മോസ്‌കോ: റഷ്യയിലെ ജനസംഖ്യ ആശങ്കാജനകാംവിധം കുറയുന്ന സാഹചര്യം നേരിടാന്‍ നിര്‍ദേശവുമായി പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ജോലിക്കിടെ ഉച്ചഭക്ഷണത്തിനും ചായയ്ക്കും ഉള്‍പ്പെടെയുള്ള ഇടവേളകളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പുടിന്‍ നിര്‍ദേശിച്ചുവെന്ന് ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്‍ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്‍ത്താന്‍ ആവശ്യമായ 2.1-ല്‍ നിന്ന് രാജ്യത്തെ ജനന നിരക്ക് ഒരു സ്ത്രീക്ക് 1.5 കുട്ടി എന്ന നിലയിലേക്ക് കൂപ്പുകുത്തിയതാണ് ആശങ്കയായത്.

റഷ്യയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് സ്ത്രീക്ക് ഏകദേശം 1.5 കുട്ടികളായി കുറഞ്ഞതിന് പിന്നാലെയാണ് പരാമര്‍ശം. മുമ്പ് 2.1 ആയിരുന്ന ഫെര്‍ട്ടിലിറ്റി നിരക്കിനെ യുക്രൈന്‍ യുദ്ധം പ്രതികൂലമായി ബാധിച്ചു. ഇത് റഷ്യയില്‍ നിന്ന് യുവ ജനങ്ങളുടെ പലായനത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.

ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള സാധുവായ ന്യായമല്ല എന്ന് റഷ്യന്‍ ആരോഗ്യവകുപ്പ് മന്ത്രി ഡോ. യെവ്ഗെനി ഷെസ്തോപലോവ് പറഞ്ഞു. ജോലിയിലെ ഇടവേളകള്‍ ജനങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും ഇടവേളകളില്‍ 'കുടുംബം വിപുലീകരിക്കുന്നതില്‍' ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദിവസം 12 മുതല്‍ 14 വരെ മണിക്കൂര്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ എങ്ങനെ കുട്ടികള്‍ക്കായി സമയം കണ്ടെത്തും എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജോലിത്തിരക്കുകള്‍ ഒരിക്കലും സന്താനലബ്ധിക്ക് തടസ്സമാകരുതെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ വിപുലീകരണം ഏറെ പ്രധാനമാണ്. ഇതിനായി ഉച്ചഭക്ഷണ ഇടവേളകളും ടീ, കോഫി ബ്രേക്കുകളും പ്രയോജനപ്പെടുത്തണമെന്ന് ഷെസ്റ്റോപലോവ് ഊന്നിപ്പറഞ്ഞു. അതേസമയം, റഷ്യയുടെ ജനന നിരക്കിലുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ മറ്റ് പല നടപടികളും ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ മോസ്‌കോയില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അവരുടെ ആരോഗ്യവും പ്രത്യുത്പ്പാദന സാധ്യതകളും വിലയിരുത്തുന്നതിനായി സൗജന്യ ഫെര്‍ട്ടിലിറ്റി സ്‌ക്രീനിംഗില്‍ പങ്കെടുപ്പിക്കും.

ചെല്യാബിന്‍സ്‌ക് മേഖലയില്‍, ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പ്രോത്സാഹനമാണ് അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്. 24 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് അവരുടെ ആദ്യത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ 1.02 ലക്ഷം റൂബിള്‍ (9.40 ലക്ഷം രൂപ) നല്‍കുന്നതാണ് ഈ പദ്ധതി. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, വിവാഹമോചനത്തിനുള്ള ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്.

'റഷ്യന്‍ ജനങ്ങളുടെ സംരക്ഷണമാണ് ദേശീയതലത്തില്‍ നമ്മുടെ ഏറ്റവും വലിയ മുന്‍ഗണന' എന്ന് പ്രസിഡന്റ് പുടിന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്. റഷ്യയുടെ വിധി, നമ്മളില്‍ എത്ര പേര്‍ ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും അദ്ദേഹം പറഞ്ഞു.

1999-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനന നിരക്കാണ് ഇപ്പോള്‍ റഷ്യയിലുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം റഷ്യയില്‍ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ജനന നിരക്കിലെ ഈ കുത്തനെയുള്ള ഇടിവാണ് സര്‍ക്കാരിനെ നടപടികളിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലേതിനേക്കാള്‍ 16,000 കുറവാണ് ഈ വര്‍ഷം ഇതേ കാലയളവിലെ ജനനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ജനന നിരക്കിലെ കുറവിന് പുറമെ റഷ്യയില്‍ മരണങ്ങളുടെ എണ്ണം കൂടിയതും ജനസംഖ്യാ ഇടിവിന് കാരണമാകുന്നുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 മരണങ്ങളാണ് ഈ വര്‍ഷം റഷ്യയില്‍ കൂടിയത്.

ജോലിയുടെ ഇടവേളകളിലെ ലൈംഗിക ബന്ധം മാത്രമല്ല, ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന്‍ വേറേയും നടപടികള്‍ ക്രെംലിന്‍ സ്വീകരിച്ചിട്ടുണ്ട്. 18-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സൗജന്യ വന്ധ്യതാ പരിശോധന, വിവാഹമോചനങ്ങള്‍ നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്‍ത്തുക, 24 വയസിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ആദ്യ കുഞ്ഞുണ്ടാകുമ്പോള്‍ 8.6 ലക്ഷം റൂബിള്‍ (8,500 ബ്രിട്ടീഷ് പൗണ്ട്) നല്‍കുക, ഗര്‍ഭച്ഛിദ്രം നിരോധിക്കുക എന്നിവയാണ് അതില്‍ ചിലത്. വനിതാ തൊഴിലാളികളെ ഗര്‍ഭിണികളാകാനും പ്രസവിക്കാനും പ്രോത്സാഹിപ്പിക്കാന്‍ തൊഴിലുടമകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന കൗതുകകരമായ നിര്‍ദേശമാണ് ഒരു റഷ്യന്‍ എം.പി. മുന്നോട്ടുവെച്ചത്.