ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ മുനമ്പിലെ സമീപകാല പോരാട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ നെതന്യാഹു, അജിത് ഡോവലുമായി പങ്കുവച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തെക്കുറിച്ചും മാനുഷിക സഹായത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടിക്കാഴ്ചയെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡയറക്ടർ, പ്രധാനമന്ത്രിയുടെ വിദേശനയ ഉപദേഷ്ടാവ്, ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. അതേസമയം ഹമാസിനെതിരായ പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വിജയം കാണാതെ ഇസ്രയേൽ സൈനികർ മടങ്ങില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസവും നെതന്യാഹു ആവർത്തിച്ചു.

13,000ത്തിലധികം ഹമാസ് ഭീകരരെ പോരാട്ടത്തിൽ വധിക്കാനായെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഗസ്സയുടെ തെക്കൻ മുനമ്പിൽ ആക്രമണം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നെതന്യാഹു വ്യക്തമാക്കി. ' ഇസ്രയേൽ ഇന്ന് വിജയത്തോട് വളരെ അടുത്ത് നിൽക്കുകയാണ്. റഫയിൽ അവശേഷിക്കുന്ന ഭീകര ബറ്റാലിയനുകൾക്കെതിരെ സൈനിക നടപടി ആരംഭിക്കുകയാണ്. ആഴ്‌ച്ചകൾക്കുള്ളിൽ ഇതിൽ വിജയം നേടുമെന്നും" നെതന്യാഹു പറയുന്നു.

അതിനിടെ ഗസ്സയിലെ യുദ്ധത്തെ സമീപിക്കുന്ന രീതിയിലൂടെ, ഇസ്രയേലിനെ സഹായിക്കുന്നതിനെക്കാൾ ദ്രോഹിക്കുകയാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇസ്രയേലിന്റെ നടപടിയുടെ ഫലമായി ഗസ്സയിൽ പൊലിയുന്ന നിരപരാധികളുടെ ജീവന് നെതന്യാഹു കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. യു.എസ്. വാർത്താ ചാനലായ എം.എസ്.എൻ.ബി.സി.ക്കു നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ പരാമർശം.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനെ പിന്തുണച്ച വ്യക്തിയാണ് ബൈഡൻ. എന്നാൽ, ഗസ്സയിലെ സാധാരണക്കാരുടെ മരണം ഇസ്രയേലിനുള്ള അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടുത്തുമെന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, നെതന്യാഹു ഇതു വകവെക്കുന്നില്ല.

ഗസ്സയിലെ മരണങ്ങൾ ഇസ്രയേലിന്റെ വലിയ തെറ്റാണെന്ന് ബൈഡൻ പറഞ്ഞു. 13 ലക്ഷം ഫലസ്തീൻകാർ അഭയംതേടിയിരിക്കുന്ന റാഫയെ ആക്രമിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം എതിർത്തു. എന്നാൽ, ഇസ്രയേലിന് അയൺ ഡോം പോലുള്ള പ്രതിരോധ മിസൈലുകൾ നൽകുന്നത് അവിടത്തെ പൗരരുടെ സംരക്ഷണത്തെക്കരുതി തുടരുമെന്ന് ബൈഡൻ പറഞ്ഞു.