- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈന് 4.3 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നൽകി യൂറോപ്യൻ യൂണിയൻ
ലണ്ടൻ: ഹംഗറിയുടെ എതിർപ്പ് പരിഹരിച്ച്, യുദ്ധസാഹചര്യത്തിലുള്ള യുക്രെയിനിന് ധനസഹായം നൽകാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നു. വ്യാഴാഴ്‌ച്ച നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബാന് അവസാനം യൂണിയന്റെ തീരുമാനത്തിന് വഴങ്ങേണ്ടതായി വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിയമപരമായ ഒരു സസ്പെൻഷൻ വരെ ഹംഗറിക്ക് നേരിടേണ്ടി വന്നേക്കാം എന്ന മുന്നറിയിപ്പ് പോലും ചില അംഗ രാജ്യങ്ങൾ നൽകുകയുണ്ടായി പോലും.
വ്യാഴാഴ്‌ച്ച നടന്ന അടിയന്തിര ഉച്ചകോടി പക്ഷെ കേവലം ഒരു മണിക്കൂർ മാത്രമെ നീണ്ടു നിന്നുള്ളു. 27 നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ഏകനായി, യുക്രെയിന് സഹായം നൽകുന്നതിനെ ആഴ്‌ച്ചകളോളം എതിർത്ത ഓർബാൻ, ഈ ഒരുമണിക്കൂറിൽ തന്റെ സമ്മതവും അറിയിക്കുകയായിരുന്നു. 50 ബില്യൻ യൂറോ (54 ബില്യൻ പൗണ്ട്) യുടെ സഹായമായിരിക്കും യൂറോപ്യൻ യൂണിയൻ യുക്രെയിന് നൽകുക.
ഈ തീരുമാനം യുക്രെയിനും യൂറോപ്യൻ യൂണിയനും ഒരുപോലെ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ഈ തുക, അടുത്ത നാല് വർഷക്കാലത്തേക്ക് യുക്രെയിന്റെ സമ്പദ്ഘടന സജീവമായി നിൽക്കാൻ സഹായിക്കും. അമേരിക്കൻ സഹായം കോൺഗ്രസ്സിൽ തീരുമാനമാകാതിരിക്കുന്ന സാഹചര്യത്തിൽ ഇത് യുക്രെയിനെ ഏറെ സഹായിക്കും. അതിനൊപ്പം, റഷ്യക്കെതിരെ, യുക്രെയിനെ പിന്തുണച്ചുകൊണ്ട് ഉറച്ചു നിൽക്കുന്ന യൂറൊപ്യൻ യൂണിയന്റെ ഐക്യത്തിന്റെ പരസ്യ പ്രകടനമാവുകയും ചെയ്തു.
ഈ ഒരു തീരുമാനത്തിലെത്താൻ, യൂറോപ്പിലെ പ്രധാന നേതാക്കൾ എല്ലാവരും തന്നെ ഓർബാനുമായി ചർച്ചകൾ നടത്തിയതായി അറിയുന്നു. കൂടുതൽ കർശനമായ നിലപാടെടുത്തത് യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ചാൾസ് മിഷേൽ ആയിരുന്നു. യുക്രെയിൻ ഫണ്ടുമായി ബന്ധപ്പെട്ട് വാർഷിക വീറ്റോ അധികാരം ഉപയോഗിക്കണം എന്ന ഹംഗറിയുടെ ആവശ്യം അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല, യൂറോപ്യൻ യൂണിയന്റെ നിയമങ്ങളിലെ ചില അസാധാരണ വകുപ്പുകൾ ഉപയോഗിച്ച്, ഓർബാന്റെ വോട്ടിങ് അവകാശം തന്നെ എടുത്തുകളയുന്നതിനുള്ള ശ്രമങ്ങൾ ചില രാജ്യങ്ങൾ ആരംഭിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി എന്ന് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പിന്നീട് തന്റെ തീവ്ര വലതുപക്ഷ ആദർശവുമായി ഏറെ ഒത്തുപോകുന്ന ഉറ്റസുഹൃത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനിയുമായി അദ്ദേഹംബുധനാഴ്‌ച്ച വൈകിട്ട് കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ബ്രസ്സൽസിലെ ഹോട്ടൽ അമിഗോയുടെ എക്സിക്യുട്ടീവ് സ്യുട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച. യൂറോപ്യൻ യൂണിയൻ തീരുമാനത്തോട് ഒപ്പം ചേർന്ന് നിന്നാൽ, നേടാൻ ഏറെയുണ്ടെന്ന് മെലോണി ഓർബാനെ പറഞ്ഞു മനസ്സിലാക്കിക്കുകയായിരുന്നു.
