- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തവാങ് സെക്ടറിലെ യാങ്‌സേ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടൽ പതിവ്; ഈ സാഹചര്യത്തിൽ പ്രദേശം കീഴടക്കാനുള്ള ചൈനയുടെ ശക്തമായ ശ്രമമാണ് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലെന്ന സംശയം ശക്തം; കാട് വെട്ടിത്തെളിച്ച് പണിതത് അഞ്ചു ഗ്രാമം; ലക്ഷ്യം ഭൂട്ടാനേയും കീഴടക്കൽ; വ്യോമ സേന നിരീക്ഷണത്തിന്; കരുതലിന് ഇന്ത്യയും
ന്യൂഡൽഹി: സിക്കിം, അരുണാചൽ എന്നിവയുമായുള്ള അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ചൈന വ്യാപകമായി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് ഭാവിയിൽ അവകാശ വാദമുന്നയിച്ച് ഭൂട്ടാനെ സ്വന്തമാക്കാനുള്ള നീക്കം. ആൾത്താമസമില്ലാത്ത വനമേഖലകൾ വെട്ടിത്തെളിച്ചാണ് ആളുകളെ ഇവിടെ പാർപ്പിക്കുന്നത്. ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നവും സൃഷ്ടിക്കും. ഭാവിയിൽ അതിർത്തി മേഖലയിലുടനീളം അവകാശവാദമുന്നയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അരുണാചലിലെ തവാങ് അതിർത്തിയിൽ കടന്നുകയറാൻ ശ്രമിക്കുന്ന ചൈനീസ് സൈനികരെ ഇന്ത്യൻ സേനാംഗങ്ങൾ തുരത്തുന്നതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പഴയതാണെന്നു സേനാവൃത്തങ്ങൾ പറഞ്ഞു. 2020 ൽ സിക്കിം അതിർത്തിയിലെ സംഘർഷത്തിന്റെ വിഡിയോ ആണിതെന്നാണു സൂചന.
രണ്ട് ദശാബ്ദത്തിലേറെയായി അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സേ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടൽ പതിവാണ്. ഈ സാഹചര്യത്തിൽ പ്രദേശം കീഴടക്കാനുള്ള ചൈനയുടെ ശക്തമായ ശ്രമമാണ് വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലെന്ന വാദം സജീവമാണ്. 1990 കളുടെ അവസാനത്തിലാണ് പ്രദേശത്തിന്റെ നിയന്ത്രണം നേടിയെടുക്കാൻ ചൈന ശ്രമങ്ങൾ ആരംഭിച്ചത്. ഒരു വർഷത്തിൽ രണ്ട് തവണയെങ്കിലും തവാങിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ ഉണ്ടാകുന്നത് പതിവാണ്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം അതിക്രമിച്ചിരിക്കുകയാണ്. 200-ലധികം ചൈനീസ് സൈനികരാണ് യാങ്‌സേയിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽഎസി) അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലും, ചൈനീസ് സൈന്യത്തിന്റെ വലിയൊരു സംഘം എൽഎസി ലംഘിക്കാൻ ശ്രമിച്ചിരുന്നു.
ഇത് ഇരുരാജ്യങ്ങളും തമ്മിൽ വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും പ്രദേശത്ത് ചൈനീസ് സൈന്യത്തെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പമാണ് ചൈനയുടെ ഗ്രാമ നിർമ്മാണവും ചർച്ചയാകുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ അതിർത്തിയോടു ചേർന്ന് 5 ഗ്രാമങ്ങൾ ചൈന സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം അരുണാചലിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച അതിർത്തിക്കു സമീപം ഷവോകാങ്ങിലാണ് ഏറ്റവുമൊടുവിൽ ഗ്രാമമുണ്ടാക്കിയത്. അതിർത്തിയോടു ചേർന്ന് ഷിഗാറ്റ്‌സെ വ്യോമതാവളത്തിൽ അവർ യുദ്ധവിമാനങ്ങൾ വിന്യസിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വ്യോമ സേനയും കരുതലിലാണ്.
പ്രതിരോധ ഗ്രാമങ്ങളുടെ നിർമ്മാണം ഉൾപ്പെടെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഈ ഗ്രാമങ്ങളിൽ താമസക്കാരില്ലെങ്കിലും ചൈനയ്ക്ക് സൈനിക ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാമെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു. തവാങ്, ചുംബി വാലി എന്നീ രണ്ട് തന്ത്രപ്രധാനമായ ട്രൈ ജംഷനുകളിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്. തവാങ് നേപ്പാൾ-ടിബറ്റ് അതിർത്തിയിലും ചുംബി വാലി ചൈന-ഭൂട്ടാൻ ജംഗ്ഷനിലുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ചൈനയുടെ രാഷ്ട്രീയ-സൈനിക നീക്കം കണക്കിലെടുത്ത്, രണ്ട് ട്രൈ-ജംഗ്ഷനുകളിലും ഇന്ത്യ തങ്ങളുടെ സൈനിക ശക്തി വിപുലീകരിച്ചിട്ടുണ്ട്.
അരുണാചൽ ഉൾപ്പെടെ ചൈനയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യോമസേന ഇന്നും നാളെയും സേനാഭ്യാസം നടത്തും. സുഖോയ് 30, റഫാൽ യുദ്ധവിമാനങ്ങൾ, അപാചി, ചിനൂക് ഹെലികോപ്റ്ററുകൾ എന്നിവയടക്കം അണിനിരത്തി സേനയുടെ കരുത്ത് വിളിച്ചോതുന്ന അഭ്യാസമായിരിക്കും ഇത്. അതിർത്തിയിലെ സംഘർഷത്തിനു മുൻപു തന്നെ അഭ്യാസപ്രകടനം നിശ്ചയിച്ചതാണെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. തവാങ് സെക്ടറിലെ യാങ്‌സേ മേഖലയിൽ മാത്രമല്ല ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നത്. 1986-87 കാലഘട്ടത്തിൽ ചൈനയുമായി സുംഡോറോംഗ് താഴ് വരയിൽ ഒരു വലിയ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്.
ഇരുപക്ഷവും തവാങിന്റെ എല്ലാ സെക്ടറുകളിലും കിഴക്ക് മാഗോ ചുനയിൽ ഉൾപ്പെടെ കൂടുതൽ സൈനികരെ വിന്യസിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന ഇവിടുത്തെ ഇന്ത്യയുടെ സാന്നിധ്യം ഒരു നുഴഞ്ഞുകയറ്റമായി കാണുകയും ഈ പ്രദേശത്തിന്മേൽ ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്യുകയാണ്. അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച യാങ്‌സേയിലെ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിക്കാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി ശ്രമിച്ചുവെന്ന് ചൊവ്വാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അത്തരം നിരവധി ശ്രമങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