ടൊറന്റോ: കാനഡയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞത് ചൈനയാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭൗമരാഷ്ട്രീയ അപകടസാധ്യത എന്നായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ഇടപെടാനുള്ള ചൈനയുടെ ശ്രമങ്ങളെയും കാനഡയുടെ ആര്‍ട്ടിക് അവകാശവാദങ്ങളെ തകര്‍ക്കാനുള്ള അവരുടെ സമീപകാല ശ്രമങ്ങളെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഇപ്പോള്‍ കാണാന്‍ പോകുന്ന കാഴ്ച കാര്‍ണി ചൈനയുടെ തലസ്ഥനമായ ബീജിങ്ങില്‍ വിമാനമിറങ്ങുന്നതാണ്. കഴിഞ്ഞ 10 വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു കാനഡ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്. കാനഡ പ്രധാനമന്ത്രി ഇപ്പോള്‍ നടത്തുന്ന ചൈനാ സന്ദര്‍ശനം ഒരു ആഗോള സൂപ്പര്‍ പവറുമായുള്ള തകര്‍ന്ന ബന്ധം നന്നാക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു. അമേരിക്കയിലെ ട്രംപ് ഭരണകൂടം കാനഡയെ ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളിലാണ്.

കൂടാതെ പല സന്ദര്‍ഭങ്ങളിലും കാനഡയെ അമേരിക്കയുടെ ഒരു സംസ്ഥാനമാകാന്‍ ക്ഷണിച്ച് ട്രംപ് അവരെ നിരന്തരമായി അപമാനിക്കുന്നതും പതിവാക്കിയിരിക്കുകയാണ്. കാനഡയുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ചതും ട്രംപിന്റെ മറ്റൊരു തന്ത്രത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നയതന്ത്രപരമായി അമേരിക്കയുമായി സൗഹൃദത്തില്‍ ആണെങ്കിലും ട്രംപിനെ പോലെയുള്ള ഒരു നേതാവിനെ കൈകാര്യം ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് കാനഡക്ക് അറിയാം.

വളരെ ദുഷ്‌ക്കരമായ ഒരു ബന്ധമാണ് ഇതെന്നാണ് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്. ചില കാനഡക്കാരെ ചൈന അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ നയതന്ത്ര തര്‍ക്കവും കാനഡ ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കി. വര്‍ഷങ്ങളായി, കാനഡ തങ്ങളുടെ കനത്ത എണ്ണ, ലോഹ കല്‍ക്കരി, തടി, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രധാന വിപണിയായി ചൈനയെയാണ് നോക്കിക്കാണുന്നത്.

സമീപ വര്‍ഷങ്ങളില്‍ കാനഡയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍ ചൈന ഇടപെടുന്നുവെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചൈനയുമായി 'സ്ഥിരതയുള്ള' ബന്ധം സൃഷ്ടിക്കാനുള്ള ശ്രമമായാണ് കാര്‍ണി ബീജിംഗ് സന്ദര്‍ശനത്തെ വിശേഷിപ്പിക്കുന്നത്. 2024-ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അമേരിക്കയുമായി ചേര്‍ന്ന് കാനഡ താരിഫ് ഏര്‍പ്പെടുത്തിയതിനുശേഷം, ചൈന കനേഡിയന്‍ കനോല എണ്ണയ്ക്കും ഭക്ഷണത്തിനും 100% തീരുവ ചുമത്തിയിരുന്നു. പ്രധാനമന്ത്രിയായതിനുശേഷം, അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്ന് കാര്‍ണി സൂചന നല്‍കിയിരുന്നു.

അടുത്ത കാലം വരെ കാനഡയുടെ കയറ്റുമതിയുടെ 76% വാങ്ങിയിരുന്നത് അമേരിക്കയായിരുന്നു. എന്നാല്‍ 4 ശതമാനം മാത്രമാണ് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, കാര്‍ണി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ കണ്ടുമുട്ടിയിരുന്നു. ഒരു മാസത്തിനുശേഷം, ദക്ഷിണ കൊറിയയില്‍ നടന്ന ആഗോള ഉച്ചകോടിക്കിടെ കാര്‍ണി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി സംസാരിച്ചിരുന്നു.