യുക്രെയിൻ ഫണ്ടിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ 2025- ലെ വിശകലന സമയത്ത് ചർച്ച ചെയ്യാമെന്നും, ഇപ്പോൾ അക്കാര്യം ചൂഴ്ന്ന് നോക്കേണ്ട സമയമല്ലെന്നും മെലോനി അദ്ദേഹത്തെ അറിയിച്ചു. പിന്നീടുള്ള ഊഴം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെതായിരുന്നു. തുടർന്ന് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ട്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസെന്നിവരുമായും ചർച്ച ചെയ്തതോടെ യുക്രെയിന് ധനസഹായം നൽകുന്നതിന് ഹംഗറിയും സമ്മതം മൂളുകയായിരുന്നു.
അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഏറെ ക്ലേശിക്കുന്ന യുക്രെയിന് വലിയൊരു സഹായമാണ് ഈ ഫണ്ടിങ്. വായ്പയായും ധനസഹായമായും അടുത്ത നാല് വർഷക്കാലം കൊണ്ടാണ് ഈ തുക നൽകുക. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനും ദീർഘകാല ബജറ്റ് തയ്യാറാക്കുന്നതിനും ഈ തുക ഉപകാരപ്പെടും. ചർച്ചകൾ ആരംഭിക്കുമ്പോൾ തന്നെ, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓർബാൻ ഈ നീക്കത്തെ എതിർത്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന ചർച്ചയിലും യുക്രെയിന് ധനസഹായം നൽകുന്നതിന്റെ അദ്ദേഹം എതിർത്തിരുന്നു.
ഇതിന് മുൻപ് പലപ്പോഴും ഹംഗറിയും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും തമ്മിൽ നിരവധി വിഷയങ്ങളിൽ കലഹങ്ങൾ ഉണ്ടായിട്ടുണ്ട്. റോൾ, ഓഫ് ലോ, അഴിമതി, ന്യുനപക്ഷ അവകാശം എന്നി വിഷയങ്ങളിലെല്ലാം ഹംഗറി യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളുമായി കൊമ്പുകോർത്തിരുന്നു. തുടർന്ന് യൂറോപ്യൻ യൂണിയന്റെ നിയമങ്ങളും മൂല്യങ്ങളും അനുസരിക്കുന്നത് വരെ ഏതാണ് 20 മില്യൻ യൂറോയുടെ സഹായം ഹംഗറിക്ക് വിലക്കുകയും ചെയ്തിരുന്നു.
അതുപോലെ, റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിലും, സ്വീഡന്റെ നാറ്റോ പ്രവേശനത്തിലും ഹംഗറി യൂറോപ്യൻ രാജ്യങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റഷ്യ ഒരിക്കലും യൂറോപ്പിന് ഒരു ഭീഷണിയാവില്ലെന്നാണ് ഓർബാന്റെ പക്ഷം. അതുകൊണ്ടു തന്നെ യുക്രെയിനെ പിന്താങ്ങേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ തീരുമാന പ്രകാരം യുക്രെയിൻ ഈ ഫണ്ട് എപ്രകാരം ഉപയോഗിച്ചു എന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ കമ്മീഷൻ ഒരു റിപ്പോർട്ട് തയ്യാറാക്കും. അംഗരാജ്യങ്ങൾക്ക് ആ റിപ്പോർട്ട് ചർച്ചക്കെടുത്ത് ആശങ്കകൾ ഉണ്ടെങ്കിൽ രേഖപ്പെടുത്താം. ഈ സഹായം ഇനി യൂറോപ്യൻ പാർലമെന്റിൽ പാസാകേണ്ടതുണ്ട്.