- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയിൽനിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യക്ക് നൽകിയത് വൻ സാമ്പത്തിക ഗുണം; ക്രൂഡ് ഇറക്കുമതിയിൽ ഇന്ത്യ ലാഭിച്ചത് 35,000 കോടി രൂപ; യുഎസിന്റെയും യൂറോപ്പിന്റെയും സമ്മർദ്ദം അഗവണിച്ചുള്ള മോദിയുടെ നീക്കം വിജയകരം; ജൂലായ് മാസത്തിൽ ഇന്ത്യയിലേയ്ക്കുള്ള രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വില കുതിച്ചുകയറിയപ്പോഴും നേട്ടം കൊയ്തത് ഇന്ത്യ. ആഗോള വ്യാപകമായ എണ്ണവില ഉയർന്നപ്പോഴും ഇന്ത്യ കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. റഷ്യയുമായുള്ള ഇടപാടുമായി മുന്നോട്ടു പോയതാണ് രാജ്യത്തിന് ഗുണകരമായി മാറിയത്. കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ ലാഭിച്ചത് 35,000 കോടിയോളം രൂപയാണ്.
പരമ്പരാഗതമായി എണ്ണ വാങ്ങിയിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഉപരോധവുമായെത്തിയപ്പോൾ റഷ്യ വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്തതാണ് ഇന്ത്യ നേട്ടമാക്കിയത്. യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള സമ്മർദം അവഗണിച്ചാണ് റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ചൈനക്കു പുറമെ റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ.
രാജ്യത്തെ ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമായിരുന്നു നേരത്തെ റഷ്യയിൽനിന്നുള്ള ഇറക്കുമതി. യുദ്ധം തുടങ്ങിയതോടെ 12ശതമാനത്തിലേറെയായി. ഇനിയും ഈ എണ്ണ ഇറക്കുമതി തുടരാനാണ് ഇന്ത്യൻ ശ്രമം. ജൂലായിൽ ഇന്ത്യയിലേയ്ക്കുള്ള രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ. സൗദി അറേബ്യ മൂന്നാമതുമെത്തി. നിലവിലെ കണക്കു പ്രകാരം എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇറാഖ് ഒന്നാമതും സൗദി രണ്ടാമതും റഷ്യ മൂന്നാമതുമാണ്. ഏപ്രിൽ-ജൂലായ് കാലയളവിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കഴിഞ്ഞവർഷം ഇതേ കാലയളവിലെ 10,350 കോടി(1.3 ബില്യൺ ഡോളർ) രൂപയിൽനിന്ന് 89,235 കോടി(11.2 ബില്യൺ ഡോളർ)രൂപയിലേയ്ക്ക് ഉയർന്നതായി വാണിജ്യ മന്ത്രാലയത്തിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തെ ആവശ്യത്തിന്റെ 83ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ സമ്പദ്ഘടനയെ ദുർബലമാക്കുന്ന അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യയെ സമ്പന്ധിച്ചെടുത്തോളും നിർണായകമാണ്. ഇറക്കുമതി ബിൽ താഴ്ന്നതോടെ ഡോളർ ആവശ്യകത കുറയ്ക്കാനും വ്യാപാര കമ്മി നിയന്ത്രിക്കാനും ഒരു പരിധിവരെ സർക്കാരിനായി.
വില പേശലിലൂടെ ക്രൂഡ് ഓയിൽ ഇടപാടിൽ രണ്ടാം തവണയാണ് ഇന്ത്യ നേട്ടമുണ്ടാക്കുന്നത്. 2020 ഏപ്രിലിൽ കോവിഡ് മൂലം ലോകം അടച്ചിട്ടതിനെതുടർന്ന് വിലയിടിഞ്ഞപ്പോൾ വൻതോതിൽ എണ്ണ ശേഖരിച്ചിരുന്നു. പിന്നീട് വില ഉയർന്നപ്പോൾ 25,000 കോടി രൂപയുടെ നേട്ടമാണ് ഇതിലൂടെ രാജ്യത്തിന് നേടാനായത്. അതേസമയം ക്രൂഡ് ഇറക്കുമതി രാജ്യത്തിന് സാമ്പത്തിക ലാഭം നൽകിയപ്പോഴും പെട്രോൾ, ഡീസൽ വില രാജ്യത്ത് കാര്യമായി കുറഞ്ഞിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെയും ഡബ്ല്യുടിഐയുടെയും വില ആഗോള തലത്തിൽ കുറഞ്ഞിട്ടുണ്ട്. ഇത് ആഭ്യന്തര റീട്ടെയിൽ വിപണിയിലും പ്രതിഫലിച്ചേക്കുമെന്ന് സൂചനകളുണ്ട്. സർക്കാർ എണ്ണക്കമ്പനികൾ പുറത്തുവിട്ട ഏറ്റവും പുതിയ നിരക്ക് അനുസരിച്ച്, ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തെ നാല് മെട്രോകളിൽ ഇന്നും എണ്ണ വിലയിൽ മാറ്റമില്ല.
മെയ് 22നാണ് ധനമന്ത്രി നിർമല സീതാരാമൻ, പെട്രോൾ ലിറ്ററിന് എട്ടു രൂപയും, ഡീസലിന് ആറ് രൂപയും കുറച്ചത്. ഇതിനിടെ മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാർ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും മൂല്യവർധിത നികുതി (വാറ്റ്) കുറച്ചതിനെത്തുടർന്ന് വില വീണ്ടും കുറഞ്ഞു. സംസ്ഥാന സർക്കാർ ഈടാക്കുന്ന വാറ്റ് അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങൾ തോറും വ്യത്യാസപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 96.72 രൂപയായപ്പോൾ ഡീസൽ വില 89.62 രൂപയായി. മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 106.31 രൂപയും ഡീസൽ വില 94.27 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 106.03 രൂപയായപ്പോൾ ഡീസൽ വില ലിറ്ററിന് 92.76 രൂപയായി. ചെന്നൈയിൽ പെട്രോൾ വില ലിറ്ററിന് 102.63 രൂപയിലും ഡീസൽ വില ലിറ്ററിന് 94.24 രൂപയിലും തുടരുകയാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 101.94 രൂപയായപ്പോൾ ഡീസൽ വില 87.89 രൂപയായി.
2023 ഏപ്രിൽ മുതൽ തിരഞ്ഞെടുത്ത പെട്രോൾ പമ്പുകളിൽ 20 ശതമാനം എത്തനോൾ ഉപയോഗിച്ച് പെട്രോൾ വിതരണം ചെയ്യാൻ ആരംഭിക്കും. എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, പാരിസ്ഥിതിക പ്രശ്‌നങ്ങൾ പരിഹരിക്കാനും കൂടിയാണ് ശ്രമം. ഇത് പെട്രോൾ വിതരണം വർദ്ധിപ്പിക്കും. 2025 ഓടെ പെട്രോളിന്റെ അഞ്ചിലൊന്ന് എത്തനോൾ കൊണ്ട് നിർമ്മിക്കുമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. 'ഋ20 പെട്രോൾ (20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ) ചെറിയ അളവിൽ 2023 ഏപ്രിൽ മുതൽ ലഭ്യമാകും. ബാക്കിയുള്ള ഇടങ്ങളിൽ 2025 ഓടെ എത്തും,'' അദ്ദേഹം പറഞ്ഞു.