ടെൽ അവീവ്: ഏഴ് മാസത്തിലേറെയായി തുടരുന്ന ഇസ്രയേൽ-ഗസ്സ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടു വെച്ച പ്ലാൻ ഇസ്രയേൽ അംഗീകരിക്കുമെന്ന് റിപ്പോർട്ടുകൾ. ബന്ദികളുടെ മോചനത്തിന് കാര്യമായ പരിഗണന നൽകി കൊണ്ടാണ് ഇസ്രയേൽ ബൈഡന്റെ നിർദ്ദേശം അംഗീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ബൈഡൻ മുന്നോട്ടുവച്ച പ്ലാൻ ഇസ്രയേൽ അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവായ ഒഫിർ ഫാൽക്കാണ് സൺഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ബൈഡന്റെ നിർദ്ദേശങ്ങൾ കുറ്റമറ്റതാണെന്ന് കരുതുന്നില്ലെങ്കിലും ബന്ദികളുടെ മോചനം ഉൾപ്പെടെ ഇസ്രയേൽ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഈ നിർദ്ദേശം അംഗീകരിക്കാൻ തയാറായിരിക്കുന്നതെന്നും ഒഫിർ ഫാൽക്ക് പറഞ്ഞു. ഹമാസിനെ വംശഹത്യ നടത്തുന്ന ഭീകര സംഘടനയായി കണ്ട് നശിപ്പിക്കുക എന്ന ഇസ്രയേൽ വ്യവസ്ഥകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും നെതന്യാഹുവിന്റെ ഉപദേഷ്ടാവ് വ്യക്തമാക്കി. അതേസമയം ബൈഡന്റെ പ്ലാൻ അതേപടി ഇസ്രയേൽ അംഗീകരിക്കില്ല. പ്ലാനിൽ ഇനിയും തിരുത്തലുകൾ ആവശ്യമാണെന്നും ഇസ്രയേൽ അറിയിച്ചു.

എന്താണ് ബൈഡൻ മുന്നോട്ടുവെച്ച പദ്ധതി?

യുദ്ധം അനസാനിപ്പിച്ച് ഗസ്സയിൽ സമാധാനമുറപ്പിക്കാൻ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്ന ഒരു പ്ലാനാണ് അമേരിക്കൻ പ്രസിഡന്റ് നിർദ്ദേശിച്ചിരുന്നത്. ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങുന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാർ നടപ്പാക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. ഇസ്രയേലി തടവുകാരുടെയും ഫലസ്തീനിയൻ തടവുകാരുടെയും കൈമാറ്റം, ഗസ്സ മുനമ്പിൽ പട്ടിണിയിൽ വലയുന്നവർക്കും ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ 82,000-ത്തിലധികം പേർക്കും മാനുഷിക സഹായം തുടങ്ങിയവയും ആദ്യഘട്ടത്തിൽ നടപ്പാക്കും.

ഗസ്സയ്ക്ക് ദിവസേന 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കുമെന്നും ഖത്തർ വഴി ഹമാസിനെ അറിയിച്ച നിർദ്ദേശങ്ങളിൽ പറയുന്നു. മൂന്നാം ഘട്ടത്തിൽ, ഇസ്രയേൽ സൈന്യം കേടുവരുത്തുകയോ നശിപ്പിക്കുകയോ ചെയ്ത 60 ശതമാനം ക്ലിനിക്കുകൾ, സ്‌കൂളുകൾ, സർവ്വകലാശാലകൾ, മതപരമായ കെട്ടിടങ്ങൾ എന്നിവയുടെ പുനർനിർമ്മാണം നടക്കും. ഒപ്പം സമ്പൂർണ വെടിനിർത്താലും സാധ്യമാകുമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ഈ നിർദ്ദേശങ്ങളെ ഹമാസ് അംഗീകരിക്കാൻ തയ്യാറാണ്. നിർദ്ദേശങ്ങളെ പോസിറ്റിവായി വീക്ഷിക്കുന്നതായി ഹമാസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, മറ്റ് വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. ചില ഇസ്രയേലി രാഷ്ട്രീയക്കാരിൽ നിന്നും ബന്ദികളാക്കിയവരുടെ കുടുംബങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ഈ പദ്ധതിക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്സ്, ഈ നിർദ്ദേശത്തെ അനുകൂലിച്ച് സംസാരിക്കുകയും നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോടും അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

