ലണ്ടൻ: യൂറോപ്യൻ പൗരന്മാർക്ക് പൗരത്വം നൽകുമെന്ന ലേബർ പാർട്ടി നേതാവ് കീത്ത് സ്റ്റാർമറുടെ നിലപാട് ബ്രെക്സിറ്റ് അനുകൂലികളും എതിരാളികളും തമ്മിൽ വീണ്ടും ഒരു തുറന്ന പോരാട്ടത്തിന് വഴി തെളിച്ചിരിക്കുന്നു. ലേബർ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു ഇടതുപക്ഷ ചിന്തകനാണ് കീത്ത് സ്റ്റാർമറോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം യു കെയിൽ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച 37 ലക്ഷത്തോളം യൂറോപ്യൻ പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വം നൽകണം എന്നതാണ് ആവശ്യം.

യൂറോപ്യൻ യൂണിയൻ പൗരന്മാർ ബ്രിട്ടീഷ് പൗരന്മാർ ആയാൽ, ഉയർന്ന നിലയിലുള്ള കുടിയേറ്റം ബ്രിട്ടീഷുകാർക്ക് സ്വീകാര്യമാകാൻ ഇടയുണ്ടെന്നാണ് ഈ നിർദ്ദേശം നൽകിയ വ്യക്തി പറയുന്നത്. അമേരിക്കൻ രീതിയിൽ, ഒരു നിശ്ചിതകാലം ബ്രിട്ടനിൽ കഴിയുന്നവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകുന്ന രീതിയാണ് വേണ്ടതെന്നും ഈ വ്യക്തി പറയുന്നു. അതേസമയം, ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനിൽ തുടരുന്ന ഇ യു പൗരന്മാർക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കണംഎന്നും ഇവർ ആവശ്യപ്പെടുന്നു.

അങ്ങനെയായാൽ, ഇഷ്ടമുള്ളിടത്തോളം കാലം അവർക്ക് ബ്രിട്ടനിൽ തുടരാനും, പഠിക്കാനും, ജോലി ചെയ്യാനുമൊക്കെ കഴിയുമെന്നും ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നവർ പറയുന്നു. യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളിൽ സമ്പൂർണ്ണ വോട്ടിങ് അവകാശം നൽകണമെന്ന് കീർ സ്റ്റാർമർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ അവർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടിയുമായി അടുപ്പമുള്ള വ്യക്തി രംഗത്തെത്തുന്നത്.

അതോടെ, കൺസർവേറ്റീവ് അംഗങ്ങൾ ഈ നിർദ്ദേശങ്ങൾക്ക് എതിരെ രംഗത്തെത്തിക്കഴിഞ്ഞു. ഈ നയം നടപ്പിലാക്കിയാൽ അത് ബ്രെക്സിറ്റിന്റെ പേരിൽ നടത്തുന്ന ഒരു വഞ്ചനയായിരിക്കും എന്നായിരുന്നു കൺസർവേറ്റീവ് പാർട്ടി ഡെപ്യുട്ടി ചെയർമാൻ ജോനാഥൻ ഗള്ളിസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ഇ യു പൗരന്മാർക്ക് സമ്പൂർണ്ണ വോട്ടവകാശം നൽകണമെന്ന് സ്റ്റാർമർ ആവശ്യപ്പെട്ടത് അറിയാമെന്നു പറഞ്ഞ ഗള്ളിസ്, ഇപ്പോൾ ലേബർ പാർട്ടിയുമായി അടുത്ത വൃത്തങ്ങളാണ് അവർക്ക് സ്വമേധയാ പൗരത്വം നൽകണമെന്ന് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

കീർ സ്റ്റാർമറും, യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഒരു ഇടപാടാണ് ഇതെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നു എന്ന് പറഞ്ഞ ഗള്ളിസ്, ഇത് നടപ്പാക്കുന്നത് ബ്രിട്ടന്റെ അതിർത്തികൾ ബ്രസ്സൽസിൽ പണയം വയ്ക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. ബ്രിട്ടീഷ് അതിർത്തികൾ സംരക്ഷിക്കുന്ന കാര്യത്തിൽ സ്റ്റാർമർ വിശ്വാസയോഗ്യനല്ല എന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വിദേശികൾക്ക്, ബ്രിട്ടീഷ് പൗരന്മാരാകുന്നതിനുള്ള നിയമങ്ങൾക്ക് എന്ത് പോരായ്മയാണ് ഉള്ളതെന്ന് വ്യക്തമാക്കണം എന്നാവശ്യവുമായി കൺസർവേറ്റീവ് പാർട്ടി ബ്രെൻഡാൻ ക്ലാർക്ക് സ്മിത്തും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാർക്ക് സമ്പൂർണ്ണ വോട്ടവകാശം യൂറോപ്യൻ യൂണിയനും നൽകുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാർട്ടി അനുയായിയുടെ പ്രസ്താവനയെ കീർ സ്റ്റാർമർ നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.