- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയറ്റ്‌നാമിലെ ശതകോടീശ്വരി തട്ടിയെടുത്തത് മൂന്ന് ലക്ഷം കോടി!
ഹനോയ്: ചൈനീസ് മോഡൽ കമ്മ്യൂണിസം നിലനിൽക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. ഒരു കാലത്ത് പട്ടിണിയും പരിവട്ടവുമായിരുന്ന രാജ്യം ഇന്ന് ഏഷ്യയിലെ വൻ സാമ്പത്തിക ശക്തിയാണ്. ഇപ്പോൾ ചൈനീസ് മോഡലിൽ പാർട്ടി അധികാര കേന്ദ്രങ്ങളിലെ അഴിമതി ശുദ്ധീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ടിരിക്കയാണ് വിയ്റ്റനാം. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിയറ്റ്‌നാമിലെ ശതകോടീശ്വരിയായ വനിതയ്ക്ക് അഴിമതി കേസിൽ വധശിക്ഷയ്ക്ക് വിധിച്ചതും. കേരളത്തിലെ കരുവന്നൂർ തട്ടിപ്പിന്റെ മോഡലിൽ തന്നെയാണ് വിയറ്റ്‌നാമിലും തട്ടിപ്പു നടന്നത്. ട്രുവോംഗ് മൈ ലാൻ എന്ന വ്യവസായ പ്രമുഖയാണ് ഈ തട്ടിപ്പിലെ നായിക.
ബാങ്കു തട്ടിപ്പുകളുടെ കഥകൾ നിത്യേനയെന്നോണം വായിക്കുന്ന നമുക്ക് ഒരുപക്ഷെ പരിഹസിച്ച് ചിരിക്കാൻ കഴിയുമായിരിക്കും ഈ വാർത്ത കേട്ട്. അതല്ലെങ്കിൽ ആ വേദനിക്കുന്ന കോടീശ്വരിയെ സഹതാപത്തോടെ നോക്കി കാണാനും കഴിയുമായിരിക്കും എന്നാൽ, വിയറ്റ്‌നാമിലെ നിയമം ക്ഷമിക്കുന്ന ഒന്നല്ല പൊതുമുതൽ തട്ടിച്ചെടുക്കുക എന്നത്. വിയറ്റ്‌നാമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പിലൂടെ വിയറ്റ്‌നാം ബാങ്കിന് ശതകോടികളുടെ നഷ്ടം വരുത്തിയ വനിതാ സംരംഭകയ്ക്ക് കോടതി വിധിച്ചത് വധശിക്ഷ.
സൈഗൺ കമ്മേഴ്സ്യൽ ബാങ്കിൽ നിന്നും, ബാങ്കിങ് നിയമങ്ങൾ കാറ്റിൽ പറത്തിയും, കൈക്കൂലി നൽകിയും വ്യാജ രേഖകൾ ചമച്ചുമൊക്കെ ട്രുവോംഗ് മൈ ലാൻ എന്ന ബിസിനസ്സുകാരി തട്ടിയെടുത്തത് 12.5 ബില്യൻ ഡോളർ ആയിരുന്നു, ഏകദേശം മൂന്ന് ലക്ഷം കോടിയോളം രൂപ. രാജ്യത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു ഈ തട്ടിപ്പ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ലാൻ സൈഗൺ കമ്മേഴ്സ്യൽ ബാങ്കിനെ പറ്റിക്കുകയായിരുന്നു എന്നും ഇതുവരെ തട്ടിച്ചെടുത്ത മൊത്തം തുക 27 ബില്യൻ ഡോളറോളം വരുമെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. വിയറ്റ്‌നാമിന്റെ മൊത്തം ജി ഡി പിയുടെ 6 ശതമാനത്തോളം വരും ഈ തുക. തട്ടിപ്പ് കണ്ടെത്തിയപ്പോൾ ആ തുക തിരിച്ചടക്കാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുറ്റം നിഷേധിച്ച ലാൻ, തന്റെ കീഴ് ജീവനക്കാരാണ് തട്ടിപ്പു നടത്തിയതെന്ന് അവകാശപ്പെടുകയായിരുന്നു.
