- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത ചൊവ്വാഴ്‌ച്ച എട്ടരക്ക് ഔദ്യോഗിക വസതിക്ക് മുൻപിൽ പത്രസമ്മേളനം; നേരെ പ്രത്യേക വിമാനത്തിൽ രാജ്ഞിയെ കാണാൻ സ്കോട്ട്ലാൻഡിലേക്ക്; രാജി നൽകി മടങ്ങുമ്പോൾ വിമാനം ഉപയോഗിക്കുന്നത് പുതിയ പ്രധാനമന്ത്രി; ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ബോറിസിന്റെ അവസാന ദിനം ഇങ്ങനെ
ലണ്ടൻ: ദീർഘകാലം പദവിയിൽ ഇരുന്നില്ലെങ്കിലും, അടുത്ത കാലത്തൊന്നും ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രിയും കടന്നു പോകാത്തത്ര പ്രതിസന്ധികളിൽ കൂടിയായിരുന്നു ബോറിസ് ജോൺസൺ കടന്നു പോയത്. തീർത്തും സംഭവ ബഹുലമായ ഒരു കാലഘട്ടമായിരുന്നു ബോറിസ് ജോൺസന്റേതെന്ന് പറഞ്ഞാൽ അത് അതിശയോക്തിയല്ല. കോവിഡ് മുതൽ റഷ്യൻ-യുക്രെയിൻ യുദ്ധം വരെ, പണപ്പെരുപ്പം മുതൽ വിലക്കയറ്റം വരെ നിരവധി പ്രതിസന്ധികളെ നേരിട്ട ഒരു ഭരണാധികാരി സമീപകാലത്തൊന്നും ബ്രിട്ടീഷ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം.
ഈ വരുന്ന ചൊവ്വാഴ്‌ച്ച രാവിലെ 8.30 ന് ഔദ്യോഗിക വസതിക്ക് മുൻപിൽ പത്രസമ്മേളനം നടത്തുന്ന ബോറിസ് ജോൺസൺ, പിന്നീട് ബാല്മൊറലിലേക്ക് പ്രധാനമന്ത്രി എന്ന നിലയിലെ തന്റെ അവസാനത്തെ ഔദ്യോഗിക യാത്ര നടത്തും. ബാല്മൊറലിൽ വിശ്രമിക്കുന്ന എലിസബത്ത് രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുന്നതോടെ സംഭവ ബഹുലമായ ബോറിസ് ഭരണകാലത്തിന് അന്ത്യമാകും. പ്രധാന മന്ത്രി പദത്തിലേക്ക് ഇപ്പോൾ നടക്കുന്ന മത്സരത്തിലെ വിജയിയെ തിങ്കളാഴ്‌ച്ച പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തി ആയിരം മൈലുകൾ താണ്ടി ചൊവ്വാഴ്‌ച്ച ബാല്മൊറാലിൽ എത്തി പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും. പുതിയ സർക്കാരിനെ നിയമിക്കുന്നതിനായി രാജ്ഞി ലണ്ടനിലേക്ക് എത്തുകയില്ല എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണമേറ്റെടുക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കുക ബാല്മൊറാലിൽ വച്ചായിരിക്കും. ആരോഗ്യപരമായപ്രശ്നങ്ങൾ കാരണമാണ് രാജ്ഞി ലണ്ടനിലേക്ക് എത്താത്തത് എന്നും കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
70 വർഷം നീണ്ട ഭരണകാലത്ത് എലിസബത്ത് രാജ്ഞി ഇതുവരെ 14 പ്രധാനമന്ത്രിമാരെ അധികാരത്തിൽ ഏറ്റിയിട്ടുണ്ട്. ഇതുവരെ എല്ലാ അധികാരമേൽക്കൽ ചടങ്ങുകളും നടന്നത് ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ചായിരുന്നു. ഇതാദ്യമായാണ് ഒരു പുതിയ പ്രധാനമന്ത്രിയെ രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തിൽ സ്വീകരിക്കാത്തത്. സർക്കാരിന്റെ ഔദ്യോഗിക വിമാനത്തിലായിരിക്കും ബോറിസ് ജോൺസൺ ബാല്മോറലിലേക്ക് പോവുക. രാജി വെച്ചതിനു ശേഷം കാറിലോ, സ്വകാര്യ വിമാനത്തിലോ അതല്ലെങ്കിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ അഫ്രീഡിൻഷയറിൽ നിന്നുള്ള വിമാനത്തിലോ അദ്ദേഹം വീട്ടിലേക്ക് മടങ്ങും.
രാജി സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ബോറിസ് ജോൺസൺ ബല്മൊറാലിൽ നിന്നും യാത്ര തിരിക്കുന്നതിനാൽ, പുതിയ പ്രധാനമന്ത്രിയും പഴയ പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച ഉണ്ടാകില്ലെന്ന് ദി ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു കഴിഞ്ഞാൽ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിടും. പുതിയ പ്രധാനമന്ത്രി സ്വന്തം യാത്രാ സൗകര്യം ഉപയോഗിച്ചായിരിക്കും സ്‌കോട്ട്ലാൻഡിൽ എത്തുക. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനു ശേഷം സർക്കാരിന്റെ ഔദ്യോഗിക വിമാനത്തിൽ ലണ്ടനിലേക്ക് യാത്ര തിരിക്കും.
തിരിച്ചെത്തി, വൈകിട്ട് 4 മണിക്ക്, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ന് മുൻപിൽ പുതിയ പ്രധാനമന്ത്രി മാധ്യമങ്ങളോട് സംസാരിക്കും. പിറ്റേന്ന് രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്‌ച്ച നടത്തും.
മറുനാടന് ഡെസ്ക്