- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ ആക്രമണത്തിൽ ബ്രിട്ടീഷ് ചാരിറ്റി പ്രവർത്തകർ കൊല്ലപ്പെട്ടത് കുറ്റകൃത്യമാകും
ലണ്ടൻ: ഗസ്സയിൽ ഇസ്രയേൽ യുദ്ധ കുറ്റം ചെയ്തതായി തെളിഞ്ഞാൽ അത് തങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒരുകൂട്ടം ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ. കുറ്റത്തിൽ പങ്കാളികൾ ആയി കണക്കാക്കിയേക്കും എന്ന ഭയത്തിൽ, ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള ചുമതലക്കാരായ സർക്കാർ ഉദ്യോഗസ്ഥരാണ് ആശങ്കയിലായിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ്സ് ആൻഡ് ട്രേഡിലെ ഉദ്യോഗസ്ഥരാണ്, മുതിർന്ന സിവിൽ ഉദ്യോഗസ്ഥന്മാർക്ക് മുൻപിൽ തങ്ങളുടെ ആശങ്ക പങ്കു വച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡിപ്പാർട്ടുമെന്റുമായി ഒരു ചർച്ച നടത്തുന്നതിനുള്ള അവസരമൊരുക്കണമെന്ന്, സിവിൽ ഉദ്യോഗസ്ഥരെ പ്രതിനിധാനം ചെയ്യുന്ന പബ്ലിക് ആൻഡ് കമ്മേഴ്‌സ്യൽ സർവ്വീസസ് യൂണിയൻ (പി സി എസ്) ആവശ്യപ്പെട്ടതായി സ്‌കൈ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.
തങ്ങളുടെ അംഗങ്ങളുടെ ആശങ്ക അവസാനിപ്പിക്കുന്നതു വരെ അത്തരം പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്നും യൂണിയൻ നൽകിയ എഴുത്തിൽ പറയുന്നു. ഇസ്രയേലിലേക്ക് കയറ്റുമതി ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ നൽകുന്നത് നിർത്തി വയ്ക്കണം എന്നാണ് ആവശ്യം. സർക്കാരിനെതിരെ നിയമ നടപടികൾക്ക് മുതിരും എന്ന് പി സി എസ് സ്ഥിരീകരിച്ചതായും സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയിലെന്റെ ഗസ്സയിലെ നടപടികൾ വംശഹത്യയാണെന്ന് അന്താരാഷ്ട്ര കോടതി നിരീക്ഷിച്ചതിനു തൊട്ടുപിന്നാലെ നിയമോപദേശത്തിനായി സർക്കാരിനെ സമീപിച്ചിരുന്നതായും യൂണിയൻ വെളിപ്പെടുത്തി. അതിനുള്ള പ്രതികരണമായി മാർച്ച് 13 ന് ലഭിച്ച കത്തിൽ പറയുന്നത് സിവിൽ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടികൾക്ക് സാധ്യതയില്ല എന്നായിരുന്നു. എന്നാൽ, വകുപ്പിന് ലഭിച്ച നിയമോപദേശം അതീവ രഹസ്യ രേഖ ആയതിനാൽ അത് പങ്ക് വയ്ക്കാൻ ആകില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
തിങ്കളാഴ്‌ച്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് ജീവകാരുണ്യ പ്രവർത്തകർ മരണമടഞ്ഞതോടെ ഇസ്രയേലിനുള്ള ആയുധ വിതരണം നിർത്തിവയ്ക്കാൻ ഋഷി സുനകിന് മേൽ സമ്മർദ്ദം ഏറുകയാണ്. കഴിഞ്ഞ ദിവസം, മുൻ സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പടെ 600 ൽ അധികം നിയമജ്ഞർ ഒപ്പിട്ട ഒരു കത്തും സർക്കാരിന് നൽകിയിരുന്നു. ഇസ്രയേലിന് തുടർന്നും ആയുധം നൽകുക വഴി ബ്രിട്ടൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്ന് അതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബ്രിട്ടൻ നേരിട്ട് ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നില്ല. മറിച്ച്, ബ്രിട്ടീഷ് ആയുധ നിർമ്മാതാക്കൾക്ക് ഇസ്രയേലിന് ആയുധം നൽകുവാനുള്ള കയറ്റുമതി ലൈസൻസ് നൽകുകയാണ് ചെയ്യുന്നത്.