വിസ്തരിച്ചത് 2,700 ഓളം പേരെ, 104 പെട്ടികളിൽ തെളിവുകൾ
രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, ഭരണകൂടത്തിലും ജനങ്ങൾക്കുള്ള വിശ്വാസം തകരാൻ പ്രതിയുടെ പ്രവൃത്തി ഇടയാക്കിയെന്ന് കോറ്റതി നിരീക്ഷിച്ചു. അഞ്ചാഴ്‌ച്ചയോളം നീണ്ടു നിന്ന വിചാരണയിൽ 2,700 ഓളം പേരെയായിരുന്നു വിസ്തരിച്ചത്. ആറ് ടണ്ണോളം ഭാരം വരുന്ന 104 പെട്ടികളിലായിട്ടായിരുന്നു തെളിവുകൾ കോടതിയിൽ ഹാജരാക്കിയത്.
ശതകോടീശ്വരിയായ ഈ 67 കാരി പ്രധാനമായും പ്രോപ്പർട്ടികളിലായിരുന്നു പണം നിക്ഷേപിച്ചിരുന്നത്. അതു കൂടാതെ വിയറ്റ്‌നാമിലെ പ്രധാന ഇടങ്ങളിലെല്ലാം ഇവർക്ക് ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട്. ഹോ ചിമിൻ സിറ്റിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സൈഗൺ ടൈംസ് സ്‌ക്വയറും, പഞ്ച നക്ഷത്ര ഹോട്ടലായ ഷേർവുഡ് റെസിഡൻസും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്.
പിന്നീട്, മൂന്ന് ചെറു ബാങ്കുകൾ സംയോജിപ്പിച്ച് എസ് സി ബി എന്ന വലിയ ബാങ്കായി രൂപപ്പെടുത്തുന്നതിന് ഇവർ ക്രമീകരണങ്ങൾ നടത്തുകയുണ്ടായി. ഷെൽ കമ്പനികളുടെയും ബിനാമികളുടെയും സങ്കീർണ്ണമായ ഒരു ശൃംഖല വഴി, ഇവർ തന്നെ പരോക്ഷമായി നിയന്ത്രിച്ചിരുന്ന ബാങ്കിൽ നിന്നും കോടിക്കണക്കിന് രൂപ ഇവർ വായ്പ എടുക്കുകയായിരുന്നു. തന്റെ ഡ്രൈവറെ കൊണ്ട് പോലും ഇവർ 4 ബില്യൻ ഡോളറിന് തുല്യമായ തുക പണമായി പിൻവലിച്ച്, വീട്ടിനുള്ളിലെ ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്നതായും വിചാരണക്കിടെ പ്രോസിക്യൂഷൻ വെളിപ്പെടുത്തി.
ഇവരുടെ വായ്പാ അപേക്ഷകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാതിരിക്കാൻ ഇവർ, ഇൻസ്‌പെക്ടർമാർക്കും കോടിക്കണക്കിന് പണം കൈക്കൂലിയായി നൽകിയത്രെ. 2022- ൽ ആയിരുന്നു ലാൻ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഇവരുടെ അറസ്റ്റ്, എസ് സി ബാങ്കിൽ പണം നിക്ഷേപിച്ചവരിൽ കടുത്ത ആശങ്കയുണർത്തിയിരുന്നു. ഇതോടെ ബാങ്കിനെതിരെ പ്രതിഷേധം ഉയരുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്‌നാം ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, രാജ്യത്ത് പതിവില്ലാത്ത വിധം ഹോ ചിമിൻ സിറ്റിയിലും, ഹാനോയിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങൾക്ക് ഇത് വഴി തെളിക്കുകയും ചെയ്തിരുന്നു.
