ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ വർദ്ധിപ്പിച്ച ബജറ്റ് അംഗരാജ്യങ്ങളെ ശ്വാസം മുട്ടിക്കുമ്പോൾ, ബ്രെക്സിറ്റ് കാരണം ബ്രിട്ടൻ രക്ഷപ്പെട്ടു. 66 ബില്യൻ യൂറോ (ഏകദേശം 56.4 ബില്യൻ പൗണ്ട്) യുടെ ബജറ്റാണ് 2021-2027 കാലഘട്ടത്തിലേക്ക് യൂണിയൻ ഇക്കഴിഞ്ഞ ജൂണിൽ തയ്യാറാക്കിയത്. അതിനു പുറമെ 20 ബില്യൻ യൂറോ (17 ബില്യൻ പൗണ്ടിൽ അധികം) അധിക തുക യുക്രെയിനിനായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

വ്ളാഡിമിർ പുടിന്റെ അധിനിവേശം തടയുന്നതിനായി യുക്രെയിന് പണം നൽകുന്നതിൽ അംഗരാജ്യങ്ങൾക്ക് എതിർപ്പില്ലെങ്കിലും, മറ്റു മേഖലകളിലെ വർദ്ധിപ്പിച്ച ചെലവുകളോട് മിക്ക അംഗരാജ്യങ്ങൾക്കും എതിർപ്പാണ്. പല അംഗരാജ്യങ്ങളും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ വർദ്ധന എന്നതും ശ്രദ്ധേയമാണ്. യുക്രെയിനുള്ള ധന വിഹിതം വർദ്ധിപ്പിച്ച നടപടിയെ സ്വാഗതം ചെയ്ത ജർമ്മൻ ധനകാര്യമന്ത്രി പക്ഷെ മറ്റു മേഖലകളിൽ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനെ പരസ്യമായി എതിർക്കുകയും ചെയ്തിട്ടുണ്ട്.

ഈ മേഖലയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പരിതാപകരമാണ് ജർമ്മനിയുടെ അവസ്ഥ. അതിനു പുറമെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി 32 ബില്യൻ യൂറോയുടെ കോർപ്പറേറ്റ് ടാക്സ് ഇളവുകൾ നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം, സ്വന്തം രാജ്യത്തിന്റെ ബജറ്റിൽ സംതുലനാവസ്ഥ കൊണ്ടുവരാൻ പെടാപാടുപെറുകയാണ് ഫ്രാൻസ്. ഇറ്റലിയുടെ ജി ഡി പി വളർച്ച ഏതാണ്ട് നിലച്ച മട്ടും.

അടുത്ത കാലത്തായി യൂറോപ്യൻ യൂണിയൻ ചെലവുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 750 ബില്യൻ യൂറോയുടെ കൊറോണാ വൈറസ് റിക്കവറി ഫണ്ടും, യുക്രെയിനുള്ള ധന സഹായവും ഇതിൽ ഉൾപ്പെടുന്നു. നേരത്തെ ഉണ്ടായ ചെലവുകൾക്കായി യൂണിയൻ ഉയർന്ന പലിശ നിരക്കിൽ വാങ്ങിയ വായ്പയുടെ തിരിച്ചടവുകൾക്കായാണ് ഇപ്പോൾ 19 ബില്യൻ യൂറോ അധികമായി ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ടും, വ്യവസായ വികസനത്തിനുമായാണ് മറ്റ് അധിക ചെലവുകൾ വകയിരുത്തിയിരിക്കുന്നത്.