- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ നൽകിയ എയർ ആംബുലൻസിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചെന്ന് ആരോപണം; 14കാരൻ മരിച്ചു; 'ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല' എന്ന് വിമർശനം; ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങാൻ സമയപരിധി നിശ്ചയിച്ച മൊയിസുവിനെതിരെ ജനരോഷം
ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളോടെ അധികാരമേറ്റ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു തുടർപ്രകോപനങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെ അലോസരപ്പെടുത്തുകയാണ്. ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങാൻ സമയപരിധി നിശ്ചയിച്ചതിന് ശേഷം സ്വന്തം ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് മുയിസു സ്വീകരിക്കുന്നത്.
ഇന്ത്യയിൽനിന്നുള്ള ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപ് സ്വദേശിയായ 14 വയസ്സുകാരൻ മരിച്ചെന്ന് പരാതി ഉയർന്നിരിക്കയാണ്. ഇത് മാലിയിൽ വലിയ ജനരോഷം ഭരണകക്ഷിക്കെതിരെ ഉണ്ടാക്കാൻ ഇയാക്കുന്നുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ച്, ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്.
ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു.
എന്നാൽ 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയർ ആംബുലൻസിനുള്ള അനുമതി ലഭിച്ചത്. തുടർന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ''കുട്ടിക്ക് മസ്തിഷ്‌കാഘാതം ഉണ്ടായ ഉടൻ തന്നെ മാലെയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ ഐലൻഡ് ഏവിയേഷനെ വിളിച്ചു. പക്ഷേ അവർ മറുപടി നൽകിയില്ല. വ്യാഴാഴ്ച രാവിലെ എട്ടരയ്ക്കാണ് അവർ ഫോൺ എടുക്കുന്നത്.'' കുട്ടിയുടെ പിതാവ് പറഞ്ഞു.
അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു. കുട്ടി മരിച്ചതിനെ തുടർന്ന് ആശുപത്രിക്കു പുറത്ത് പ്രതിഷേധം നടന്നതായി മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയർന്നു. ''ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ല.'' മാലദ്വീപ് എംപി മീകെയിൽ നസീം എക്സിൽ കുറിച്ചു. ഇതോടെ വിഷയം മാലയിലെ രാഷ്ട്രീയ വിഷയമായി മാറുകയുമാണ്.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിൽ വലിയ പ്രാധാന്യം ഇതിനുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതു മുതൽ ഇന്ത്യയുമായി മാലദ്വീപ് അകൽച്ചയിലാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ വിമർശിച്ചുള്ള മാലദ്വീപ് എംപിമാരുടെ പോസ്റ്റിനു പിന്നാലെ ബന്ധം കൂടുതൽ വഷളായി.
ഇതിനു പിന്നാലെ രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപ് പിൻവലിക്കണമെന്നു മാലദ്വീപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് നവംബറിൽ, സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസവും പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ നൽകിയ 2 ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്. 5 വർഷത്തിനിടെ അഞ്ഞൂറിലേറെ മെഡിക്കൽ രക്ഷാപ്രവർത്തനങ്ങൾ ഇവർ നടത്തി.
മാല ദ്വീപിൽ നിന്നും ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സംഭവത്തോട് പ്രതികരിച്ചാണ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. മാലദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചർച്ച നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. നിലവിലെസ്ഥിതി തുടരാൻ ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായൊരു പരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേന മാലദ്വീപിലെ ജനങ്ങൾക്കായി ചെയ്തുവരുന്ന മാനുഷികസഹായങ്ങൾ, മെഡിക്കൽ സേവനങ്ങൾ തുടങ്ങിയ തുടരാനാവശ്യമായതൊക്കെയും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യ - മാലദ്വീപ് ഉന്നതതല യോഗം ഞായറാഴ്ച മാലിയിൽ ചേർന്നിരുന്നു. യോഗത്തിൽ ഇന്ത്യൻ സൈന്യത്തെ മാർച്ച് 15-നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മിൽ അടുത്ത ഉന്നതതല യോഗം ഇന്ത്യയിൽ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്.
ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്സു. ചൈനാ സന്ദർശനത്തിന് ശേഷം പ്രസിഡന്റ് മുഹമ്മദ് മുയിസു തിരികെ എത്തിയതിന് ശേഷമാണ് സൈന്യത്തെ പിൻവലിക്കണെന്ന ആവശ്യം ഉയർന്നത്. മുയിസു അധികാരത്തിലെത്തിയതു മുതൽ മാലദ്വീപിൽ ഇന്ത്യൻ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സമയപരിധി നിർദ്ദേശിച്ചിരുന്നില്ല. കടൽ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായാണ് ഇന്ത്യൻ സൈന്യം മാലദ്വീപിലുള്ളത്.
തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ മറ്റുള്ളവർക്ക് അനുവാദം കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മുയിസു കഴിഞ്ഞ ദിവസം വീണ്ടും രംഗത്തുവന്നിരുന്നു. ചൈനയിൽ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമർശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആർക്കും നൽകിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
മറുനാടന് ഡെസ്ക്