- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് യുഎസ്
വാഷിങ്ടൺ: ലോക സമ്പദ് വ്യവസ്ഥയെ തകർക്കുന്ന വിധത്തിൽ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്ന ഹൂതികളെ ഭീകരപ്പട്ടികയിൽപെടുത്താൻ യു.എസ്. ആസ്തികൾ മരവിപ്പിക്കുകയും സഹായം തടയുകയും ചെയ്യുന്ന പ്രത്യേക ആഗോള ഭീകരരുടെ പട്ടികയിൽ ഹൂതികളെയും പെടുത്തുന്ന നടപടികൾക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തുടക്കം കുറിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചെങ്കടലിൽ ഇസ്രയേൽ ബന്ധം സംശയിക്കുന്ന കപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം തുടരുന്നുണ്ട്.
കഴിഞ്ഞ ദിവസം മറ്റൊരു അമേരിക്കൻ കപ്പലിനു നേരെ ഹൂതി ആക്രമണം നടന്നതോടെയാണ് കടുത്ത മുന്നറിയിപ്പുമായി പെന്റഗൺ രംഗത്തുവന്നത്. അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികളും അറിയിച്ചു. അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയാണ് ഏറ്റവും ഒടുവിലായി ആക്രമണം നടന്നത്. ഇസ്രയേലിലേക്ക് പുറപ്പെട്ടതായിരുന്നു അക്രമിക്കപ്പെട്ട കപ്പലെന്ന് ഹൂതികൾ. ചെങ്കടലിൽ കപ്പൽ സുരക്ഷ ഉറപ്പാക്കാൻ സഖ്യരാജ്യങ്ങൾക്കൊപ്പം ചേർന്ന് നടപടി സ്വീകരിക്കുമെന്ന് പെന്റഗണനും മുന്നറിയിപ്പ് നൽകി. അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണം ഉണ്ടായാൽ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി ഹൂതികളും രംഗത്തുവന്നു.
ഗസ്സയിൽ ഇസ്രയേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുംവരെ തുടരുമെന്നാണ് ഹൂതികളുടെ അവകാശവാദം. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും നേതൃത്വം നൽകുന്ന സംയുക്ത സേന ചെങ്കടലിൽ നിരീക്ഷണവും ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയും ഹൂതികൾക്കുനേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരപ്പട്ടികയിൽ പെടുത്തൽ. നേരത്തെ ഹൂതികൾ ഈ പട്ടികയിലുണ്ടായിരുന്നെങ്കിലും 2021ൽ ഒഴിവാക്കിയിരുന്നു.
ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനാണ് യു.എസ് തീരുമാനം. ഗസ്സയിൽ ഇസ്രയേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുംവരെ ആ രാജ്യത്തേക്കുള്ള കപ്പലുകൾ അക്രമിക്കുന്നത് തുടരുമെന്നാണ് ഹൂതികളുടെ നിലപാട്. അതിനിടെ ഹൂതികൾക്കെതിരെ നാവിക സുരക്ഷാ സേനയുടെ ഭാഗമാകില്ലെന്ന് ഫ്രാൻസ് അറിയിച്ചു. സംഘർഷം വ്യാപിക്കരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.
അതിനിടെ ഹമാസ് ബന്ദികളാക്കിയവർക്കും ഗസ്സയിലെ ഫലസ്തീൻ രോഗികൾക്കും മരുന്ന് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഖത്തറിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളത്തിൽ എത്തിച്ച മരുന്ന് ഉൽപന്നങ്ങൾ ഇന്ന് കൈമാറുമെന്നാണ് വിവരം. ഖത്തറും ഫ്രാൻസും ഇടനിലക്കാരായി ഇസ്രയേലും ഹമാസുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മരുന്നുവിതരണം.
ബന്ദികൾക്ക് ഒരുപെട്ടി മരുന്ന് നൽകുമ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് 1000 പെട്ടി വീതം നൽകണമെന്നതാണ് പ്രധാന വ്യവസ്ഥയെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ അബു മർസൂഖ് ഇന്നലെ അറിയിച്ചിരുന്നു. പിന്നിട്ട 24 മണിക്കൂറിനിടെ ഗസ്സയിൽ 163 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,448 ആയി. 61,504 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.