സാധാരണയായി ഗ്ലാമർ വേഷത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ഇവർ പക്ഷെ കോടതിയിൽ അതീവ ക്ഷീണിതയായിട്ടായിരുന്നു കാണപ്പെട്ടത്. അവരുടെ കുടുംബം വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. തുടർച്ചയായി കുറ്റം നിഷേധിക്കുന്ന അവർ താൻ കടുത്ത നിരാശയിലാണെന്നും, മരണത്തെ കുറിച്ചു വരെ ചിന്തിക്കുന്നെന്നും കഴിഞ്ഞയാഴ്ച ഒരു പ്രസ്താവന ഇറക്കിയിരുന്നു. മാത്രമല്ല, തനിക്ക് ഏറെയൊന്നും അറിവുകളില്ലാത്ത ബാങ്കിങ് മേഖലയിലേക്ക് കടന്നതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നതായും അവർ പറഞ്ഞിരുന്നു.
അഴിമതി ശുദ്ധീകരണത്തിന്റെ മറവിൽ അധികാര മത്സരമോ?
അധികാര കേന്ദ്രങ്ങളിലെ അഴിമതി ശുദ്ധീകരണ പ്രക്രിയയ്ക്ക് തുടക്കമിട്ട വിയറ്റ്‌നാം, രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. അഴിമതി ആരോപണങ്ങളുടെ പേരിൽ രണ്ട് വർഷത്തിനുള്ളിൽ രണ്ട് പ്രസിഡന്റുമാരുടെ രാജിയാണ് കണ്ടത്. അതിലൊരാൾ അടുത്ത പാർട്ടി മേധാവിയാകുമെന്ന് കരുതിയ വോ വോൺ ത്വംഗ്. രാജിക്ക് പിന്നാലെ അഴിമതി ശുദ്ധീകരണത്തിന്റെ മറവിൽ വിയറ്റ്‌നാമിൽ അധികാര മത്സരം കൊഴുക്കുന്നെന്ന് ആരോപണം ഉയർന്നു. ഇതിനിടെയാണ് ശതകോടീശ്വരിയുടെ അറസ്റ്റും.
കൈക്കൂലിയും അഴിമതിയും വിയറ്റ്‌നാമിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശത്തിന് വഴി തെളിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്ന, കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറൽ യൂയെൻ ഫു ട്രോംഗിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിലെ ഏറ്റവും പുതിയ കേസാണിതെന്നാണ് വിയ്റ്റാനാം മാധ്യമങ്ങൾ അവകാശപ്പെടുന്നത്. 'ആളിക്കത്തുന്ന നെരിപ്പോട് " എന്ന് പേരിട്ടിരിക്കുന്ന അഴിമതി വിരുദ്ധ പ്രവൃത്തിയിൽ ഇതിനോടകം തന്നെ രണ്ട് പ്രസിഡണ്ടുമാരും രണ്ട് വൈസ് പ്രസിഡണ്ടുമാരും കുടുങ്ങിയിട്ടുണ്ട്. 2021 മുതൽ ഏതാണ് 4,400 ഓളം പേരെയാണ് ഈ പദ്ധതി വഴി ശിക്ഷിച്ചത്.
