഇസ്രയേൽ അനുകൂല നിലപാടെടുത്തു. ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഐസിജെ ആവശ്യപ്പെടരുതെന്നും ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കാണു പ്രഥമപരിഗണന നൽകേണ്ടതെന്നും യുഎസ് പ്രതിനിധി റിച്ചഡ് വിസെക് വാദിച്ചു.
വെസ്റ്റ്ബാങ്ക്, കിഴക്കൻ ജറുസലം, ഗസ്സ എന്നീ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേൽ അധിനിവേശം തുടരുന്നതിന്റെ പ്രത്യാഘാതം വിലയിരുത്തുന്ന 15 അംഗ ബെഞ്ച് മുൻപാകെ ഇന്നലെ ഹാജരായ റഷ്യ, അധിനിവേശം നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച നീളുന്ന വാദത്തിൽ ആകെ 51 രാജ്യങ്ങളാണു കോടതിയിൽ നിലപാട് അറിയിക്കുക. യുഎൻ പൊതുസഭയുടെ നിർദേശമനുസരിച്ചാണു വാദംകേൾക്കുന്നത്.
ഗസ്സയിൽ ശേഷിക്കുന്ന നൂറോളം ബന്ദികൾക്ക് ആവശ്യമായ മരുന്നുകൾ ഹമാസ് വിതരണം ആരംഭിച്ചതായി ഖത്തർ അറിയിച്ചു. ഖത്തറും ഫ്രാൻസും മധ്യസ്ഥത വഹിച്ചാണു കഴിഞ്ഞ മാസം മരുന്നുകൾ എത്തിച്ചത്. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ അമ്മയും പെൺകുഞ്ഞും കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ സൈനികകേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. ഒക്ടോബർ 7നു ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ 250 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ പാർപ്പിടസമുച്ചയത്തിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു.
അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോട് ആവശ്യപ്പെടുന്ന രക്ഷാസമിതി പ്രമേയം മൂന്നാം വട്ടവും വീറ്റോ ചെയ്ത യുഎസ് നടപടിയെ ചൈന, ക്യൂബ, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. സമിതിയിലെ 15 ൽ 13 അംഗരാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചിരുന്നു. യുകെ വിട്ടുനിന്നു. രണ്ടാഴ്ചയായി ഈജിപ്തിൽനിന്നു ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുമായുള്ള ട്രക്കുകളുടെ വരവു പൂർണമായി നിലച്ചതായി യുഎൻ ഫുഡ് പ്രോഗ്രാം അറിയിച്ചു. ഗസ്സയിലെ ഭൂരിഭാഗവും കയ്യടക്കിയ ഇസ്രയേൽ സൈന്യം സുരക്ഷ ഉറപ്പുനൽകാത്ത സാഹചര്യത്തിൽ വിവിധമേഖലകളിൽ സഹായവിതരണവും നടക്കാത്ത സ്ഥിതിയാണ്. ഗസ്സയിലെ കുട്ടികളിൽ ആറിലൊരാൾ കടുത്ത പോഷകാഹാരക്കുറവു നേരിടുന്നതായി യുനിസെഫ് അറിയിച്ചു. 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ 90 ശതമാനവും കഷ്ടിച്ചു 2 നേരമാണ് എന്തെങ്കിലും കഴിക്കുന്നത്. 80 ശതമാനത്തിലേറെ താമസകേന്ദ്രങ്ങളിലും ശുദ്ധജലമില്ല.
മറുനാടന് ഡെസ്ക്