- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡക്കാർക്കുള്ള വിസ നിർത്തിവെച്ചതോടെ ആശങ്കയിലായത് കാനഡ പൗരന്മാരായ മലയാളികൾ; കാനഡ സമാന നീക്കം തുടർന്നാൽ കുടിയേറാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളും പ്രതിസന്ധിയിലാകും
ന്യൂഡൽഹി: ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളാകുമ്പോൾ മലയാളികൾക്ക് എന്തുകാര്യം എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാൽ, ഈ ബന്ധം വഷളായാൽ നിരവധി മലയാളികൾക്കും ആശങ്കപ്പെടാൻ ഏറെയുണ്ട് എന്നതാണ് വസ്തുതക. കാരണം, കേരളത്തിന്റെ ഗ്രാമങ്ങളിൽ നിന്നു പോലും കാനഡയിലേക്ക് കുടിയേറിയവർ നിരവധിയുണ്ട്. ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുമ്പോൾ ആശങ്കകളും വർധിക്കുന്നുണ്ട്.
മാത്രമല്ല, കൊച്ചിയിലും കോട്ടയത്തു നിന്നും അടക്കം നിരവധി പേരാണ് സ്റ്റുഡന്റ് വിസയിലും മറ്റും കാനഡയിലേക്ക് പോകാൻ തയ്യാറായിരിക്കുന്നത്. ഒമ്പത് ലക്ഷത്തോളം വിദേശ വിദ്യാർത്ഥികളെയാണ് കാനഡ പ്രതീക്ഷിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നാകും. ഇതിൽ തന്നെ മലയാളി വിദ്യാർത്ഥികൾ ഏറെയുണ്ടാകാനും സാധ്യതയുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോഴത്തെ പശ്ചാത്തലത്തിൽ കാനഡ വെട്ടിച്ചുരുക്കുമോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.
20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം.
കാനഡക്കാർ വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചതോടെ പ്രശ്‌നം ഇനിയും വഷളാകാനുള്ള സാധ്യത കൂടുതലാണ്. പ്രവർത്തനപരമായ കാരണങ്ങളാൽ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷണലിന്റെ അറിയിപ്പിൽ പറയുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായിട്ടോ അതോ മറ്റെന്തെങ്കിലും സാങ്കേതികപരമായ കാരണങ്ങളാലാണോ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതെന്ന് വ്യക്തമല്ല.
കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങൾ നടത്തുന്ന ബിഎൽഎസ് ഇന്റർനാഷണൽ തങ്ങളുടെ കനേഡിയൻ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടും വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 'ഇന്ത്യൻ എംമ്പസിയിൽ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.' എന്നാണ് വെബ്‌സൈറ്റിലെ അറിയിപ്പ്.
കോവിഡ് -19 പാൻഡെമിക്കിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിസ താൽക്കാലികമായി നിർത്തുന്നത്. സോഷ്യൽ മീഡിയയിലൂടെുണ്ടായ ഭീഷണികളെത്തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയിലെ ജീവനക്കാരുടെ സാന്നിധ്യം താൽക്കാലികമായി ക്രമീകരിക്കുകയാണെന്ന് കാനഡ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാനഡിയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ സർക്കാറും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ സർക്കാറിന്റെ നീക്കത്തോടെ കാനഡ മലയാളികളും ആശങ്കയിലാണ്. കാനഡ പൗരത്വമെടുത്ത ആയിരിക്കണക്കിന് മലയാളികളുണ്ട്. ഇവരിൽ പലരും നാട്ടിലേക്ക് വരാൻ ഒരുക്കങ്ങൾ അടക്കം നടത്തിയവരുണ്ട്. ഇവർക്ക് ഇന്ത്യയിലേക്ക് വിസ കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനി ബുദ്ധിമുട്ടുണ്ടാകും.
ഇന്ത്യക്ക് സമാനമായ നീക്കം കാനഡയും സ്വീകരിക്കുമോയെന്നതാണ് പ്രധാന ആശങ്ക. അങ്ങനെയെങ്കിൽ കാനഡയിലേക്ക് കുടിയേറാൻ ഒരുങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം അത് വല്ലാതെ ബാധിക്കും. വിവിധ ഏജൻസികൾ കുടിയേറാൻ വേണ്ട ഒരുക്കങ്ങൾ തയ്യാറാക്കി വരുന്ന നിരവധി മലയാളികളുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ കാനഡയുടെ നിലപാടിനായി കാക്കുന്നവരാണ് മലയാളികൾ.
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച കാനഡ ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തിരുന്നു. രാജ്യത്തിനെതിരെ ട്രൂഡോ നടത്തിയ ആരോപണം അസംബന്ധമാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തിരിച്ചടിച്ചു. ഇതോടൊപ്പം തന്നെ ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞനോട് അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടാനും വിദേശ കാര്യമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇതോടയാണ് വിഷയങ്ങൾ വഷളായത്.
അതേസമയം കാനഡയ്‌ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യയുടെയും ശ്രമം. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. ഏ7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്.
തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.
ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളിൽ പ്രതികളായ അഞ്ച് ഖലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികവും സർക്കാർ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബർ കൽസ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് നൽകുക.
മറുനാടന് ഡെസ്ക്