ബീജിങ്: ചൈനയിൽ ദേശവികാരം വൃണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ചില പ്രത്യേകതരം വസ്ത്രധാരണം നിരോധിക്കാനൊരുങ്ങുന്നു. ജനങ്ങളുടെ വസ്ത്രധാരണത്തിന് മേൽ അടക്കം കടുത്ത നിയന്ത്രണം കൊണ്ടുവരികയാണ് ചൈനീസ് ഭരണകൂടം. എതിർക്കുന്നവരെ തടവിൽ തള്ളുന്ന ഷി ജിങ്പിങ് ശൈലി തുടരുകയാണ് ചൈനയിൽ.

വസ്ത്രധാരണ ശൈലിയുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്യുന്നു. വിലക്ക് ലംഘിക്കുന്നവർക്ക് പിഴയോ തടവ് ശിക്ഷയോ തന്നെ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ചൈനീസ് ജനതയ്‌ക്കെതിരായ, ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമല്ല.

പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ ലഅനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ ഇതിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.

ഇത്തരം നിർദ്ദേശങ്ങൾ മുമ്പോട്ട് വെക്കുന്നതിന് മുമ്പ്, എങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൊക്കൊള്ളുന്നത്, അധികാരം ആർക്കാണ് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പക്വമായ വിധിന്യായങ്ങളാണ് വേണ്ടത്- നിയമം എങ്ങനെയാണ് ബാധിക്കുക എന്നത് സംബന്ധിച്ച് ആശങ്കയോയെ 23 കാരിയായ ബീജിങ് സ്വദേശിനി പറയുന്നു.

ഈ മാസാദ്യം പാവാട ധരിച്ച് ലൈവ്‌സ്ട്രീമിങ് നടത്തുന്ന യുവാവിനെ തടഞ്ഞ് വെച്ച് പൊലീസ് ചോദ്യം ചെയ്യുന്ന വിഡിയോ പ്രചരിച്ചിരുന്നു. തുടർന്ന് ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചകളും സജീവമായി. കഴിഞ്ഞ വർഷം കിമോണ ധരിച്ചതിന്റെ പേരിൽ ഒരു സ്ത്രീയെ ചൈനയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു.

അതേസമയം ചൈനീസ് ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തടവിലാക്കുന്ന ചൈനീസ് അടിച്ചമർത്തൽ ശൈലി കൂടുതൽ ശക്തമാകുകയണ് ചൈനയിൽ. അടുത്തിടെ ചൈനയിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് സൂ സിയോങ് (50), ഡിങ് ജിയാക്സി (55) എന്നിവരെ തടവിലാക്കിയിരിക്കുന്നത്.

ഭരണഘടനാ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും സർക്കാർ അഴിമതിയെ വിമർശിക്കുകയും ചെയ്യുന്ന പൗരാവകാശ ഗ്രൂപ്പായ ന്യൂ സിറ്റിസൺസ് മൂവ്‌മെന്റിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ് സ്ഥാനമൊഴിയണമെന്ന് സൂ സിയോങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൂ വിനെ 14 വർഷത്തേക്ക് ജയിലിലടച്ചിരിക്കുന്നതെന്ന് അഡ്വക്കസി ഗ്രൂപ്പ് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പറയുന്നതു.

പബ്ലിക് ഓഫീസർമാരുടെ സ്വകാര്യ സ്വത്തുക്കൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് സു മുമ്പ് നാല് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഡിംഗിന് 12 വർഷമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നത്. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭരണത്തിന് കീഴിൽ പൗരസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായതായി മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു.