- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2028 ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കാമെന്ന് പ്രധാനമന്ത്രി; ഇന്ത്യയുടെ കാർബൺ ബഹിർഗമനം ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളേക്കാൾ കുറവ്; ജനകീയ പങ്കാളിത്തത്തോടെയുള്ള ഗ്രീൻ ക്രെഡിറ്റ് പദ്ധതിയും കോപ് 2028 ൽ പ്രഖ്യാപിച്ച് മോദി
ദുബായ്: 2028 ലെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായിൽ നടക്കുന്ന കോപ് 28 നെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോപ് 33 ആണ് ഇന്ത്യയിൽ വച്ച് നടത്താമെന്ന് മോദി നിർദ്ദേശിച്ചത്. ആഗോള തലത്തിൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചുപ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിലെ തെറ്റുകൾ തിരുത്താൻ നമുക്ക് അധികസമയം ബാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനസംഖ്യ കുറഞ്ഞ മറ്റു രാജ്യങ്ങളേക്കാൾ വളരെ കുറവാണ് ഇന്ത്യയുടെ കാർബൺ ബഹിർഗമനമെന്നും അദ്ദേഹം പറഞ്ഞു. ' ആഗോള ജനസംഖ്യയിൽ, ഇന്ത്യയുടെ ജനസംഖ്യ 17 ശതമാനമാണ്. പക്ഷേ ആഗോള കാർബൺ ബഹിർഗമനം ഇന്ത്യയുടേത് 4 ശതമാനം മാത്രമാണ്. ഫോസിൽ ഇതര ഇന്ധനങ്ങളിലേക്ക് മാറുന്നതിൽ സമയപരിധിക്ക് 9 വർഷം മുമ്പേ ഇന്ത്യ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു', പ്രധാനമന്ത്രി പറഞ്ഞു.
ആഗോള താപന വർധനവ് രണ്ട് ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന് ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഈ ദശകത്തിൽ 50 ശതമാനം വരെ കുറയ്ക്കേണ്ടതുണ്ട്. 2015 പാരീസ് ഉടമ്പടിയുടെ ഭാഗമായി രാജ്യങ്ങൾ അവരുടെ കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരുന്നതിനുള്ള ലക്ഷ്യങ്ങൾ രൂപപ്പെടുത്തുകയും അത് യാഥാർഥ്യമാക്കുന്നതിനായി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്നുണ്ട്. 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ന് ലോകം ഉന്നം വെക്കുന്നത്. കാർബൺ പൂർണമായും ഇല്ലാതാക്കൽ എളുപ്പമല്ലെങ്കിലും ഓരോ രാജ്യത്തിന്റെയും അന്തരീക്ഷത്തിന് താങ്ങാവുന്ന നിരക്കിൽ ഹരിതഗൃഹവാതകങ്ങളെ നിയന്ത്രിച്ചുനിർത്തുക എന്നതാണ് 'നെറ്റ് സീറോ കാർബൺ എമിഷൻ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
2070 ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള ലക്ഷ്യത്തിലേക്ക് മുന്നോട്ടുപോകുമെന്നും മോദി പറഞ്ഞു. ആഗോള നന്മയ്ക്കായി എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതും, എല്ലാവർക്കും തുല്യപങ്കാളിത്തം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. തന്റെ പ്രസംഗത്തിൽ, മോദി ഗ്രീൻ ക്രെഡിറ്റ് പദ്ധതിയും പ്രഖ്യാപിച്ചു. രണ്ടു അത്യാവശ്യ കാര്യങ്ങൾക്കാണ് ഗ്രീൻ ക്രെഡിറ്റ് പദ്ധതി ഊന്നൽ നൽകുന്നത്: ജല സംരക്ഷണവും, വനവൽക്കരണവും. ജനകീയ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പിലാക്കുക. പരിസ്ഥിതി സംരക്ഷണത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതി.
വൃക്ഷത്തൈ നടൽ, ജല മാനേജ്‌മെന്റ്: ജലസ്രോതസ്സുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള തന്ത്രങ്ങൾ നടപ്പിലാക്കുക.സുസ്ഥിര കൃഷി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, മാലിന്യ സംസ്‌കരണം: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ നടപ്പിലാക്കുക, വായു മലിനീകരണം കുറയ്ക്കൽ: വായു മലിനീകരണം കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾ .കണ്ടൽ സംരക്ഷണവും പുനരുദ്ധാരണവും തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