- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി
ന്യൂഡൽഹി: ചൈനയോട് കൂട്ടുകൂടി ഇന്ത്യയോട് കൂട്ടുവെട്ടിയ മാലദ്വീപിന് പണി കിട്ടി. വേറൊന്നുമല്ല, നയതന്ത്ര തർക്കത്തിന് മുമ്പേ ഇന്ത്യൻ വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരുന്നു അങ്ങോട്ട്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെ 'ഇന്ത്യ ഔട്ട്' കാമ്പെയ്നും ഇവിടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരം നേടിയ 'മാലദ്വീപ് ബഹിഷ്‌കരിക്കൂ' ലക്ഷദ്വീപ് സന്ദർശിക്കു, ട്രെൻഡിനും ശേഷം പുതിയ കണക്കുകൾ വന്നപ്പോളാണ് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ കുറവ് ബോധ്യപ്പെട്ടത്.
കഴിഞ്ഞ വർഷം ഇതേകാലയളവിൽ ( ജനുവരി-മാർച്ച്) 56,208 ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിൽ എത്തിയെങ്കിൽ, ഇക്കുറി 34,847 പേർ മാത്രമേ എത്തിയുള്ളു. 2019 നെ അപേക്ഷിച്ച് 38 ശതമാനം കുറവ്. അന്ന് 36,053 ഇന്ത്യൻ വിനോദ സഞ്ചാരികൾ അവിടെ എത്തിയിരുന്നു. കോവിഡിന് ശേഷം 2021 മുതൽ 2023 വരെ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ മാലദ്വീപിന്റെ വലിയ വരുമാന സ്രോതസായിരുന്നു. ഈ വർഷം മുതൽ കുറവ് അനുഭവപ്പെട്ടുതുടങ്ങി.
മുഹമ്മദ് മുയിസുവിന്റെ ഇന്ത്യ ഔട്ട് ക്യാമ്പെയിന് പുറമേ ബോയ്‌ക്കോട്ട് മാലദ്വീപ് ട്രെൻഡും പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും കൂടിയായപ്പോൾ കാര്യങ്ങൾ ഒരുവഴിക്കായി. സെലിബ്രിറ്റികളോ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സോ മാത്രമല്ല ട്രാവൽ ഏജൻസികളും ട്രെൻഡിനൊപ്പം ചേർന്നു. ഇതുവെറും സോഷ്യൽ മീഡിയ ഹൈപ്പാണോ യാഥാർഥ്യമാണോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ, കണക്കുകൾ തെളിയിക്കുന്നത് ട്രെൻഡ് സത്യമാണെന്നാണ്.
ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾ കുറഞ്ഞതോടെ ചൈനക്കാർ വീണ്ടും മാലദ്വീപിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കൂടുതലായി. കണക്കുകൾ പ്രകാരം 2018ൽ ഒരു ലക്ഷം ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിച്ചു. ചൈന-2.83 ലക്ഷം. 2019ൽ ഇന്ത്യൻ സഞ്ചാരികൾ 1.6 ലക്ഷമായി ഉയർന്നു. ചൈന-മാറ്റമില്ല. 2021-ൽ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 2.91 ലക്ഷമായി ഉയർന്നു. ഇതോടെ രാജ്യം കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ചൈനയിൽ നിന്ന് 2238 പേർ മാത്രമേ എത്തിയുള്ളു. ഇതിന് പുറമേ മാലദ്വീപിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
ദേശീയ വാദം മാത്രമല്ല, മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം കുറയാൻ കാരണം. വിയറ്റ്‌നാമും ഇന്തോനേഷ്യയും വിസ നിയമങ്ങളിൽ ഇളവ് വരുത്തി. വിസയില്ലാതെ തായ്‌ലൻഡിലേക്കും, മലേഷ്യയിലേക്കും പോകാം. മാലദ്വീപ് ചെലവേറിയ വിനോദ സഞ്ചാര കേന്ദ്രമാണെന്നതും ഇന്ത്യാക്കാരെ പുറകോട്ടുവലിക്കുന്നു.