ന്യൂഡൽഹി: ഇന്ത്യ-ഭാരതം പേരുമാറ്റ വിവാദം കത്തി നിൽക്കുന്നതിനിടയിൽ, ഇന്ത്യക്ക് ഉപദേശവുമായി ചൈന. പേരിനേക്കാളേറെ സുപ്രധാനമായ കാര്യങ്ങളിൽ ഇന്ത്യ ശ്രദ്ധ ചെലുത്തണമെന്നാണ് മുഖപത്രമായ ഗ്ലോബൽ ടൈംസിലൂടെ ചൈന ഉപദേശിക്കുന്നത്.

ജി-20 ഉച്ചകോടിയിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വർദ്ധിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിൽ പേരുമാറ്റത്തേക്കാൾ സുപ്രധാന കാര്യങ്ങളിൽ ശ്രദ്ധയൂന്നണം. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സമഗ്രമായി പരിഷ്‌കരിക്കാൻ കഴിയുമോ എന്നതാണ് പ്രധാനം. വിപ്ലവാത്മക പരിഷ്‌കാരം ഇല്ലാതെ, ഇന്ത്യക്ക് വിപ്ലവകകരമായ വികസനം സാധ്യമല്ലെന്ന് ഗ്ലോബൽ ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യക്ക് കിട്ടുന്ന വർദ്ധിച്ചുവരുന്ന ആഗോളശ്രദ്ധയെ നന്നായി വിനിയോഗിക്കാനും, ആ സ്വാധീനം വളർച്ചയ്ക്കുള്ള ചാലക ശക്തിയായി മാറ്റാനും കഴിയട്ടെ. ജി-20 ഉച്ചകോടിയുടെ സമയത്ത് ഇന്ത്യക്ക് എന്താണ് ലോകത്തോട് പറയാനുള്ളത്, ചൈനീസ് മാധ്യമം ചോദിച്ചു.
കൊളോണിയൽ കാലത്തെ പേരുകൾ നീക്കം ചെയ്യാനുള്ള ഭാഗമായാണ് പേരുമാറ്റ ശ്രമം പ്രതിഫലിക്കുന്നതെന്നും ഗ്ലോബൽ ടൈംസ് പറഞ്ഞു.

1991 ന് ശേഷം സാമ്പത്തിക പരിഷ്‌കാരങ്ങളിൽ നിരവധി കാതലായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണ് മോദിയുടേത്. എന്നാൽ, ദൗർഭാഗ്യവശാൽ, ഇപ്പോൾ, ഇന്ത്യ കൂടുതലായി വാണിജ്യ സംരക്ഷണ നയത്തിലേക്കാണ് നീങ്ങുന്നത്. ഇതെല്ലാമാണ് പേരുമാറ്റത്തേക്കാൾ സുപ്രധാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചില ചൈനീസ് കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലെ അനിഷ്ടവും റിപ്പോർട്ടിൽ പ്രകടിപ്പിക്കുന്നു. ' ലോകത്തിന് തങ്ങളുടെ വിപണി പൂർണമായ തുറന്നുകൊടുക്കാനുള്ള ഇന്ത്യയുടെ വൈമുഖ്യം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ, 1947 ന് ശേഷമുള്ള ചരിത്രം പരിശോധിച്ചാൽ, ഓരോ തവണയും ഇന്ത്യ പരിഷ്‌കാരവും സാമ്പത്തിക ഉദാരവത്കരണവും പ്രോത്സാഹിപ്പിക്കുമ്പോഴും, അത് സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതായി കാണാം.

തങ്ങളുടെ സമ്പദ് വ്യവസ്ഥ കൂടുതൽ തുറക്കാനും, വിദേശ നിക്ഷേപം ആകർഷിക്കാനും, വിദേശ നിക്ഷേപകർക്ക് സുഗമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനും ഉള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാൻ ജി-20 അദ്ധ്യക്ഷ പദവി വിനിയോഗിക്കണമെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.