വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരായ അറസ്റ്റ് വാറന്റ് വിഷയത്തിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രയേലിനെ കടുത്ത ഭാഷയിൽ പ്രതിരോധിച്ചു കൊണ്ടാണ് ബൈഡൻ രംഗത്തുവന്നത്. ഇസ്രയേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറന്റ് അംഗീകരിക്കാനാവില്ലെന്നും തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ജൂത അമേരിക്കൻ പൈതൃക മാസ പരിപാടിയിൽ സംസാരിക്കവെ ബൈഡൻ പറഞ്ഞു.

ഗസ്സയിൽ ഏഴുമാസമായി തുടരുന്ന സംഘർഷത്തിന്റെ പേരിൽ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രയേൽ നേതാക്കൾക്ക് പുറമേ ഹമാസ് നേതാക്കളായ യഹ്യ സിൻവർ, മുഹമ്മദ് ദെയ്ഫ്, ഇസ്മായിൽ ഹനിയ എന്നിവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെടിരുന്നു. യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിന്റെയും ഗസ്സയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിന്റെയും പ്രത്യാഘാതങ്ങൾ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പോഷകാഹാരക്കുറവ്, നിർജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഫലസ്തീൻ ജനതക്കിടയിൽ ഉയരുന്ന മരണങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ താൻ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇസ്രയേൽ നേതാക്കൾക്കെതിരായ അറസ്റ്റ് വാറന്റിനുള്ള ഐ.സി.സി നീക്കം തള്ളിക്കളയുന്നതായി ബൈഡൻ പറഞ്ഞു. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നൽകിയ പ്രത്യേക കേസിലും ഇസ്രയേലിനെ അനുകൂലിച്ച് ബൈഡൻ രംഗതത്തെത്തിയിരുന്നു. ഗസ്സയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നില്ലെന്നും പ്രതിരോധമാണ് നടത്തുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം ഐ.സി.സി നിർദ്ദേശം ഇസ്രയേലും തള്ളിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയും ബെൽജിയവും വാറന്റിനെ സ്വാഗതം ചെയ്തു. കോടതി നിർദ്ദേശം അവഞ്ജയോടെ തള്ളുന്നുവെന്നായിരുന്നു ഇസ്രയേൽ പ്രതികരണം. കൂട്ടക്കൊലയാളികളായ ഹമാസിനെയും ജനാധിപത്യ ഇസ്രയേലിനെയും തുലനം ചെയ്ത നടപടിയെ തള്ളിക്കളയുന്നുവെന്ന് നെതന്യാഹു പറഞ്ഞു. നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും അഗ്‌നിക്കിരയാക്കുകയും കശാപ്പ് ചെയ്യുകയും ശിരഛേദം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയുമെല്ലാം ചെയ്ത ഹമാസിനെയും ന്യായമായ യുദ്ധം ചെയ്യുന്ന ഇസ്രയേൽ സൈനികരെയും എന്ത് ധിക്കാരത്തോടെയാണു നിങ്ങൾ താരതമ്യം ചെയ്യുന്നതെന്നും നെതന്യാഹു ചോദിച്ചു.

അതേസമയം, ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹമാസും ഫലസ്തീൻ സംഘടനകളും ആവശ്യപ്പെട്ടു. നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കാൻ ഐ.സി.സി ഏഴു മാസം വൈകിയെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നിർദേശത്തെ ഗസ മീഡിയ കാര്യാലയവും പി.എൽ.ഒയും വിമർശിച്ചു.

ഇസ്രയേൽ വൃത്തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ അപ്പാടെ തള്ളിക്കളയുന്നുവെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ബ്ലിങ്കൻ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും നടപടിയെന്നും സൂചിപ്പിച്ചു. ഈ വിഷയത്തിൽ ഐ.സി.സിക്ക് ഇടപെടാൻ അധികാരമില്ലെന്നു തുടക്കംതൊട്ടേ യു.എസ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അറസ്റ്റ് വാറന്റിൽ ജർമനിയും ഇസ്രയേലിനുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള താരതമ്യം തെറ്റായെന്ന് ജർമൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. എന്നാൽ, ഇസ്രയേലിനെതിരെ ഐ.സി.സിയിൽ യുദ്ധക്കുറ്റ കേസിനു തുടക്കമിട്ട ദക്ഷിണാഫ്രിക്ക പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. എല്ലാവരോടും തുല്യമായി നിയമം നടപ്പാക്കേണ്ടതുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ പറഞ്ഞത്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ നടപടിയുണ്ടാകണം. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും രാമഫോസ ആവശ്യപ്പെട്ടു.

ബെൽജിയവും ലോകകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ യു.എസിന്റെ നിലപാട് ആവർത്തിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. ഹമാസ് നേതാക്കൾക്കൊപ്പം ഇസ്രയേൽ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു ബ്രിട്ടനും ചെക്ക് റിപബ്ലിക്കും ആസ്ട്രിയയുമെല്ലാം ചെയ്തത്.