ഡമാസ്‌കസ്: ബഷര്‍ അല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കി വിമത ഗ്രൂപ്പായ എച്.ടി.എസ് ഭരണം പിടിച്ച സിറിയയുടെ പുതിയ ഭരണകൂടം റഷ്യ - ഇറാന്‍ വിരുദ്ധ ചേരിയിലേക്കോ?. സിറിയന്‍ ജനതയ്ക്ക് രാഷ്ട്രം പുനര്‍നിര്‍മിക്കാന്‍ ലഭിച്ച ചരിത്രപരമായ അവസരമാണിതെന്ന സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നല്‍കുന്നത് വിമതസേനയുടെ ഭരണത്തെ അമേരിക്ക പിന്താങ്ങുന്നുവെന്നാണ്. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ സഹയാവും നല്‍കുമെന്ന് ജോ ബൈഡന്‍ പറയുന്നു.

പതിമൂന്ന് വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിനൊടുവില്‍ ക്രൂരമായ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നു. ' അല്‍ അസദ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല, പക്ഷെ മോസ്‌കോയില്‍ അഭയം തേടിയെന്ന് വാര്‍ത്തകളുണ്ട്. അവസാനം അസദ് ഭരണത്തിന് അന്ത്യമായി എന്നായിരുന്നു ബൈഡന്റെ വാക്കുകള്‍. 54വര്‍ഷത്തെ കുടുംബവാഴ്ചയ്ക്ക് തിരശ്ശീലയിട്ട് വിമതസേന സിറിയയുടെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രതികരണം.

ഈ ഭരണകൂടം ലക്ഷക്കണക്കിന് നിരപരാധികളായ സിറിയക്കാരെ ക്രൂരമായി കൊലപ്പെടുത്തി. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് അടിസ്ഥാന നീതിയാണ്. സിറിയയിലെ ജനങ്ങള്‍ക്ക് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ രാജ്യത്തിന് അഭിമാനകരമായ ഭാവി പടുത്തുയര്‍ത്താന്‍ ജനതയ്ക്ക് ലഭിച്ച ചരിത്രപരമായ അവസരമാണിതെന്നും ബൈഡന്‍ പറഞ്ഞു. ഒരേസമയം ഈ സംഭവവികാസങ്ങള്‍ അപകടസാധ്യയുള്ളതാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സിറിയയില്‍ നല്ലമാറ്റം കൊണ്ടുവരാന്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അസദ് ഭരണകൂടം വരുത്തിയ പാളിച്ചകള്‍ പുതിയ നേതൃത്വം വരുത്തില്ലെന്നാണ് കണക്കൂകൂട്ടുന്നത്. വരും ദിവസങ്ങളിലും മേഖലയിലെ നേതാക്കളുമായി സംസാരിക്കും. ഇന്ന് രാവിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥരെ അങ്ങോട്ട് അയക്കുമെന്നും ബൈഡന്‍ പറഞ്ഞു

അതേ സമയം സിറിയയിലെ ഐ എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യു എസ് നടത്തിയ വ്യോമാക്രമണം ഭരണം പിടിച്ച സിറിയയില്‍ ഭീകര സംഘടനകള്‍ പിടിമുറുക്കാതിരിക്കാനും സുരക്ഷിത താവളമാക്കുന്നത് തടയാനുമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ഐഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രണം നടത്തിയതായും സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

നേതാക്കളും താവളങ്ങളുമടക്കം 75ലധികം ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അവകാശപ്പെടുന്നത്. അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച ഐ.എസ്.ഐ.സിന്റെ സിറിയയിലെ വിഭാഗമാണ് ഐ.എസ്.ഐ.എല്‍. ബോയിംഗ് ബി-52, മക്ഡൊണല്‍ ഡഗ്ലസ് എഫ്-15 ഈഗിള്‍ എന്നിവയുള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്നും സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റതായി സൂചനയില്ലെന്നും സെന്റ്‌കോം വിശദീകരിക്കുന്നു. വിമതര്‍ ഭരണം പിടിച്ചടക്കിയതിന് പിന്നാലെ സിറിയയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്ന് തീവ്രവാദി സംഘങ്ങള്‍ എത്താന്‍ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വിലയിരുത്തലാണ് ആക്രമണത്തിന് പിന്നില്‍.

സിറിയയിലെ വിമതസേനയുടെ ഭരണത്തെ അമേരിക്ക പിന്താങ്ങുന്നുവെന്ന സൂചനയാണ് ഞായറാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുന്നത്. ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച സിറിയല്‍ ജനതക്ക് അസദിനെ വീഴ്ത്തി ഭരണം പിടിച്ച എച്.ടി.എസിന്റെ കൈകളിലൂടെ അഭിമാനകരമായ ഭാവി സൃഷ്ടിക്കാന്‍ കിട്ടിയ മികച്ച അവസരമാണിത് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. റഷ്യയും ഇറാനുമടങ്ങുന്ന രാജ്യങ്ങളുടെ പിന്തുണയുള്ള ബശ്ശാറിന്റെ പതനം അമേരിക്കയുടെ പിന്തുണയുള്ള രാഷ്ട്രീയ നീക്കമാണെന്ന വിലയിരുത്തലിനെ ശരിവെക്കുന്നുണ്ട് ബൈഡന്റെ ഈ പ്രസ്താവന.

സിറിയയുടെ ഭരണം പിടിച്ചടക്കിയ എച്.ടി.എസിന്റെ തലവന്‍ അബു മുഹമ്മദ് അല്‍ ജുലാനിക്ക് ആദ്യകാലത്ത് അല്‍ ഖാഇദയോടും ഐ.എസ്.ഐ.എസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടും ബന്ധമുണ്ടായിരുന്നു. ആ ബന്ധം വിഛേദിച്ചാണ് താന്‍ സിറിയയുടെ വിമോചനത്തിനായി പോരാടുന്നതെന്ന് ജുലാനി വ്യക്തമാക്കിയിരുന്നു.

അസദിനെ താഴെയിറക്കിയ സിറിയന്‍ പ്രതിപക്ഷത്തെ നയിക്കുന്നത് ഹയാത്ത് താഹ്രിര്‍ അല്‍ഷമാണ്. ഇവര്‍ക്ക് അല്‍ഖ്വയ്ദയമായി ബന്ധമുണ്ടെന്നാണ് യുഎസ് പറയുന്നത്. എന്നാല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചെന്നാണ് സിറിയയില്‍ അധികാരം പിടിച്ചെടുത്ത വിമതസേന ഹയാത്ത് താഹ്രിര്‍ അല്‍ഷ പറയുന്നത്.