ന്യൂഡൽഹി: ആകാശ മാർഗ്ഗവും ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ചൈനീസ് ഡ്രോണുകൾ ഇന്ത്യയുടെ അതിർത്തിയിലേക്ക് എത്തിയെന്നാണ് സൂചന. അരുണാചൽപ്രദേശിലെ നിയന്ത്രണരേഖയിലെ തവാങ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. വെള്ളിയാഴ്ച യാങ്സെയിലെ ഇന്ത്യൻ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ തുരത്തി. ആറ് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. കൂടുതൽ ചൈനീസ് സൈനികർക്ക് പരിക്കുണ്ടെങ്കിലും വിവരം ലഭ്യമല്ല. ഇതിനിടെയാണ് ഡ്രോൺ ആക്രമണമുണ്ടായതെന്ന സൂചനയും പുറത്തു വരുന്നത്.

ചൈനയുടെ വ്യോമാക്രമണം തടയാൻ അരുണാചലിലെ ഉയർന്ന മേഖലയായ തവാങ് ഇന്ത്യയെ സഹായിക്കും. അതുകൊണ്ട് കൂടിയാണ് തവാങിൽ ചൈന കടന്നു കയറാൻ ശ്രമിക്കുന്നത്. നേരത്തെ പാക് സൈന്യം കാർഗിൽ പിടിക്കാൻ ശ്രമിച്ചതും സമാന ഉദ്ദേശത്തിലാണ്. ഇതേ മാതൃകയിലാണ് തവാങിൽ ചൈന കണ്ണു വയ്ക്കുന്നത്. ഡ്രോൺ അയച്ചത് ഇന്ത്യൻ സൈനിക നീക്കങ്ങൾ മനസ്സിലാക്കാനാണെന്നാണ് സൂചന.

ചൈനയുടെ പ്രകോപനത്തിനു തിരിച്ചടി നൽകിയതായും ഇരുഭാഗത്തെയും സൈനികർക്ക് നിസ്സാരപരിക്കുകളേറ്റതായും സൈനികവൃത്തങ്ങൾ അറിയിച്ചു. പിന്നാലെ ഇരുസൈന്യവും നിയന്ത്രണരേഖയിൽനിന്ന് പിന്മാറി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇരു രാജ്യങ്ങളിലെയും സൈനിക കമാൻഡർമാരുടെ ഫ്‌ളാഗ് മീറ്റിങ്ങും നടന്നു. 2020 ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവനിലുണ്ടായ സംഘർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യ-ചൈന സൈനികർ നേരിട്ട് ഏറ്റുമുട്ടുന്നത്. ഗാൽവനിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. അതിർത്തിയിൽ തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് തവാങ്ങിലും ചൈനയുടെ പ്രകോപനം.

തവാങ് മേഖലയിലുടനീളം രണ്ടുരാജ്യങ്ങളും സ്വന്തമെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ 17,000 അടി ഉയരത്തിൽ ഇന്ത്യ സ്ഥാപിച്ച പോസ്റ്റാണ് ചൈനീസ് സൈനികർ കൈയേറാൻ ശ്രമിച്ചത്. കഴിഞ്ഞമാസം ഉത്തരാഖണ്ഡിൽ ഇന്ത്യയും അമേരിക്കയും സൈനികാഭ്യാസം നടത്തുന്നതിനെ ചൈന ശക്തമായി എതിർത്തിരുന്നു. ഇതു തള്ളിയ ഇന്ത്യ ആഭ്യന്തര കാര്യങ്ങളിലിടപെടാൻ മൂന്നാമതൊരു രാജ്യത്തിന് അവകാശമില്ലെന്ന് വ്യക്തമാക്കി. ഇതിന് ശേഷമാണ് ചൈനയുടെ പ്രകോപനം. ഇതോടെ ഇന്ത്യാ-ചൈനാ ബന്ധത്തിലും വീണ്ടും വില്ലലുണ്ടാകുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശിലെ തന്ത്രപ്രധാന സൈനിക മേഖലയാണ് തവാങ്. അക്‌സായി ചിന്നും അരുണാചൽ പ്രദേശിന്റെ തവാങ് ഉൾപ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഇന്ത്യ-ചൈന യുദ്ധശേഷം ഇവിടെ അതിർത്തിപ്രശ്‌നം രൂക്ഷമായി. ഇവിടെ ചൈനയുടെ കടന്നുകയറ്റം നിരന്തര തലവേദനയാണ്. തവാങ്ങിലെ ബുദ്ധസങ്കേതവും (മൊണാസ്ട്രി) ടിബറ്റിലെ ലാസ മൊണാസ്ട്രിയും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ടെന്നും അതിനാൽ അരുണാചലും ടിബറ്റിനെപ്പോലെ തങ്ങളുടെ ഭാഗമാണെന്നുമാണ് ചൈനയുടെ വാദം. എന്നാൽ ഇതൊന്നും അരുണാചലുകാർ അംഗീകരിക്കുന്നില്ല. അവർ ഇന്ത്യയ്‌ക്കൊപ്പം ഉറച്ചു നിൽക്കുന്നു.

അരുണാചൽപ്രദേശും തവാങ് മേഖലയും ചൈനയ്ക്ക് തന്ത്രപ്രധാന സ്ഥലമാണ്. അരുണാചൽ പ്രദേശാണ് ഭൂട്ടാന് കിഴക്കൻ മേഖലയിൽ സുരക്ഷ നൽകുന്നത്. തവാങ് ലഭിച്ചാൽ ഭൂട്ടാനെ ചുറ്റാൻ ചൈനയ്ക്കാവും. ഇതിന് വേണ്ടിയാണ് തവാങിനെ നോട്ടമിടുന്നത്. ഇത് ഇന്ത്യയുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുഡി ഇടനാഴി തടയാനും തവാങ് കൈക്കലാക്കിയാൽ ചൈനയ്ക്കാവും.