- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് ഐഎസ് പോലൊരു ഭീകര സംഘടന; ഹമാസിലെ അംഗങ്ങൾ 'മരിച്ച മനുഷ്യർ'; ഹമാസുകാരെ മുഴുവൻ കൊന്നൊടുക്കുമെന്ന് പ്രഖ്യാപിച്ചു നെതന്യാഹു; അപായ സൈറൺ കേട്ട് കെട്ടിടത്തിൽ ഓടിക്കയറി യു.കെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലി; ഗസ്സയിൽ മാത്രം മരണം 1200 കടന്നതായി റിപ്പോർട്ട്
ടെൽ അവീവ്: ഹമാസിനെതിരെ അതിശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സംഘടനയിലെ മുഴുവൻ ആളുകളെയും കൊന്നൊടുക്കുമെന്നാണ് നെതന്യാഹും പരസ്യമായി പ്രഖ്യാപിച്ചത്. ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹമാസ് ഭീകര സംഘടനയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
ഹമാസിലെ അംഗങ്ങൾ ഓരോരുത്തരും 'മരിച്ച മനുഷ്യർ' ആണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ എല്ലാവരേയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു അഭിപ്രായപ്പെടുന്നത് ഇതാദ്യമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഐ.എസ്‌ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു പറഞ്ഞു. ലോകം ഐ.എസിനെ ഏത് രീതിയിൽ നശിപ്പിച്ചോ, അതേ രീതിയിൽ ഇസ്രയേൽ ഹമാസിനെ തകർക്കും, നെതന്യാഹു പറഞ്ഞു. ശത്രുവിനെ നേരിടാൻ ഭരണ-പ്രതിപക്ഷം ഒന്നിച്ച് യുദ്ധ കാബിനറ്റ് രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
അതിനിടെ, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേൽ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഇസ്രയേൽ സന്ദർശിക്കാനെത്തിയ യു.കെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലി പറഞ്ഞു. സന്ദർശനത്തിനിടെ റോക്കറ്റ് ആക്രമണത്തിന് മുന്നോടിയായുള്ള അപായ സൈറൺ മുഴങ്ങിയതോടെ അദ്ദേഹം സമീപത്തെ കെട്ടിടത്തിൽ അഭയം തേടാൻ നിർബന്ധിതനായി. ഈ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേലിലെ ജനങ്ങൾ ഓരോ ദിവസവും അഭിമുഖീകരിക്കുന്നതെന്തെന്ന് തിരിച്ചറിയാനായെന്ന് ഇതിനുപിന്നാലെ അദ്ദേഹം പറഞ്ഞു. അതിന്റെ നേർക്കാഴ്ചയാണ് ഇന്ന് കണ്ടത്. ഹമാസ് റോക്കറ്റുകളുടെ ഭീഷണി ഓരോ ഇസ്രയേലി പൗരന്റെയും മേലുണ്ട്. അതിനാലാണ് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്- ജയിംസ് ക്ലെവർലി എക്‌സിൽ കുറിച്ചു.
അതേസമയം ഇസ്രയേൽ കനത്ത വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ മരണം 1200 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അൽ-റീഷ് പറഞ്ഞു. ഗസ്സയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ആറാം ദിവസവും ഇസ്രയേൽ ആക്രമണം തുടരുകയാണ്. അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവർ 1200 ആയി.
ഗസ്സയിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയാണ്. ആശുപത്രികളുടെ നിലത്ത് ഉൾപ്പെടെ കിടത്തിയാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്. ഇസ്രയേൽ പ്രഖ്യാപിച്ച സമ്പൂർണ ഉപരോധം സാഹചര്യങ്ങൾ അങ്ങേയറ്റം ദുരന്തപൂർണമാക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.
ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂർണ ഉപരോധമാണ് ഇസ്രയേൽ പ്രഖ്യാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി പൂർണമായും നിലക്കുമെന്നാണ് റിപ്പോർട്ട്. ഇന്ധനം തടഞ്ഞതിനാൽ ഗസ്സയിലെ ഏക വൈദ്യുതികേന്ദ്രത്തിന്റെ പ്രവർത്തനം ബുധനാഴ്ച നിലച്ചു. വൈദ്യുതി നിലയ്ക്കുന്നത് ആശുപത്രികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉൾപ്പെടെ കനത്ത പ്രതിസന്ധി നേരിടും. ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തനശേഷിയുടെ അവസാന ഘട്ടത്തിലാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സെൻട്രൽ ഗസ്സയിലെ അൽ-സബ്ര, ഖാൻ യൂനിസ് സൗത്ത്, ഗസ്സയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നത്. ഗസ്സ അതിർത്തികളിൽ വൻതോതിലുള്ള സൈനികവിന്യാസം നടത്തിക്കഴിഞ്ഞു. മൂന്ന് ലക്ഷത്തോളം സൈനികരാണ് തയാറായിരിക്കുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
യു.എൻ കണക്ക് പ്രകാരം ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത് മുതൽ 3.38 ലക്ഷം പേരാണ് തെരുവിലായത്. യു.എൻ അഭയാർഥി ക്യാമ്പുകളിലും സ്‌കൂളുകളിലുമായാണ് ഇവർ കഴിയുന്നത്. ഗസ്സക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭ അധ്യക്ഷൻ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ശനിയാഴ്ച ഹമാസ് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയതോടെ ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും ഇന്ധനവും മരുന്നും എത്തുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇസ്രയേലിനും ഈജിപ്തിനുമിടയിൽ മെഡിറ്ററേനിയൻ സമുദ്രതീരത്തുകിടക്കുന്ന ഗസ്സയിലെ 23 ലക്ഷം ഫലസ്തീൻകാരുടെ ജീവിതം ഇതോടെ പൂർണമായും ദുരിതത്തിലായിട്ടുണ്ട്. തങ്ങളുടെ കരയതിർത്തിയിലൂടെ ഇവിടേക്ക് അവശ്യവസ്തുക്കളെത്തിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഈജിപ്ത് യു.എസുമായും യു.എന്നുമായും കൂടിയാലോചനനടത്തി. ഇതിന് താത്കാലിക വെടിനിർത്തൽ ആവശ്യമാണ്.
അതിനിടെയും ഹമാസിന്റെ ആക്രമണം തുടരുകയാണ്. ഗസ്സയിൽനിന്നു തൊടുത്ത റോക്കറ്റ് ഇസ്രയേലിന്റെ തെക്കുള്ള നഗരമായ ആഷ്‌കലോണിലെ കുട്ടികളുടെ ആശുപത്രിയിൽ പതിച്ചു. ആളപായമില്ലെന്ന് ആശുപത്രി വക്താവ് അറിയിച്ചു. അതിനിടെ, ലെബനനിലെ ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈലയച്ചു.
ശത്രുവിനെ നേരിടാനായി ഒന്നിക്കാനുള്ള തീരുമാനത്തിലാണ് ഇസ്രയേലിലെ ഭരണ-പ്രതിപക്ഷകക്ഷികൾ. പ്രതിപക്ഷാംഗങ്ങളെയും ചേർത്ത് അടിയന്തര ദേശീയസർക്കാർ രൂപവത്കരിക്കാനുള്ള ശ്രമത്തിന് മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷാംഗവുമായ ബെന്നി ഗാന്റ്സ് പിന്തുണയറിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്