- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് കുട്ടികളുടെ തലവെട്ടുന്ന ദൃശ്യങ്ങൾ കണ്ടു, ഐഎസിന്റെ ക്രൂരതകളെ പോലും വെല്ലുന്ന പ്രവൃത്തിയെന്ന് ജോ ബൈഡൻ; പിന്നാലെ തിരുത്തുമായി വൈറ്റ് ഹൗസ്; ഇസ്രയേൽ നൽകിയ വിവരമെന്ന് വിശദീകരണം
വാഷിങ്ടൺ: ഹമാസ് കുട്ടികളെ കഴുത്തറുത്തുകൊന്ന ദൃശ്യങ്ങൾ കണ്ടുവെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന തിരുത്തി വൈറ്റ് ഹൗസ്. ഇസ്രയേലിനെതിരായ ഹമാസ് സായുധസംഘത്തിന്റെ നടപടികൾ തികഞ്ഞ തിന്മയാണെന്ന് പറഞ്ഞ ബൈഡൻ ചിലപ്പോൾ അവരുടെ പ്രവർത്തികൾ ഐ.എസിന്റെ ഏറ്റവും മോശം ക്രൂരതകളെപ്പോലും വെല്ലുന്നതാണെന്ന് ബൈഡൻ പ്രസംഗിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഹമാസ് ഇസ്രയേലി കുട്ടികളെ വധിച്ചെന്ന് ബൈഡൻ അവകാശപ്പെട്ടത്. വൈറ്റ് ഹൗസിൽ ജൂതനേതാക്കളുമായി സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പരാമർശം. ഈ പ്രസ്താവന തിരുത്തുകയാണ് വൈറ്റ്ഹൗസ് ചെയ്തത്. അങ്ങനെയൊരു ദൃശ്യം പ്രസിഡന്റ് ബൈഡൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ നിന്നും ഇസ്രയേലി അധികൃതരിൽ നിന്നും ലഭിച്ച വിവരം പരാമർശിക്കുകയായിരുന്നെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിച്ചത്.
ഇന്നലെ ജൂത നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കുട്ടികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടതായി ബൈഡൻ പറഞ്ഞത്. 'ഈ ആക്രമണം ക്രൂരതയുടെ പ്രചാരണമായിരുന്നു, തീവ്രവാദികൾ കുട്ടികളുടെ തലവെട്ടുന്ന ചിത്രങ്ങൾ കാണുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല' എന്നായിരുന്നു ബൈഡന്റെ പ്രസ്താവന. ഇത് വ്യാപകമായി പ്രചരിക്കുകയും പാശ്ചാത്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ, അത്തരം ദൃശ്യങ്ങൾ ബൈഡൻ നേരിട്ട് കണ്ടിട്ടില്ലെന്ന് പിന്നീട് വൈറ്റ് ഹൗസ് വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ നിന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താക്കളിൽ നിന്നും ലഭിച്ച വിവരങ്ങൾ പരാമർശിച്ചാണ് ബൈഡന്റെ പ്രസ്താവനയെന്നായിരുന്നു വൈറ്റ് ഹൗസ് വിശദീകരണം.
ഹമാസ് ആക്രമണം നടത്തിയ ഇസ്രയേൽ നഗരത്തിൽ തലയറുത്ത കുട്ടികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, കുട്ടികളെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ഹമാസ് നിഷേധിച്ചിരുന്നു.
മറുനാടന് ഡെസ്ക്