ആളിക്കത്തുന്ന നെരിപ്പോടിന്റെ ഭാഗമായി ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത് ഈ 67 കാരിക്കാണ്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ധനികയായ ഇവർ തന്റെ ജീവിതം ആരംഭിക്കുന്നത് ഒരു പ്രാദേശിക ചന്തയിൽ പെട്ടിക്കട തുടങ്ങിയായിരുന്നു എന്നത് കേവലം ഒരു യാദൃശ്ചികതയാകാം. ഹോ ചിമിൻ നഗരത്തിലെ ബിസിനസ്സ് മേഖലക്ക് മെൽ, പാർട്ടിക്ക് നഷ്ടമായ നിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി, വിയറ്റ്‌നാം ഭരിക്കാൻ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടായി. പക്ഷേ, ചൈന പോലെ ഒരൊറ്റ നേതാവില്ല. നാലുപേരാണ് നെടും തൂണുകൾ. പാർട്ടി ജനറൽ സെക്രട്ടറി, പ്രസിഡന്റ്, പാർലമെന്റ് ചെയർപേഴ്‌സൺ, പ്രധാനമന്ത്രി എന്നിവരാണവർ. അധികാരം പക്ഷേ, പാർട്ടി മേധാവിക്കാണ്. നൊവേൻ ഫു ത്രോംഗ് 15 വർഷമായി പാർട്ടി മേധാവിയായിട്ട്. അഞ്ച് വർഷത്തിനിടെ മേധാവി മാറുന്നതാണ് വിയറ്റ്‌നാമിൽ പതിവെങ്കിലും അഞ്ച് വർഷത്തെ കാലാവധി, പാർട്ടി തന്നെ അദ്ദേഹത്തിന് രണ്ട് തവണ നീട്ടി നൽകി. പാർട്ടി കോൺഗ്രസാണ് 200 അംഗ കേന്ദ്രകമ്മിറ്റിയെ തെരഞ്ഞെടുക്കുക,. കേന്ദ്രകമ്മിറ്റി പൊളിറ്റ് ബ്യൂറോയെയും. പൊളിറ്റ് ബ്യൂറോ നെടുംതൂണുകളായ നാല് നേതാക്കളെ തെരഞ്ഞെടുക്കും.
കഴിഞ്ഞ പ്രസിഡന്റ് നൊവേൻ ഷാൻ ഫുക്ക് രാജിവച്ചത് 2023 ജനുവരിയിവാണ്. രണ്ടുമാസത്തിനകം സിസി ചേർന്ന് വോ വോൺ ത്വാംഗിനെ തെരഞ്ഞെടുത്തു. രണ്ടുപേരും ഇറങ്ങിയത് ആകട്ടെ പാർട്ടി ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലും. അതെ, അഴിമതിയുടെ പേരിൽ. നൊവേൻ ഫു ത്രോംഗിന്റെ പ്രിയപ്പെട്ട അനുയായിയായി അറിയപ്പെട്ടിരുന്ന വോ വോൺ ത്വാംഗ്, പാർട്ടി മേധാവി ആകുമെന്നായിരുന്നു പൊതുവേയുള്ള നിഗമനം. ഇതിനിടെയാണ് അഴിമതി ആരോപണത്തിൽ പാർട്ടി നിർദ്ദേശ പ്രകാരം രാജി. ഇനിയാര് എന്ന ചോദ്യം അവശേഷിക്കുന്നു. 79 വയസായി നൊവേൻ ഫു ത്രോംഗിന്. ആരോഗ്യവും കുറവ്. 2026 ൽ പാർട്ടിയുടെ അധികാരം കൈമാറുന്നതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.
ഏഷ്യൻ രാജ്യങ്ങൾക്കിടയിലെ സമ്പദ് ശക്തിയാണ് വിയറ്റ്‌നാം. ആ വളർച്ച തുടങ്ങിയത് 1980 -കളിലാണ്. കാർഷിക രംഗത്തൂന്നിയ സാമ്പത്തിക വളർച്ച പതുക്കെ നിർമ്മാണ രംഗത്തേക്ക് ചുവടുമാറി. അമേരിക്ക - ചൈന വ്യാപാര യുദ്ധക്കാലത്തും ചൈനയുടെ കർശന കോവിഡ് നിയന്ത്രണ കാലത്തും ലോകം വിയറ്റ്‌നാമിനെയാണ് ആശ്രയിച്ചത്. ഇന്ന് അഡിഡാസ്, എന്നീ വൻകിട സ്പോർട്സ് വസ്ത്ര/ഉപകരണ നിർമ്മാതാക്കൾ വിയറ്റ്‌നാമിലാണ് തൊഴിൽ എടുക്കുന്നത്. പക്ഷേ, കമ്മ്യൂണിസ്റ്റ് രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കമ്മിയാണ്. കൂട്ടായ്മകൾ പാടില്ല. വിമർശകർ തടവിലാകാൻ കൂടുതൽ കാരണമൊന്നും വേണ്ട. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നത്, രാജ്യത്ത് അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടാറുണ്ടെന്നാണ്.