ന്യൂഡൽഹി: തുടക്കത്തിലെ പിടിവാശികൾ കളഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇപ്പോൾ അനുരജ്ഞന വഴിയിലാണ്. ഇന്ത്യയുമായി ഉടക്കിയതിന് ശേഷം തുടക്കത്തിലെ ആവേശമൊന്നും അദ്ദേഹത്തിൽ കാണാനില്ല. ഇപ്പോൾ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടു വീണ്ടും ചർച്ചകൾക്ക് വഴിയൊരുകയാണ് ട്രൂഡോയും സംഘവും.

ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിനു പിന്നാലെയാണ്, നയതന്ത്ര പ്രതിനിധികളെ കാനഡ മറ്റു രാജ്യങ്ങളിലേക്കു മാറ്റിയത്. ഒക്ടോബർ പത്തിനകം ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥരെ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിലേക്കാണു മാറ്റുന്നത്.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡക്കാർക്കു വീസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം നൽകിയത്.

ഒക്ടോബർ 10നു മുൻപായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽനിന്നു തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതെന്നു ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയപരിധി അവസാനിച്ചാൽ കനേഡിയൻ ഉദ്യോഗസ്ഥർക്കു നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ടായിരുന്നു. നിലവിൽ ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് കാനഡയ്ക്കുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങൾക്കിടയിലും തുല്യത വേണമെന്നു ചൂണ്ടിക്കാട്ടിയാണ്, ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യമുന്നയിച്ചത്.

ഇന്ത്യയുടെ ഭീകരപ്പട്ടികയിലുള്ള ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള അനൗദ്യോഗിക ചർച്ചകളിലാണ് കാനഡ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ എന്തെങ്കിലും തരത്തിലുള്ള തെളിവ് കാനഡ കൈമാറിയിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ഡൽഹിയിൽ ഹൈക്കമ്മിഷൻ ഓഫിസും ബെംഗളൂരു, ചണ്ഡിഗഢ്, മുംബൈ എന്നിവിടങ്ങളിൽ കോൺസുലേറ്റുകളുമാണ് കാനഡയ്ക്കുള്ളത്. കോൺസുലേറ്റുകളിലെ ജീവനക്കാരെയാണ് കുറച്ചത്.രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ കാനഡ ഇടപെടുന്നുവെന്നും ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തുല്യത വേണമെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. അടുത്തയാഴ്ച ഡൽഹിയിൽ ചേരുന്ന പി20 ഉച്ചകോടിയിൽ ഇന്ത്യകാനഡ വിഷയവും ചർച്ചയായേക്കും. ജി 20 അംഗരാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

കനേഡിയൻ പൗരനായ നിജ്ജർ, കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്നു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതാണു വിവാദങ്ങളുടെ തുടക്കം. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. കാനഡക്കാർക്കു വിസ നൽകുന്നത് സെപ്റ്റംബർ 18 മുതൽ ഇന്ത്യ നിർത്തിവച്ചു.

തൊട്ടുപിന്നാലെ, നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും നിർദേശിച്ചു. കനേഡിയൻ നയതന്ത്രജ്ഞരിൽ ചിലർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതായും ആരോപണമുയർന്നിരുന്നു. കനേഡിയൻ നയതന്ത്രജ്ഞർക്കു സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണികൾ ലഭിച്ച സാഹചര്യത്തിൽ ജാഗ്രത പുലർത്തുന്നതായി ാേബൽ അഫയേഴ്സ് കാനഡ വ്യക്തമാക്കിയിരുന്നു. നയതന്ത്ര, കോൺസുലാർ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്.