- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുന്നതിനിടയിൽ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ പ്രകോപനത്തിന് അതേനാണയത്തിൽ ഇന്ത്യയും മറുപടി നൽകിയോടെയാണ് ട്രൂഡോ പ്രതികരണവുമായി രംഗത്തുവന്നത്. ഇന്ത്യയെ പ്രകോപിപ്പിക്കാനല്ല കാനഡയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം.
ഞങ്ങൾ അതീവ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ സമീപിക്കുന്നത്. ഞങ്ങൾ ഇന്ത്യയെ പ്രകോപിപ്പിക്കാനില്ലെന്ന ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. അതേസമയം കനേഡിയൻ നടപടി എങ്ങനയാണോ അതേനാണയത്തിൽ മറുപടി നൽകുക എന്നതാണ് ഇന്ത്യൻ നിലപാടെനെന്ന് വ്യക്തമാണ്.
ട്രൂഡോയുടെ പ്രസ്താവനക്ക് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. രണ്ടു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ട്രൂഡോയുടെ ആരോപണങ്ങൾ ദുരുപദിഷ്ടവും അസംബന്ധവുമായി ഇന്ത്യ തള്ളി. നിരോധിത ഖലിസ്ഥാൻ സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവിയും ഇന്ത്യ 10 ലക്ഷംരൂപ തലക്ക് വിലയിട്ട കൊടുംഭീകരനുമായ ഹർദീപ് സിങ് നിജ്ജാർ (45) കഴിഞ്ഞ ജൂൺ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലാണ് കൊല്ലപ്പെട്ടത്.
സർറിയിലെ ഗുരു നാനാക് ഗുരുദ്വാരയുടെ പാർക്കിങ്ങിൽ സ്വന്തം പിക്കപ് വാനിൽ വെടിയുണ്ടയേറ്റ് അതിഗുരുതരാവസ്ഥയിൽ കണ്ട നിജ്ജാർ പിന്നീട് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പ്രതികൾ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞെങ്കിലും മൂന്നു മാസമായി ആരെയും പിടികൂടാനായിരുന്നില്ല. ഗുരുദ്വാരയുടെ പ്രസിഡന്റ് കൂടിയായിരുന്ന നിജ്ജാർ കാനഡയിലെ പ്രമുഖ ഖലിസ്ഥാൻ നേതാവ് കൂടിയായിരുന്നു.
കുറ്റവാളികൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാരാണ് കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപ്പെടുത്തൽ. ഇതിനു പിന്നാലെ രാജ്യത്തെ മുതിർന്ന ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തു. നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച ഇന്ത്യ ട്രൂഡോയുടെയും കാനഡ വിദേശകാര്യ മന്ത്രിയുടെയും പ്രതികരണങ്ങൾ അസംബന്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കുറ്റപ്പെടുത്തി.
ആരാണ് നിജ്ജർ?
പഞ്ചാബിലെ ജലന്ധറിൽ ഭാർ സിങ് പുര ഗ്രാമത്തിൽ ജനിച്ച നിജ്ജാർ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് 1997ലാണ് കാനഡയിലെത്തുന്നത്. അഭയാർത്ഥിയാണെന്ന അപേക്ഷ നിരസിച്ചതിനെത്തുടർന്ന് കുടിയേറ്റത്തിനായി സ്പോൺസർ ചെയ്ത ഒരു കനേഡിയൻ വനിതയെ വിവാഹം ചെയ്‌തെങ്കിലും അതും നിരസിക്കപ്പെട്ടു. ഇയാൾക്ക് രണ്ട് ആൺമക്കളുണ്ട്.
സംഘർഷം തുടങ്ങിയപ്പോൾ നിജ്ജാറിനെ കനേഡിയൻ പൗരൻ എന്നാണ് പാർലമെന്റിൽ ട്രൂഡോ വിശേഷിപ്പിച്ചത്. കാനഡയിലേയ്ക്ക് കുടിയേറിയതിന് പിന്നാലെതന്നെ നിജ്ജാർ ഖാലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. കെ ടി എഫിന് പുറമേ വിഘടനവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ)യിലും നിജ്ജാർ പ്രവർത്തിച്ചിരുന്നു. കെ ടി എഫിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയുമാണ് നിജ്ജാർ പ്രധാനമായും ചെയ്തിരുന്നത്.ഇന്ത്യയും നിജ്ജാറുംവർഷങ്ങളായി നിജ്ജാറിന്റെ ഭീകരപ്രവർത്തനങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2018ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കനേഡിയൻ പ്രധാനമന്ത്രിക്ക് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. 2020ലാണ് നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ നിജ്ജാറിനെ കൈമാറണമെന്ന് 2022ൽ പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നിജ്ജാർ പ്രതിയായ നിരവധി കേസുകളും ഇന്ത്യയിലുണ്ടായിരുന്നു. 2007ൽ പഞ്ചാബ് ലുധിയാനയിൽ ആറുപേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന കേസ്, 2009ൽ രാഷ്ട്രീയ സിഖ് സംഘട്ട് അദ്ധ്യക്ഷൻ രുൽദ സിംഹ് കൊല്ലപ്പെട്ട കേസ്, 2010ലെ പട്യാല സ്ഫോടനക്കേസ്, 2015ൽ ഹിന്ദുനേതാക്കളെ ലക്ഷ്യംവയ്ക്കുന്നു എന്നാരോപിച്ചുള്ള കേസ്, മൻദീപ് ധലിവാളിന്റെ പരിശീലനത്തിലും പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് 2016ലെ കേസ് തുടങ്ങിയ നിരവധി കേസുകൾ നിജ്ജറനെതിരെ ഉണ്ടായിരുന്നു.
മറുനാടന് ഡെസ്ക്