ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. കനേഡിയൻ ഉദ്യോഗസ്ഥരോട് മടങ്ങാൻ നിർദ്ദേശിച്ചതിനെ ചൊല്ലി പലവിധത്തിലുള്ള തർക്കങ്ങളാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യ സ്വമേധയാ തീരുമാനിച്ച തീയതിക്ക് നയതന്ത്ര പരിരക്ഷ എടുത്തുകളയുന്നത് കനേഡിയൻ ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച വിയന ചട്ടങ്ങളുടെ ലംഘനമാണിതെന്നും കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി. എന്നാൽ, ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.

'നയതന്ത്രത്തിൽ ചില അടിസ്ഥാന തത്ത്വങ്ങളുണ്ട്. രണ്ടു കൂട്ടർക്കും അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമുണ്ട്. ചട്ടങ്ങൾ ഓരോ രാജ്യവും പാലിച്ചാൽ മാത്രമേ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാനാകൂ. നയതന്ത്ര പരിരക്ഷ ഏകപക്ഷീയമായി പിൻവലിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന ഉടമ്പടിയുടെ വ്യക്തമായ ലംഘനമാണിത്. നയതന്ത്ര പരിരക്ഷയുടെ ചട്ടം മാനിക്കുന്നില്ലെന്നു വന്നാൽ ലോകത്ത് ഒരിടത്തും നയതന്ത്രജ്ഞർ സുരക്ഷിതരാവില്ല. ഇന്ത്യയുടെ നടപടിയോട് കാനഡ തത്തുല്യനിലയിൽ പ്രതികരിക്കില്ല.' -കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

എന്നാൽ ഇന്ത്യയിലും കാനഡയിലും ഒരേപോലെയാകണം നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണമെന്ന നിലപാട് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ശ്രമം തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പരസ്പര ബന്ധത്തിന്റെ സ്ഥിതി, ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണക്കൂടുതൽ, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അവരുടെ തുടർച്ചയായ ഇടപെടൽ എന്നിവയൊക്കെ മുൻനിർത്തി പരസ്പര നയതന്ത്ര സാന്നിധ്യം ഏകീകരിക്കേണ്ടതുണ്ട്. വിയന ചട്ടങ്ങൾ അതിന് എതിരല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസയം അന്ത്യശാസനത്തെ തുടർന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിനു പിന്നാലെ കാനഡ നടത്തിയ മോശം പരാമർശങ്ങളിൽ ശക്തിയായി പ്രതിഷേധിച്ച് ഇന്ത്യ. ഭീകരാക്രമണ സാദ്ധ്യതയുണ്ടെന്നും തിരക്കേറിയ നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോക്കറ്റടി സർവസാധാരണമാണെന്നും കനേഡിയൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പ് ഇറക്കിയതാണ് വിവാദമായത്. വിദേശകാര്യമന്ത്രി മെലാനി ജോളിയും ഇന്ത്യയ്‌ക്കെതിരെ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു.

വലിയ തുക കൈവശം വയ്ക്കരുത്, അപരിചിതരുമായി ഇടപഴകരുത് തുടങ്ങിയ നിർദ്ദേശങ്ങളും പത്രക്കുറിപ്പിലുണ്ട്. കനേഡിയൻ പൗരന്മാർക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഈ ആക്ഷേപമുന്നയിച്ചത്. ശുദ്ധ അസംബന്ധമെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഇതിനു പിന്നിൽ ദുരുദേശ്യമുണ്ടെന്നും ഇന്ത്യ തുറന്നടിച്ചു. രാജ്യങ്ങളുടെ നയതന്ത്ര ബന്ധം സംബന്ധിച്ച വിയന്ന കരാർ ലംഘിച്ചെന്ന ആരോപണവും നിഷേധിച്ചു.

നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതോടെ മുംബയ് , ബംഗളൂരു, ചണ്ഡിഗർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ അടച്ചു. ഇവിടെ ലഭിച്ചിരുന്ന സേവനങ്ങൾക്ക് ഇനി ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷനുമായി ബന്ധപ്പെടണം. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ അംഗബലത്തിൽ തുല്യത വരുത്തുകമാത്രമാണ് ചെയ്തതെന്നും കനേഡിയൻ ഉദ്യോഗസ്ഥർ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തിയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പുതിയ സംഭവവികാസങ്ങളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയോടെയാണ് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞത്. ഇതിനു പിന്നാലെ നയതന്ത്ര പ്രതിനിധികളെ ഇരു രാജ്യങ്ങളും പുറത്താക്കിയിരുന്നു.

അതേസമയം ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധിയിൽ വെട്ടിലായത് കാനഡയിലേക്ക് വിസ തേടാനിരുന്നവരാണ്. കാനഡയുടെ 21 നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാണ് ഇന്ത്യയിൽ ഇനിയുള്ളത്. പത്ത് വിസ ആപ്‌ളിക്കേഷൻ സെന്ററുകൾ തുടർന്നും പ്രവർത്തിക്കും. എന്നാൽ ജീവനക്കാരുടെ എണ്ണം 27ൽ നിന്ന് അഞ്ചായി കുറച്ചു.

ഗ്ലോബൽ നെറ്റ് വർക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്തുവച്ചും അപേക്ഷകൾ കൈകാര്യം ചെയ്യാനാവുമെന്നാണ് സൂചന.നിലവിലുള്ള 17,500 വിസ അപേക്ഷകളുടെ പരിഗണന പ്രതിസന്ധിയിലാകും. ഡിസംബറിനു മുമ്പ് ഇത്രയും അപേക്ഷകൾ തീർപ്പാക്കാനായിരുന്നു ശ്രമം. കാനഡയിലേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളും കാനഡയിലെ ഇന്ത്യക്കാരും ആശങ്കയിലാണ്. നടപടിക്രമങ്ങൾ നീളും. സ്ഥിര താമസത്തിനും ജോലിക്കുള്ള താത്കാലിക വിസയും വിദ്യാർത്ഥി വിസയും നേടിയവരിൽ കഴിഞ്ഞ വർഷം ഇന്ത്യക്കാരാണ് മുന്നിൽ. ഇന്ത്യക്കാരെ ഇനിയും സ്വീകരിക്കുമെന്ന് കാനഡ കുടിയേറ്റ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയിട്ടുണ്ട്.