ടെഹ്റാൻ: ഇസ്രയേലിലേക്ക് മിസൈൽ വർഷിച്ച് ഇറാന് തിരിച്ചടി നൽകി ഇസ്രയേൽ. ഇറാന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു.

ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. അപകടത്തിൽ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.

ഇസ്ഫഹൻ നഗരത്തിന് സമീപം സ്‌ഫോടനമുണ്ടായെന്ന റിപ്പോർട്ടുകൾ ഇറാൻ മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ റെവലൂഷണറി ഗാർഡുമായി അടുത്തു നിൽക്കുന്ന തസ്‌നിം വാർത്ത ഏജൻസി സ്‌ഫോടനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം.

ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇസ്രയേലിനെ പോലെ സുശക്തമായ സംവിധാനം ഇറാനില്ലെന്നതാണ് വസ്തുത. സ്‌ഫോടന വാർത്തക്ക് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്‌റാൻ, ഇസ്ഫഹൻ, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയെന്ന് വാർത്ത ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രയേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രയേലിൽ ഡ്രോണാക്രമണം നടത്തിയത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. അതേസമയം, ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ നിർദേശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ പിന്തുണക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യു.എസ് നിലപാട്.

അതിനിടെ ഇറാൻ നടത്തിയ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. ഇറാൻ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുകയും ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്ക് സമീപം വ്യോമാതിർത്തിയിലൂടെ മിസൈലുകൾ അയക്കുകയും ചെയ്തതായി 48 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അമേരിക്കയും ഇസ്രയേലും മറ്റ് 46 രാജ്യങ്ങളുമാണ് ഇറാന്റെ ആക്രമണത്തെ അസന്ദിഗ്ധമായി അപലപിച്ച് കൊണ്ടുള്ള പ്രസ്താവനയിൽ ഒപ്പുവെച്ചത്. ഏപ്രിൽ ഒന്നിന് സിറിയയിലെ ഡമാസ്‌കസിൽ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ച് മുതിർന്ന സൈനിക മേധാവികളെ കൊലപ്പെടുത്തിയതിന് പകരമായി ശനിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രയേലിനെതിരെ 300ഓളം മിസൈലുകളും ഡ്രോണുകളും അയച്ചത്.

നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ തൊടുത്തുവിട്ടത്. ഇത് കാര്യമായ നാശനഷ്ടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായേക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇറാൻ മറ്റ് നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായും ഇവർ ചൂണ്ടിക്കാട്ടി. പ്രസ്താവനയിൽ ഒപ്പിട്ടതിൽ പകുതിയിലധികവും യൂറോപ്യൻ രാജ്യങ്ങളാണ്. അമേരിക്കയ്ക്ക് പുറമേ അർജന്റീന, ഓസ്‌ട്രേലിയ, കാനഡ, ഇക്വഡോർ, ജപ്പാൻ, ന്യൂസിലാൻഡ്, മൈക്രോനേഷ്യ, പലാവു, പാപ്പുവ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.