ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും രംഗത്ത്. വ്യാഴാഴ്ച യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് മക്രോ തന്റെ ആവശ്യം മുന്നോട്ടു വച്ചത്. നേരത്തെ ചൈനയൊഴികെയുള്ള സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇതിനു പിന്നാലെയാണു ഫ്രാന്‍സും ഇന്ത്യക്ക് അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നത്.

'സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുന്നതിന് ഫ്രാന്‍സ് അനുകൂലമാണ്. സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തണം. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സുരക്ഷാ കൗണ്‍സിലിന്റെ കാര്യക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്' ഇമ്മാനുവല്‍ മക്രോ പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം, ഇസ്രയേല്‍ - ഹമാസ് യുദ്ധം, ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിന്റെ ആവശ്യം. ഇന്ത്യക്ക് പുറമേ ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ രാജ്യാന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതില്‍ യുഎന്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഈ ഘട്ടത്തില്‍ സുരക്ഷാ സമിതിയുടെ ഫലപ്രാപ്തിയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ അംഗങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുകയെന്ന പരിഷ്‌കാരമാണു നടപ്പാക്കേണ്ടതെന്നും മക്രോ പറഞ്ഞു. നേരത്തെ ലോക സമാധാന പരിപാലനത്തിന് ഇന്ത്യയുടെ സുപ്രധാന സംഭാവനകളെ കുറിച്ച് യുഎന്‍ പൊതുസഭയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എടുത്തു പറഞ്ഞിരുന്നു.

അഞ്ച് സ്ഥിരാംഗങ്ങളുള്ള ഐക്യരാഷ്ട്രം സംഘടനയുടെ യുഎന്‍ സുരക്ഷാ സമിതിയില്‍, ചൈന ഒഴികെയുള്ള എല്ലാ സ്ഥിരാംഗങ്ങളും വിപുലീകരണത്തെ ഏതെങ്കിലും വിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12, 2021-22 കാലഘട്ടങ്ങളില്‍ സുരക്ഷാസമിതിയില്‍ ഇന്ത്യയെ താല്‍ക്കാലിക അംഗമായി ഉള്‍പ്പെടുത്തിയിരുന്നു.

യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി അറിയിച്ചിരുന്നു. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ പൊതുസഭയില്‍ വ്യക്തമാക്കിയിരുന്നു. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ അമേരിക്കയുടെ നിലപാട് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങണമെന്നും അമേരിക്ക യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, ന്യൂയോര്‍ക്കില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.