ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഭൂപട വിവാദത്തിൽ ഇന്ത്യയുടെ പ്രതിഷേധത്തോട് പ്രതികരിച്ച് ചൈന രംഗത്തെത്തി. ഇത്തരത്തിൽ ഭൂപടം പുതുക്കുന്നത് പതിവു രീതിയാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈന പറഞ്ഞു. അരുണാചൽ പ്രദേശ്, അക്സായ് ചിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയതിനെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലായിരുന്നു ചൈനയുടെ പ്രതികരണം.

നിയമപ്രകാരമുള്ള പരമാധികാരം വിനിയോഗിക്കുന്നതിനുള്ള ചൈനയുടെ പതിവുരീതിയാണിതെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ഇന്ത്യ ഇതിനെ വസ്തുതാപരമായും ശാന്തമായും കാണുമെന്നും അമിതമായി വ്യാഖ്യാനിക്കുന്നതിൽനിന്ന് പിന്തിരിയുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഭൂഭാഗങ്ങളായ അരുണാചൽ പ്രദേശ്, 1962-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ അക്സായ് ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന അതിന്റെ ഏറ്റവും പുതിയ ഭൂപടം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. തർക്കം നിലനിൽക്കുന്ന തയ്വാൻ, നയൻ ഡാഷ് ലൈൻ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിനെതിരേ ഇന്ത്യ നയതന്ത്ര തലത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തെക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. അവരുടേതല്ലാത്ത ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ഭൂപടങ്ങൾ പുറത്തിറക്കുന്നത് ചൈനയുടെ പണ്ടുതൊട്ടേയുള്ള ശീലമാണെന്നും ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങൾ പുറത്തിറക്കുന്നതിലൂടെ അവർക്ക് യാതൊരു മാറ്റവും വരുത്താനാകില്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചിരുന്നു.

അതേസമയം വിഷയം ഇന്ത്യയിൽ രാഷ്ട്രീയ വിവാദമായി മാറുകയാണ്. അരുണാചൽ പ്രദേശും അക്സായി ചിൻ മേഖലയും ഉൾപ്പെടുത്തി ചൈന ഔദ്യോഗിക ഭൂപടം പുറത്തിറക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞത് നുണയാണെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയത് ഗൗരവമുള്ളതാണെന്നും രാഹുൽ വ്യക്തമാക്കി. കർണാടകയിലേക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ രാഹുൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

നേരത്തെ, ചൈനയുടെ നടപടിയിൽ നയതന്ത്ര ചാനൽ വഴി ശക്തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്താനിരിക്കെയാണ് രാജ്യത്തിന്റെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക ഭൂപടമിറക്കി ചൈനയുടെ പ്രകോപനം.

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. ദക്ഷിണ ചൈനാ കടലിൽ തയ്വാൻ അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 'ലഡാക്കിൽ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെന്ന് വർഷങ്ങളായി ഞാൻ പറയുന്നു. ചൈന അതിക്രമിച്ച് കടന്ന് ഭൂമി കൈയേറിയത് ലഡാക്കിന് മുഴുവൻ അറിയാം. ഈ മാപ്പ് വളരെ ഗൗരവമുള്ളതാണ്. അവർ ഭൂമി തട്ടിയെടുത്തു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം' -രാഹുൽ ഗാന്ധി പറഞ്ഞു.