ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ ഹംഗേറിയൻ ശതകോടീശ്വരൻ ജോർജ് സോറാസ് ഇന്ത്യയെ വിമർശിച്ചതിൽ ശക്തമായ പ്രതികരണവുമായി കേന്ദ്രസർക്കാർ. ഗൗതം അദാനിക്ക് ഓഹരി വിപണിയിൽ ഉണ്ടായ തിരിച്ചടി ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിന് വഴിതെളിക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്നും ജോർജ് സോറോസ് തുറന്നടിച്ചു.
ജർമനിയിൽ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സോറോസ്.

ഉറ്റ സഖ്യകക്ഷികളായിട്ടും അദാനി വിഷയത്തിൽ മോദി മൗനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിയുടെ ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള വിദേശ നിക്ഷേപകരുടെയും പാർലമെന്റിന്റെയും ചോദ്യങ്ങൾക്ക് മോദി മറുപടി നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു
'അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽനിന്ന് ഫണ്ട് കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഓഹരി തട്ടിപ്പ് ആരോപണമാണ് അദാനിക്കെതിരെ ഉയർന്നിരിക്കുന്നത്. ചീട്ടുകൊട്ടാരം കണക്കെയാണ് അദ്ദേഹത്തിന്റെ ഓഹരി തകർന്നടിഞ്ഞത്. മോദി ഈ വിഷയത്തിൽ നിശബ്ദനാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ ചോദ്യങ്ങൾക്കും പാർലമെന്റിലും അദ്ദേഹം ഉത്തരം പറയേണ്ടിവരും.'-പ്രസംഗത്തിൽ ജോർജ് സോറോസ് ചൂണ്ടിക്കാട്ടി.

'അദാനിക്കു വന്നുപെട്ട കഷ്ടകാലം ഇന്ത്യൻ ഭരണസംവിധാനത്തിലെ മോദിയുടെ ശക്തിദുർഗം വലിയ തോതിൽ തകർക്കും. രാജ്യത്ത് അത്യന്താപേക്ഷിതമായ സ്ഥാപന പരിഷ്‌ക്കരണങ്ങൾക്ക് ഇതു വഴിതുറക്കും. ഞാൻ നിഷ്‌കളങ്കനായതുകൊണ്ടാണോ എന്നറിയില്ല, ഇന്ത്യയിൽ ഒരു ജനാധിപത്യ ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

ഇതോടെ, വിദേശശക്തികൾ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ ശ്രമിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കാൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തകർക്കാനുള്ള പ്രഖ്യാപനമാണ് സോറോസിന്റേത്. ഇത്തരം വിദേശ ശക്തികളെ മുമ്പും ഇന്ത്യ പരാജയപ്പെടുത്തിട്ടുണ്ട്, ഇനിയും അതുതന്നെ സംഭവിക്കും, സോറോസിന് ഉചിതമായ മറുപടി നൽകാൻ ഓരോ ഇന്ത്യാക്കാരോടും ഞാൻ ആഹ്വാനം ചെയ്യുന്നു, സ്മൃതി ഇറാനി പറഞ്ഞു. ''ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർത്ത സോറോസ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സർക്കാരുകളെ വീഴ്‌ത്തി തങ്ങൾക്ക് താൽപര്യമുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദേശശക്തികൾക്കും ഇന്ത്യൻ പൗരന്മാർക്കും ഇടയിൽ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണം'' സ്മൃതി ഇറാനി പറഞ്ഞു.

മോദിയുടെ സ്ഥിരം വിമർശകൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമർശകനാണ് ജോർജ് സോറോസ്. 2020ൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിലും സോറോസ്, മോദി സർക്കാരിനെ വിമർശിച്ചിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രം നിർമ്മിക്കാൻ ശ്രമിക്കുകയാണെന്ന് സോറോസ് കുറ്റപ്പെടുത്തി.

ദേശീയതയെക്കുറിച്ചുള്ള സംസാരത്തിൽ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയെയാണ്. ദേശീയത കുറയുന്നതിന് പകരം അത് തീവ്രമാകുകയാണ് ചെയ്തത്. അതിന് ഏറ്റവും വലുതും ഭയപ്പെടുത്തുന്നതുമായ ഉദാഹരണം ഇന്ത്യയാണ്. അവിടെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി ഒരു ഹിന്ദുരാഷ്ട്രം നിർമ്മിക്കാൻ ശ്രമിക്കുന്നു.- അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സോറോസിന് തിരഞ്ഞെടുപ്പ് ഫലം നിർണയിക്കാനാവില്ലെന്ന് കോൺഗ്രസ്

അദാനി പ്രശ്നം രാജ്യത്ത് ജനാധിപത്യ നവീകരണത്തിന് വഴിയൊരുക്കുന്നുണ്ടോ എന്നത് പൂർണ്ണമായും കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ പാർട്ടികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.'പ്രധാനമന്ത്രിയുമായി ബന്ധമുള്ള അദാനിയുടെ അഴിമതികൾ ഇന്ത്യയിൽ ജനാധിപത്യ നവീകരണത്തിന് കാരണമാകുമോ എന്നത് പൂർണ്ണമായും കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ആശ്രയിച്ചിരിക്കുന്നു. ഇതിന് ജോർജ്ജ് സോറോസുമായി ഒരു ബന്ധവുമില്ല. സോറോസിനെപ്പോലുള്ളവർക്ക് നമ്മുടെ തെരഞ്ഞെടുപ്പ് ഫലങ്ങളെ നിർണ്ണയിക്കാൻ കഴിയുകയില്ല', ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.