- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലേക്ക് കള്ള ബോട്ട് കയറി അഭയാര്ഥികളാവാന് പുറപ്പെട്ട 60 പേരടങ്ങിയ തമിഴ്സംഘം കപ്പല്‍ തകര്‍ന്ന് എത്തിപ്പെട്ടത് ഇന്തോനേഷ്യക്കും ടാന്‍സാനിയക്കും ഇടയിലുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് മിലിട്ടറി ബേസായ ഡിയോഗെ ഗാര്‍ഷ്യയില്‍; മൂന്ന് കൊല്ലം നരകതുല്യമായ തടവറയില്‍ പാര്‍പ്പിച്ചവര്‍ക്ക് കോടികള്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്ക് സ്ഥിരീകരണം നല്കി അപ്പീല്‍ കോടതി
മൂന്ന് കൊല്ലം നരകതുല്യമായ തടവറയില്‍ പാര്‍പ്പിച്ചവര്‍ക്ക് കോടികള്‍ നഷ്ടപരിഹാരം നല്‍കാനുള്ള വിധിക്ക് സ്ഥിരീകരണം നല്കി അപ്പീല്‍ കോടതി
ലണ്ടന്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും 44 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു പവിഴപ്പുറ്റ് ദ്വീപായ ഡീഗോ ഗാര്‍ഷ്യ പലതവണ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ അടക്കം ഇവിടെ എത്തിപ്പെടുകയും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്യാറുണ്ട്. അടുത്തിടെ കാനഡയിലേക്ക് കള്ളബോട്ട് കയറി അഭയാര്‍ഥികളാകാന്‍ പുറപ്പെട്ട 60 പേര്‍ അടങ്ങിയ തമിഴ് സംഘം ബോട്ട് തകര്‍ന്ന് എത്തിപ്പെട്ടത് ബ്രിട്ടീഷ് മിലിട്ടറി ബേസായ ഡിയോഗെ ഗാര്‍ഷ്യയിലാണ്. തുടര്‍ന്നിങ്ങോട്ട് ഇവരെ തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഈസംഭവത്തില്‍ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചുവെന്ന വിധി അപ്പീല്‍ കോടതി ശരിവെച്ചു. ചൊവ്വാഴ്ച ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി കമ്മീഷണര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളുകയായിരുന്നു.
ഇന്ത്യന്‍ സമുദ്രത്തിലെ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയില്‍ തമിഴ് അഭയാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തിലേറെയായി തടങ്കലില്‍ വെച്ചത് നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് വലിയ തിരിച്ചടിയായി മാറിയ ഈ വിധി, 2025 ഡിസംബര്‍ 16 ചൊവ്വാഴ്ചയാണ് ലണ്ടനിലെ കോടതി പുറപ്പെടുവിച്ചത്.
കാനഡയിലേക്ക് പോകുന്നതിനിടെ ബോട്ട് തകരാറിലായതിനെത്തുടര്‍ന്ന് ദ്വീപിലെത്തിയ 60-ഓളം തമിഴ് അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച നടപടി തെറ്റാണെന്ന 2024-ലെ വിധി കോടതി ശരിവെച്ചു. ബി.ഐ.ഒ.ടി കമ്മീഷണര്‍ സമര്‍പ്പിച്ച അപ്പീലിലെ നാല് വാദങ്ങളും കോടതി തള്ളിക്കളഞ്ഞു. കമ്മീഷണര്‍ കോടതിയില്‍ ഹാജരാക്കിയത് 'തിരഞ്ഞെടുത്ത തെളിവുകള്‍ മാത്രമാണെന്ന്' ജഡ്ജിമാര്‍ കുറ്റപ്പെടുത്തി.
നരകതുല്യമായ സാഹചര്യങ്ങളായിരുന്നു അഭയാര്‍ഥികള്‍ക്ക് എന്നും അവര്‍ പറഞ്ഞു. 16 കുട്ടികള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികളെ എലികള്‍ നിറഞ്ഞ കൂടാരങ്ങളില്‍ കനത്ത കാവലിലാണ് പാര്‍പ്പിച്ചിരുന്നത്. 'ഭൂമിയിലെ നരകം' എന്നാണ് അഭയാര്‍ത്ഥികള്‍ തങ്ങളുടെ ജീവിത സാഹചര്യങ്ങളെ വിശേഷിപ്പിച്ചത്. പേരിന് മാത്രമല്ലാത്ത ഒരു തുറന്ന ജയിലായിരുന്നു അതെന്ന് കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് മാര്‍ഗരറ്റ് ഒബി നിരീക്ഷിച്ചിരുന്നു.
