- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കിയെങ്കിലും കിട്ടിയത് കടുപ്പമേറിയ ജയിൽശിക്ഷ; നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷയെന്ന് റിപ്പോർട്ട്; കുറഞ്ഞ ശിക്ഷ തിരുവനന്തപുരം സ്വദേശിക്ക്?
ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷ വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ ശിക്ഷ ലഘൂകരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഇന്ത്യൻ എക്സ്‌പ്രസാണ് ശിക്ഷയുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നത്. മൂന്നുവർഷം മുതൽ 25 വർഷം വരെയാണ് നാവികർക്ക് ജയിൽ ശിക്ഷ നൽകിയിരിക്കുന്നത്.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണെന്നാണ് പുറത്തുവന്ന വിവരം. ചാരവൃത്തി ആരോപിക്കപ്പെട്ട് തടവിലാക്കിയ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥർക്ക് ഖത്തറിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. എട്ടുപേരിൽ ഒരാൾ 25 വർഷം ജയിലഴിക്കുള്ളിലാകും. നാല് പേർക്ക് 15 വർഷം തടവ് ശിക്ഷയും, രണ്ടുപേർക്ക് 10 വർഷവും, ഒരാൾക്ക് മൂന്നുവർഷവുമാണ് തടവ് ശിക്ഷ. നാവികനായ രാഗേഷ് ഗോപകുമാറിനാണ് ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയിരിക്കുന്നത്. ഏറ്റവും കടുത്ത ശിക്ഷയായ 25 വർഷം തടവ് കിട്ടിയത് ദഹ്‌റ ഗ്ലോബലിന്റെ എംഡിയായി ജോലി ചെയ്ത ഓഫീസർക്കാണ്.
എന്നാൽ, വിധിയുടെ പൂർണരൂപം കിട്ടിയ ശേഷം കൂടുതൽ വിശദാംശങ്ങൾ നൽകാമെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഇന്ന് പ്രതികരിച്ചത്. കേസിന്റെ രഹസ്യാത്മക സ്വഭാവം അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.ഊഹാപോഹങ്ങളിൽ ഏർപ്പെടരുതെന്നും ബാഗ്ചി അഭ്യർത്ഥിച്ചു.
അതേസമയം, 16 മാസമായി തടവിൽ കഴിയുന്ന നാവിക സേന ഉദ്യോഗസ്ഥരുടെ ആരോഗ്യനില മോശമായി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മിക്കവരും 56 വയസിന് മേൽ പ്രായമുള്ളവരാണ്. ചിലർക്ക് പ്രമേഹവും, രക്തസമ്മർദ്ദവും ഉള്ളവരാണ്. ചില തടവുകാരുമായി കുടുംബാംഗങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വധശിക്ഷ റദ്ദാക്കിയെങ്കിലും, ഇനിയും തടവറയിൽ കഴിയണമെന്ന യാഥാർഥ്യം കുടുംബങ്ങളെ വേട്ടയാടുന്നു.
ഖത്തറുമായി ഇന്ത്യ 2015 ൽ ഒപ്പിട്ട കരാർ പ്രകാരം മുൻനാവികരെ തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരമൊരു കരാർ നിലവിൽ ഉണ്ടെങ്കിലും, ഖത്തർ അത് അംഗീകരിച്ചാൽ മാത്രമേ നാവികരെ മടക്കിക്കൊണ്ടുവരാനാകൂ എന്നാണ് ബാഗ്ചി പ്രതികരിച്ചത്. ഇക്കാര്യത്തിൽ, ഏതായാലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ തടവിലാക്കിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ ഹർജികളിൽ കോടതി വാദംകേട്ടു. ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചചെയ്തിരുന്നു
സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധിച്ചത്. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 26-നാണ് ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൽട്ടിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
ഇന്ത്യൻ നാവികസേനയിൽ 20 വർഷം വരെ ജോലി ചെയ്തവരാണ് പിടിക്കപ്പെട്ടവർ. സേനയിലെ ഇൻസ്ട്രക്ടർമാരുടേതുൾപ്പെടെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചവരാണ് ഇവർ. കസ്റ്റഡിയിലെടുത്ത മുൻ ഉദ്യോഗസ്ഥരിൽ ഒരാളുടെ സഹോദരി മീതു ഭാർഗവ തന്റെ സഹോദരനെ തിരികെ കൊണ്ടുവരാൻ സർക്കാരിന്റെ സഹായം തേടിയിരുന്നു. വിഷയത്തിൽ ഇടപെടണമെന്ന് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