- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൃ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ ആദ്യം നിയന്ത്രണ രേഖയെ മാനിക്കണം; അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്തണം; ഇതല്ലാതെ പോംവഴി വേറെയില്ലെന്ന് ഷി ജിൻ പിങ്ങിനോട് ശക്തമായ ഭാഷയിൽ മോദി; ശരിവച്ച് ചൈനീസ് പ്രസിഡന്റ്; നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കാൻ തീരുമാനം; ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള കൂടിക്കാഴ്ചയിൽ നയതന്ത്രം ജയം കണ്ടപ്പോൾ
ജോഹനസ്ബർഗ്: പ്രതീക്ഷകൾ തെറ്റിയില്ല. ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ച് ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാൻ വഴിയൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റം അടക്കമുള്ള സംഘർഷ ലഘൂകരണം വേഗത്തിലാക്കാൻ ഇരുനേതാക്കളും തമ്മിൽ ധാരണയായി. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലായിട്ടില്ല.
അതിർത്തിയിലെ സൈനിക പിന്മാറ്റം വേഗത്തിലാക്കാൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാനും നേതാക്കൾ സമ്മതിച്ചു. 'നിയന്ത്രണരേഖയിലുടനീളവും, മറ്റ് ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലും, ഇനിയും തീർപ്പാകാതെ കിടക്കുന്ന പ്രശ്്നങ്ങളിലേക്ക് മോദി ഷി ജിൻ പിങ്ങിന്റെ ശ്രദ്ധ ക്ഷണിച്ചു', വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര മാധ്യമങ്ങളെ അറിയിച്ചു.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകാൻ നിയന്ത്രണരേഖയെ മാനിക്കുന്നതും, അതിർത്തി പ്രദേശത്ത് ശാന്തിയും, സമാധാനവും നിലനിർത്തുന്നതും അന്ത്യന്താപേക്ഷിതമാണെന്ന് മോദി കൂടിക്കാഴ്ചയിൽ ഊന്നി പറഞ്ഞു. ഇതേ തുടർന്നാണ് സൈനിക പിന്മാറ്റം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചത്. നേരത്തെ, ഇരുനേതാക്കളും, പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്തതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. ഇന്തൊനീഷ്യയിലെ ബാലിയിൽ കഴിഞ്ഞ നവംബറിൽ ജി 20 നേതാക്കളുടെ അത്താഴത്തിനിടെ മോദിയും ഷിയും കൈകൊടുത്തു സംസാരിച്ചിരുന്നു.
2020ൽ ലഡാക്കിലെ സംഘർഷത്തിനു ശേഷം ഇരുനേതാക്കളും ആദ്യമായി മുഖാമുഖം കണ്ടത് അന്നാണ്. സംഘർഷാവസ്ഥ ലഘൂകരിക്കാനായി ഇന്ത്യയും ചൈനയും ഇതിനിടെ 19 തവണ സേനാതല ചർച്ച നടത്തി.
ഓഗസ്റ്റ് 13, 14 തീയതികളിൽ ചുഷുൽ-മോൾഡോ അതിർത്തിയിൽ 19 ാമത് കോർ കമാൻഡർ തല യോഗത്തിലും ക്രിയാത്മക നിർദ്ദേശങ്ങൾ ഉയർന്നുവന്നിരുന്നു. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന ഭിന്നതകൾ തുടർച്ചയായ ചർച്ചയിലൂടെ തീർക്കാനാണ് ഇന്ത്യൻ സൈന്യവും, പിഎൽഎയും തീരുമാനിച്ചത്.
സൈനികവും, നയതന്ത്രപരവുമായ മാർഗ്ഗങ്ങളിലെ ചർച്ചകൾ വഴി പ്രശ്നപരിഹാരത്തിന് വേഗം കൂട്ടും. ഇക്കാലയളവിൽ അതിർത്തി പ്രദേശത്ത് ഇരുപക്ഷവും ശാന്തിയും, സമാധാനവും നിലനിർത്താൻ ശ്രമിക്കും. രണ്ടുദിവസമായി സൈനികതല ചർച്ച നടന്നത് ആദ്യമായിരുന്നു. ചുഷുൽ-മോൽഡോ അതിർത്തിയിൽ വച്ചാണ് ഇന്ത്യ-ചൈന കോർ കമാൻഡർതല ചർച്ച അരങ്ങേറിയത്. ഇരുപക്ഷവും പടിഞ്ഞാറൻ മേഖലയിൽ നിയന്ത്രണ രേഖയിൽ ഉടനീളമുള്ള അവശേഷിക്കുന്ന പ്രശ്നങ്ങൾ, ക്രിയാത്മകവും, ആഴമേറിയതുമായ ചർച്ചയിലൂടെ പരിഹരിക്കും. ഇരുപക്ഷത്തിന്റെയും നേതൃത്വങ്ങളുടെ നിർദ്ദേശപ്രകാരം തുറന്നമനസ്സോടെ ആശയവിനിമയം നടത്തിയെന്നാണ് അറിയിപ്പ്.
മൂന്നുവർഷമായി ലഡാക്കിൽ ഇരുപക്ഷവും മുഖാമുഖം നിൽക്കുന്നതോടെ സംഘർഷാന്തരീക്ഷം തുടരുകയാണ്. 18 ാമത് കോർ കമാൻഡർതല ചർച്ച ഏപ്രിൽ 23 നായിരുന്നു ആ ചർച്ചകളിൽ കാര്യമായ ഫലങ്ങൾ ഉണ്ടായില്ലെങ്കിലും ഇരുപക്ഷവും ചർച്ച തുടരാൻ തീരുമാനിച്ചിരുന്നു.
ഗാൽവൻ താഴ് വര, പാങ്ഗോങ് സോ, ഗോഗ്ര( പിപി-17 എ), ഹോട്ട് സ്പ്രിങ്സ്( പിപി-15) എന്നിവിടങ്ങളിൽ നിന്ന് നാല് വട്ടമായി സൈനികരെ പിൻവലിച്ചെങ്കിലും, ഇന്ത്യയുടെയും, ചൈനയുടെയും ആയിരക്കണക്കിന് സൈനികർ സർവ ആധുനിക സജ്ജീകരണങ്ങളോടെയും നിലകൊള്ളുന്നത് തുടരുകയാണ്.
2022 സെപ്റ്റംബറിലായിരുന്നു പിപി-15 നിൽ നിന്നുള്ള അവസാന വട്ട സൈനിക പിന്മാറ്റം. ജൂലൈയിൽ നടന്ന 16 ാം റൗണ്ട് ചർച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. ജോഹനസ്ബർഗിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് 19 ാം റൗണ്ട് ചർച്ച നടന്നത്.
മറുനാടന് ഡെസ്ക്