ഈ അഭയാര്‍ത്ഥികളെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. പ്രതിദിനം 108,000 പൗണ്ടിലധികം നികുതിപ്പണമാണ് ഇവരെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ചിലവഴിച്ചത്. ഇതിനുപുറമെയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്ന ഭീമമായ നഷ്ടപരിഹാര തുക. മൂന്ന് വര്‍ഷത്തെ ദുരിതത്തിന് ശേഷമുള്ള ഈ വിധി പൂര്‍ണ്ണമായ നീതിയാണെന്ന് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള കമ്മീഷണറുടെ ശ്രമം പരാജയപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോടതി വിധി തിരിച്ചടിയാണെന്ന് സമ്മതിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം, വിധി പഠിച്ച ശേഷം അടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ഡീഗോ ഗാര്‍ഷ്യ ഒരിക്കലും അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ അനുയോജ്യമായ സ്ഥലമല്ലെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
ഡീഗോ ഗാര്‍ഷ്യ എന്ന സ്വപ്നദ്വീപ്
കന്യാകുമാരി മുനമ്പില്‍നിന്നു രണ്ടായിരം കിലോമീറ്ററിലേറെ ദൂരമുണ്ട് ദ്വീപിലേക്ക്. 1790കളില്‍ ഫ്രഞ്ച് ആധിപത്യത്തിനു കീഴിലായിരുന്നു ഈ സ്ഥലം. നെപ്പോളിയന്‍ കാലഘട്ടത്തിലെ യുദ്ധങ്ങള്‍ക്കൊടുവില്‍ ഇതു ബ്രിട്ടന്റെ കീഴിലായി. ആദ്യകാലത്തു മൊറീഷ്യസിലെ ബ്രിട്ടിഷ് കോളനികളുടെ ഭാഗമായിരുന്നു ഡീഗോ ഗാര്‍ഷ്യയും. 1965ല്‍ ആണു ബ്രിട്ടിഷ് ഇന്ത്യന്‍ ഓഷ്യന്‍ ടെറിട്ടറി(ബിഐഒടി) രൂപീകരിച്ചത്.1968 മുതലുള്ള കാലത്ത് ഈ ദ്വീപുകളിലെ ആളുകളെ മൊറീഷ്യസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്കു മാറ്റി.
ദ്വീപുവാസികളെ ഒഴിപ്പിക്കാന്‍വേണ്ടി ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളും സംഭവിച്ചു. ഇതിനുശേഷമാണ് അമേരിക്കന്‍ നാവികസേനയുടെ കേന്ദ്രങ്ങളിലൊന്ന് ഇവിടെ ആരംഭിച്ചത്. ഇന്നു ബിഐഒടിയുടെ കീഴില്‍ ആള്‍ത്താമസമുള്ള ഒരേയൊരു ദ്വീപാണു ഡീഗോ ഗാര്‍ഷ്യ. ജനസംഖ്യ 4200.
ബ്രിട്ടിഷ് നാവികസേനാ ഉദ്യോഗസ്ഥരും യുഎസ് മിലിട്ടറി സ്റ്റേഷനിലെ ആളുകളും അവരുടെ ജോലിക്കാരും മാത്രം. അമേരിക്കയുടെ ഏറെ പ്രധാനപ്പെട്ട സൈനിക കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇക്കാരണത്താലും പവിഴപ്പുറ്റുകള്‍ നിറഞ്ഞ പ്രദേശമായതിനാലുമാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ദ്വീപിലേക്കു കടന്നുകയറി ഇന്ത്യക്കാര്‍ നടത്തുന്ന മല്‍സ്യബന്ധനം നയതന്ത്ര പ്രശ്‌നമായി കണക്കാക്കുമെന്നു ബ്രിട്ടന്‍ പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ മല്‍സ്യത്തൊഴിലാളികളെ നിയന്ത്രിക്കണമെന്നും മല്‍സ്യബന്ധന മേഖലയില്‍ വ്യാപക ബോധവല്‍ക്കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്.
ഇവിടേക്കു കടന്നുകയറുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മല്‍സ്യത്തൊഴിലാളികളാണെന്നു തിരിച്ചറിയുന്നതുകൊണ്ടു മാത്രമാണ് അത്തരം അപകടങ്ങള്‍ ഉണ്ടാകാത്തതെന്നും എപ്പോഴും അത് ഉറപ്പുവരുത്താനാവില്ലെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, മല്‍സ്യഖനിയിലേക്കുള്ള ലക്ഷ്യം ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിക്കുന്നു.




