ഖാർത്തും: സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും (ആർ എസ് എഫ്) തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം. തലസ്ഥാനമായ ഖാർത്തുമിന്റെ വടക്ക് സ്ഥിതിചെയ്യുന്ന പ്രസിഡൻഷ്യൽ കൊട്ടാരം അർധസൈനിക വിഭാഗം പിടിച്ചെടുത്തതായാണ് സുഡാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർധ സൈനിക കമാൻഡറായ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിലുണ്ടായ തർക്കങ്ങളാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. അർധസൈനിക വിഭാഗം സുഡാനിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേയ്ക്കും ആക്രമണം അഴിച്ചുവിടുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്രമണം അഴിച്ചുവിടുന്നത് സംബന്ധിച്ച് ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. ഏറ്റുമുട്ടലുകൾക്ക് കാരണം സൈന്യമാണെന്നാണ് ആർഎസ്എഫിന്റെ ആരോപണം. അതേസമയം ഏറ്റുമുട്ടൽ തുടരുകയാണെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള കടമ സൈന്യം നിർവഹിക്കുകയാണെന്നും സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ നബീൽ അബ്ദുല്ല വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു.

സൈന്യം തങ്ങൾക്കെതിരെ വ്യാപക അക്രമങ്ങൾ അഴിച്ചുവിടുകയാണെന്നാണ് ആർഎസ്എഫ് ആരോപിച്ചു.ഖാർത്തുമിലെ സോബ ക്യാമ്പിലേയ്ക്ക് വലിയ വ്യൂഹത്തെയാണ് സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് ആർ എസ് എഫ് ആരോപിച്ചു. ആർഎസ്എഫ് രാജ്യത്തുടനീളം സൈന്യത്തെ വിന്യസിക്കുന്നതിനെതിരെ സൈനിക വിഭാഗവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണിതെന്നാണ് സൈന്യം പറയുന്നത്.

കൊട്ടാരത്തിന്റെ പ്രവേശനകവാടം സൈനികർ ഉപരോധിച്ചിരിക്കുകയാണെന്നും കെട്ടിടത്തിനു ചുറ്റം ആയുധധാരികൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണങ്ങൾ തുടരുന്നതിനിടെ ഖാർത്തും, മെറോവ് വിമാനത്താവളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തതായി ആർഎസ്എഫ് പ്രസ്താവനയിൽ അവകാശപ്പെട്ടു.

അതേസമയം സ്ഥിതി ആശങ്കാജനകമായ സാഹചര്യത്തിൽ ഇന്ത്യക്കാരോട് വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സുഡാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യക്കാർ വീടുകളിൽ തന്നെ തുടരണമെന്നും പരമാവധി മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് ഖാർത്തുമിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരിക്കുന്നത്.

2000-ത്തിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ഡാർഫൂർ മേഖലയെ അടിച്ചമർത്തിയ സുഡാനിന്റെ അന്നത്തെ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ ജൻജാവീദ് സൈനിക സംഘത്തിൽ നിന്നാണ് ആർഎസ്എഫ് ഉടലെടുത്തത്. എങ്കിലും 2019 ലെ ബഷീറിന്റെ പുറത്താക്കൽ ആർഎസ്എഫിനെ ഇല്ലാതാക്കിയില്ല. ബഷീറിനു ശേഷമുള്ള സുഡാനിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളായി മാറിയിരിക്കുകയാണ് ആർഎസ്എഫിന്റെ ഇപ്പോഴത്തെ തലവൻ ഡാഗ്ലോ മാറി.

2021ൽ സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയ ബുർഹാനും സുഡാനിലെ ശക്തനായ ആർഎസ്എഫ് നേതാവ് മുഹമ്മദ് ഹംദാൻ ദാഗ്ലോയും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിൽ കരാറിലെത്തിച്ചേരാൻ ഇരു വിഭാഗവും പരാജയപ്പെട്ടതോടെയാണ് സുഡാനിൽ അർധ സൈനിക വിഭാഗവും സൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായത്.ആർഎസ്എഫിനെ സൈന്യത്തിൽ എങ്ങനെ സംയോജിപ്പിക്കണം എന്നതിനെച്ചൊല്ലി ബുർഹാനും ഡാഗ്ലോയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.