യുദ്ധത്തിനപ്പുറമുള്ള ഗസ്സയുടെ ഒരു പദ്ധതിയും അംഗീകരിച്ചില്ലെങ്കിൽ ജൂൺ 8ന് മന്ത്രിസഭയിൽ നിന്ന് പുറത്തുപോകുമെന്ന് ഗാന്റ്‌സ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് യായർ ലാപിഡും പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. യുകെ, ജർമ്മനി എന്നിവയുൾപ്പെടെ ഇസ്രയേലിന്റെ പല സഖ്യകക്ഷികളും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പദ്ധതിയെ അനുകൂലിച്ചിരുന്നു.

അതേസമയം പദ്ധതിയോട് എതിർപ്പും ഇസ്രയേലിൽ ശക്തമാണ്. ഭരിക്കാനും യുദ്ധം ചെയ്യാനുമുള്ള ഹമാസിന്റെ കഴിവ് ഇല്ലാതാക്കുന്നത് ഉൾപ്പെടാത്ത ഏതൊരു പദ്ധതിയെയും അംഗീകരിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രയേൽ മുന്നോട്ടുവെച്ച നിർദ്ദേശത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഹമാസിന്റെ സൈനിക, ഭരണശേഷികൾ തകർക്കുക, ബന്ദികളുടെ മോചനം എന്നീ ലക്ഷ്യങ്ങൾ നേടുന്നത് വരെ യുദ്ധം അവസാനിക്കില്ല. ഗസ്സ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് നെതന്യാഹു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമ്പൂർണമായ വെടിനിർത്തലിന് മുമ്പ് ഈ ലക്ഷ്യങ്ങൾ നേടണമെന്നാണ് നെതന്യാഹു അറിയിക്കുന്നത്. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള ക്ഷണവും നെതന്യാഹു സ്വീകരിച്ചു. നേരത്തെ ഗസ്സയിൽ വെടിനിർത്താനും ബന്ദിമോചനത്തിനും ഇസ്രയേൽ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രയേൽ കൈമാറിയതായി ബൈഡൻ പറഞ്ഞു.

ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ ഈ സന്ധിയിലൂടെ കഴിയുമെന്നും അദ്ദേഹം ഹമാസിനോടും ഇസ്രയേലിനോടും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഹമാസിനെ പൂർണമായും തകർക്കുന്നത് വരെ യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ചിരിക്കുകയാണ് നെതന്യാഹു ചെയ്തിരിക്കുന്നത്.

ആറാഴ്ച നീളുന്ന മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയുടെ കരട് ഖത്തർ വഴി ഇസ്രയേൽ ഹമാസിന്? കൈമാറിയതായും ബൈഡൻ പറഞ്ഞിരുന്നു. സമാധാന പദ്ധതി നടപ്പാക്കി കഴിഞ്ഞാൽ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 36,000-ത്തിലധികം ഫലസ്തീനികളുടെ കൂട്ടക്കൊലക്ക് കാരണമായ ഇസ്രയേൽ ആക്രമണത്തിന് അറുതിയാകുമെന്നാണ് ലോകരാഷ്ട്രങ്ങളുടെ നിരീക്ഷണം. ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങൾ ഈ കരാർ അംഗീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒപ്പം കരാർ നിരസിക്കാനുള്ള സമ്മർദ്ദങ്ങൾ രാഷ്ട്രീയതലത്തിൽ ശക്തമാണ്.